ന്യൂഡല്‍ഹി: മുല്ലപെരിയാര്‍ അണക്കെട്ടില്‍ നിന്ന് ജലം തുറന്നുവിടുന്നത് തീരുമാനിക്കാന്‍ സമിതി രൂപീകരിക്കണമെന്ന് കേരളം. രണ്ട് സംസ്ഥാനങ്ങളിലെയും രണ്ട് വീതം അംഗങ്ങള്‍ ഉള്‍പെടുന്നതാകണം സമിതിയെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത പുതിയ അപേക്ഷയില്‍ കേരളം ആവശ്യപ്പെട്ടു. അണക്കെട്ടില്‍ നിന്ന് രാത്രി വെള്ളം തുറന്നു വിടുന്നതില്‍ നിന്ന് തമിഴ് നാടിനെ വിലക്കണം എന്നും കേരളം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുല്ലപ്പെരിയാര്‍ കേസ് വെള്ളിയാഴ്ച്ച സുപ്രീം കോടതി പരിഗണിക്കും.

മുല്ലപെരിയാര്‍ അണകെട്ടുമായി ബന്ധപ്പെട്ട് കോടതി പുറപ്പടുവിച്ച ഇടക്കാല ഉത്തരവുകള്‍ തമിഴ്‌നാട് സര്‍ക്കാരും  മേല്‍നോട്ട സമിതിയും പാലിക്കുന്നില്ലെന്ന് സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത അപേക്ഷയില്‍ കേരളം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനാലാണ് അണക്കെട്ടില്‍നിന്ന് ജലം തുറന്ന് വിടുന്നതിനെ കുറിച്ച് തീരുമാനിക്കാന്‍ പുതിയ സാങ്കേതിക സമിതി രൂപവത്കരിക്കണം എന്ന ആവശ്യം മുന്നോട്ടുവെക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എത്ര അളവില്‍ ജലം പുറത്തേക്കു വിടണം എന്ന് സമിതി നിശ്ചയിക്കണമെന്നും അപേക്ഷയില്‍ ആവശ്യപെട്ടിട്ടുണ്ട്. 

അണക്കെട്ടില്‍ നിന്ന് പകല്‍ സമയത്ത് മാത്രമേ വെള്ളം തുറന്നുവിടാവൂ എന്ന് തമിഴ്‌നാടിനോട് നിര്‍ദേശിക്കണമെന്നും കേരളം സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങള്‍ക്കുണ്ടായ നഷ്ടത്തിന് നഷ്ടപരിഹാരം നല്‍കാന്‍ തമിഴ്നാടിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെടാന്‍ സര്‍ക്കാര്‍ ആദ്യം ആലോചിച്ചിരുന്നുവെങ്കിലും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ ആ ആവശ്യം രേഖപെടുത്തിയിട്ടില്ല. 

ഇതിനിടെ  ജോ ജോസഫിന്റെയും സേവ് കേരള ബ്രിഗേഡിന്റെയും ഹര്‍ജികളില്‍ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്തു. മുല്ലപെരിയാര്‍ അണകെട്ട് ശക്തിപ്പെടുത്തുന്നതിന് 23 മരങ്ങള്‍ മുറിക്കാന്‍ കേരളം തടസ്സം നില്‍ക്കുന്നുവെന്ന് സത്യവാങ്മൂലത്തില്‍ തമിഴ്‌നാട്  ആരോപിച്ചിട്ടുണ്ട്.