തൃശൂര്‍: കേരളവര്‍മ കോളേജില്‍ പൗരത്വനിയമ ഭേദഗതിയെ അനുകൂലിച്ച് സെമിനാര്‍ സംഘടിപ്പിച്ച എബിവിപി പ്രവര്‍ത്തകര്‍ക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദനം. ഇന്ന് രാവിലെ 9.30ഓടെയാണ് സംഭവം. മൂന്ന് എബിവിപി പ്രവര്‍ത്തകരെ ഗുരുതര പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

പൗരത്വനിയമ ഭേദഗതിയെ അനുകൂലിച്ച് കഴിഞ്ഞദിവസം ക്യാംപസിനുള്ളില്‍ എബിവിപി സെമിനാര്‍ സംഘടിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഇടപെട്ട് ഇത് തടഞ്ഞു. തുടര്‍ന്ന് ക്യാംപസിന് പുറത്ത് റോഡിലാണ് എബിവിപി സെമിനാര്‍ സംഘടിപ്പിച്ചത്. സെമിനാര്‍ നടത്താന്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് എബിവിപി ഇന്ന് സമരം പ്രഖ്യാപിച്ചിരുന്നു. സമരം നടത്തുന്നതിനിടെ ക്ലാസില്‍ കയറി വിദ്യാര്‍ഥികളോട് സമരത്തില്‍ പങ്കുചേരണമെന്ന് ആവശ്യപ്പെട്ടു. ഇതാണ് എസ്എഫ്‌ഐ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. പിന്നാലെ സമരം നടത്തിയ എബിവിപി പ്രവര്‍ത്തകരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ക്ലാസില്‍ നിന്ന് വലിച്ചുപുറത്തെത്തിച്ച് വരാന്തയില്‍വെച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. പിടിച്ചുമാറ്റാനെത്തിയ പെണ്‍കുട്ടികള്‍ക്കും മര്‍ദനമേറ്റു. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 

സംഭവത്തില്‍ എസ്എഫ്‌ഐ മുന്‍ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് ആരോപണം. സംഭവത്തില്‍ പ്രതിഷേധിച്ച് എബിവിപി ക്യാംപസില്‍ പ്രതിഷേധപ്രകടനം നടത്തി. 

Content Highlights: SFI- ABVP Clash in Kerala Varma College , Citizenship Amendment Act