തിരുവനന്തപുരം: ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നത് തത്കാലം നിര്‍ത്തിവെയ്ക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍. അതേസമയം, ഹൈക്കോടതി വിധി തിരിച്ചടിയല്ലെന്നും തിരഞ്ഞെടുപ്പ് നീണ്ടുപോകില്ലെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ പ്രതികരിച്ചു. 

ഒരുകാരണവശാലും തദ്ദേശ തിരഞ്ഞെടുപ്പ് നീണ്ടുപോകില്ല. ഒക്ടോബറില്‍ തന്നെ തിരഞ്ഞെടുപ്പ് നടക്കും. ഹൈക്കോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ പേര് ചേര്‍ക്കുന്നത് താത്കാലികമായി നിര്‍ത്തിവെയ്ക്കും. വിധിപകര്‍പ്പ് കിട്ടിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തദ്ദേശ തിരഞ്ഞെടുപ്പില്‍ 2015-ലെ വോട്ടര്‍പട്ടിക ഉപയോഗിക്കരുതെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. 2019-ലെ വോട്ടര്‍പട്ടിക ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തെ ചോദ്യംചെയ്ത് യുഡിഎഫ് നല്‍കിയ അപ്പീലിലായിരുന്നു ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. 2015-ലെ വോട്ടര്‍പട്ടിക ഉപയോഗിച്ചാല്‍ ഏകദേശം മുപ്പതുലക്ഷത്തോളം പേര്‍ പട്ടികയില്‍നിന്ന് പുറത്താകുമെന്നാണ് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും വാദം. 

Content Highlights: kerala voters list case: state election commissioner's response on highcourt verdict