തിരുവനന്തപുരം: കോവിഡ് പ്രതിരോധ വാക്‌സിന്‍ നാളെ കേരളത്തിലെത്തും. ഉച്ചയ്ക്ക് രണ്ടുമണിയോടെ നെടുമ്പാശ്ശേരിയിലും വൈകീട്ട് ആറുമണിയോടെ തിരുവനന്തപുരത്തും വിമാനമാര്‍ഗം വാക്‌സിന്‍ എത്തും.

കേരളത്തിന് 4,35,500 വയല്‍ വാക്‌സിനാണ് ലഭിക്കുകയെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഒരു വയലില്‍ പത്തുഡോസ് വാക്‌സിനാണ് ഉണ്ടായിരിക്കുക. ഒരു വയല്‍ പൊട്ടിച്ചുകഴിഞ്ഞാല്‍ അത് ആറുമണിക്കൂറിനുളളില്‍ ഉപയോഗിക്കണം. 4,35,500 വയലില്‍ 1100 എണ്ണം മാഹിയിലേക്കുളളതാണ്. 

വാക്‌സിന്‍ സൂക്ഷിക്കാനും വിതരണത്തിനുമുളള സംവിധാനങ്ങള്‍ കേരളത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. കോഴിക്കോടും കൊച്ചിയിലും തിരുവനന്തപുരത്തും ഉളള റീജണല്‍ വാക്‌സിന്‍ കേന്ദ്രങ്ങളിലാണ്  വാക്‌സിന്‍ സംഭരിക്കുക. അവിടെ നിന്ന് പിന്നീട് ജില്ലകളിലേക്ക് എത്തിക്കും. നെടുമ്പാശ്ശേരിയിലെത്തുന്ന വാക്‌സിന്‍ റോഡ് മാര്‍ഗം കോഴിക്കോട് എത്തിക്കും. 

ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുളള കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിയിലുളളവര്‍ക്കാണ് ആദ്യം വാക്‌സിന്‍ നല്‍കുന്നത്. അഞ്ചുലക്ഷം കോവിഡ് വാക്‌സിനുകളാണ് പ്രാഥമിക ഘട്ടത്തില്‍ കേരളം ആവശ്യപ്പെട്ടിരുന്നത്. 

കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വാക്‌സിന്‍ വിതരണത്തില്‍ പ്രഥമപരിഗണന നല്‍കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. 

Content highlights: Kerala will get 4,35,500 Covid 19 vaccine vial