-
ന്യൂഡല്‍ഹി: കുടിവെള്ളം ലഭ്യമല്ലാത്ത വീടുകള്‍, ഫ്ളാറ്റുകള്‍ എന്നിവിടങ്ങളില്‍ 15 കിലോ ലിറ്റര്‍ കാനുകളില്‍ കുടിവെള്ളം സൗജന്യമായി എത്തിക്കാന്‍ ജലവിഭവ വകുപ്പ് തീരുമാനിച്ചു. ജലസേചന വകുപ്പ്, ജല അതോറിറ്റി എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.
രണ്ടാഴ്ചത്തേക്കുള്ള ക്രമീകരണങ്ങളാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുളളത്. കുടിവെളളം ആവശ്യമായ എല്ലായിടത്തും ഈ സേവനം ലഭ്യമാക്കും. നിലവിലുള്ളതിന് പുറമേ ജല അതോറിട്ടിയുടേയും ജലസേചന വകുപ്പിന്റെയും കീഴിലുള്ള 120 വാഹനങ്ങള്‍ കൂടി ഇതിനായി ഉപയോഗിക്കും. കുടിവെള്ളത്തിന് ഒപ്പം വീട്ടുകാര്‍ ആവശ്യപ്പെടുന്ന അവശ്യസാധനങ്ങളും വാങ്ങി നല്‍കും. ഇതിനുള്ള തുക വീട്ടുകാര്‍ നല്‍കേണ്ടിവരും. ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ എല്ലാ ജില്ലകളിലും ജല അതോറിട്ടി നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കും. ഈ കാലയളവിലും ജലസേചനത്തിനായുള്ള കനാലുകളിലൂടെ കൃഷിക്കായുള്ള ജലവിതരണം തുടരും.
ജല അതോറിട്ടിയുടെ കീഴില്‍ നടന്നുവരുന്ന ജലവിതരണ സംവിധാനത്തിന്റെ അറ്റകുറ്റ പ്രവൃത്തികള്‍, പൈപ്പ് പൊട്ടല്‍ പരിഹരിക്കല്‍, ടാങ്കര്‍ ലോറികളിലൂടെയുള്ള ജലവിതരണം എന്നിവ തടസമില്ലാതെ തുടരും. പമ്പ് ഹൗസുകള്‍, വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റുകള്‍, ഇന്‍ടേക്കുകള്‍ എന്നിവയ്ക്കും തടസമുണ്ടാകില്ല. കരാറുകാര്‍ക്കും സപ്ലെയര്‍മാര്‍ക്കും നല്‍കേണ്ട തുക അടിയന്തരമായി നല്കാന് നടപടി സ്വീകരിക്കും.
നിലവിലെ സാഹചര്യത്തില്‍ ആവശ്യമായ ജീവനക്കാരെ വിന്യസിക്കാനുള്ള ചുമതല ഇരു വകുപ്പുകളിലേയും ചീഫ് എന്‍ജിനീയര്‍മാര്‍, സുപ്രണ്ടിംഗ് എന്‍ജിനീയര്‍മാര്‍, എക്സിക്യുട്ടീവ് എന്‍ജിനീയര്‍മാര്‍ എന്നിവര്‍ക്ക് നല്‍കിയിട്ടുണ്ട്. പ്രത്യേക നിര്‍ദേശമില്ലാതെ ആരും ഓഫീസില്‍ എത്തേണ്ടതില്ല. എന്നാല്‍ ജോലിക്ക് നിയോഗിക്കപ്പെടാത്തവര്‍ 24 മണിക്കൂറും ഫോണില്‍ ലഭ്യമായിരിക്കണം.
ജോലിക്ക് എത്തുന്നവര്‍ക്ക് സുരക്ഷയ്ക്ക് ആവശ്യമായ മാസ്ക്, സാനിറ്റൈസര്‍ ഉള്‍പ്പെടെയുള്ളവ ലഭ്യമാക്കേണ്ട ഉത്തരവാദിത്തം എക്സിക്യുട്ടീവ് എന്‍ജിനീയര്‍മാര്‍ക്കാണ്. മാസ്ക് ലഭ്യമായില്ലെങ്കില്‍ നല്ല കര്‍ചീഫ് എങ്കിലും ലഭ്യമാക്കണം. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്തം അതത് മേലധികാരിക്കാണ്. ആരോഗ്യ സംരക്ഷണത്തില്‍ ജാഗരുകരായി തന്നെ, അവശ്യ സേവനം ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതില്‍ ശ്രദ്ധപുലര്‍ത്തണമെന്ന് എല്ലാ ജീവനക്കാരോടും ജലവിഭവ മന്ത്രി കെ. കൃഷ്ണന്‍കുട്ടി അഭ്യര്‍ത്ഥിച്ചു.
Cntent Highlights: Kerala water authority Drinking water
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..