കേരള വി.സി. നിയമനം: പ്രഗല്ഭരുടെ പട്ടിക തയ്യാറാക്കാന്‍ ഗവര്‍ണര്‍


പി.കെ. മണികണ്ഠന്‍

ഗവര്‍ണര്‍ക്കെതിരേയുള്ള പ്രമേയത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സര്‍വകലാശാല. ഇപ്പോഴത്തെ ഉത്തരവ് റദ്ദാക്കിയാല്‍മാത്രമേ സെര്‍ച്ച് കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയെ തിരഞ്ഞെടുത്തുനല്‍കൂവെന്ന് ശനിയാഴ്ചത്തെ സെനറ്റ് യോഗം തീരുമാനിച്ചിട്ടുണ്ടെന്ന് സര്‍വകലാശാലാവൃത്തങ്ങള്‍ പറഞ്ഞു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ | Photo - Sabu Scaria, Mathrubhumi

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ സെനറ്റ് തനിക്കെതിരേ പ്രമേയം പാസാക്കിയെങ്കിലും വൈസ് ചാന്‍സലര്‍ നിയമനത്തില്‍ നടപടികളുമായി ഗവര്‍ണര്‍. പ്രാഗല്ഭ്യം തെളിയിച്ച അക്കാദമികവിദഗ്ധരുടെ പട്ടിക തയ്യാറാക്കാനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി.

ഗവര്‍ണര്‍ക്കെതിരേയുള്ള പ്രമേയത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സര്‍വകലാശാല. ഇപ്പോഴത്തെ ഉത്തരവ് റദ്ദാക്കിയാല്‍മാത്രമേ സെര്‍ച്ച് കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയെ തിരഞ്ഞെടുത്തുനല്‍കൂവെന്ന് ശനിയാഴ്ചത്തെ സെനറ്റ് യോഗം തീരുമാനിച്ചിട്ടുണ്ടെന്ന് സര്‍വകലാശാലാവൃത്തങ്ങള്‍ പറഞ്ഞു. വിഷയത്തില്‍ ചാന്‍സലറുമായി ഏറ്റുമുട്ടലിനല്ല, സര്‍വകലാശാലയുടെ അവകാശവും അധികാരവും സ്ഥാപിച്ചെടുക്കാനാണ് സെനറ്റ് പ്രമേയമെന്നാണ് വാദം. ഇരുപക്ഷവും നിലപാടില്‍ ഉറച്ചുനിന്നാല്‍ തര്‍ക്കം നിയമപോരാട്ടത്തിലേക്കു നീങ്ങും. എങ്കില്‍, കേരളയിലെ വി.സി. നിയമനം നീളും.ഐ.ഐ.ടി. അടക്കമുള്ള ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലെയും അന്താരാഷ്ട്രതലത്തില്‍ അറിയപ്പെടുന്നതുമായ അക്കാദമികപണ്ഡിതരുടെ പട്ടികയാണ് രാജ്ഭവന്‍ തയ്യാറാക്കുക. ഇതിനായി അന്വേഷണം തുടങ്ങി. അന്താരാഷ്ട്രതലത്തില്‍ സ്വീകാര്യതയുള്ള അക്കാദമിക പ്രഗല്ഭരുടെ പേരുകള്‍ രാഷ്ട്രീയത്തിനതീതമായി തയ്യാറാക്കുകയാണ് ഗവര്‍ണറുടെ തന്ത്രം. അങ്ങനെയെങ്കില്‍, വി.സി. നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയായാല്‍ ഈ പട്ടികയിലുള്ള പേരുകള്‍ ഗവര്‍ണറെ എതിര്‍ക്കുന്നവര്‍ക്കും തള്ളിക്കളയാനാവില്ല. ഇങ്ങനെ, വി.സി. നിയമനത്തില്‍ ഇടപെടാനാണ് ഗവര്‍ണറുടെ ശ്രമം.

മൂന്നംഗങ്ങളെ ഒന്നിച്ച് ഉള്‍പ്പെടുത്തി ഉത്തരവിറക്കിയാലേ സെര്‍ച്ച് കമ്മിറ്റിക്കു നിയമസാധുതയുള്ളൂവെന്നാണ് സര്‍വകലാശാലയുടെ വാദം. ഇപ്പോഴത്തെ വി.സി. ഡോ. വി.പി. മഹാദേവന്‍ പിള്ളയെ നിയമിക്കാന്‍ 2018-ല്‍ അന്നത്തെ ഗവര്‍ണര്‍ രണ്ടുതവണ സെര്‍ച്ച് കമ്മിറ്റി വിജ്ഞാപനം ചെയ്യേണ്ടിവന്നത് അവര്‍ ചൂണ്ടിക്കാട്ടുന്നു.

അന്ന് യു.ജി.സി. പ്രതിനിധി പിന്‍വാങ്ങിയതിനെത്തുടര്‍ന്നാണ് ആദ്യത്തെ സെര്‍ച്ച് കമ്മിറ്റി റദ്ദാക്കി രണ്ടാമതും വിജ്ഞാപനം ചെയ്യേണ്ടിവന്നത്. സെനറ്റ് പ്രതിനിധി പിന്‍വാങ്ങിയതാണ് ഇന്നത്തെ സാഹചര്യമെന്നും സര്‍വകലാശാലാവൃത്തങ്ങള്‍ പറഞ്ഞു.

പരിധിവിട്ട് പോര്

തിരുവനന്തപുരം/ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ ൈപ്രവറ്റ് സെക്രട്ടറിയുടെ ഭാര്യയെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കുന്നതിനെച്ചൊല്ലി ഗവര്‍ണറും വി.സി.യും തമ്മില്‍ ഉടലെടുത്ത പോര് പുതിയതലത്തിലേക്ക്.

വൈസ്ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രനെ ക്രിമിനലെന്ന് പരസ്യമായി വിളിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, തന്നെ കായികമായി ആക്രമിക്കാന്‍ വി.സി. ഗൂഢാലോചന നടത്തിയെന്ന ഗുരുതര ആരോപണവുമായി ഞായറാഴ്ച രംഗത്തെത്തി. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് വി.സി.ക്കെതിരേ അദ്ദേഹം ആരോപണമുന്നയിച്ചത്.

പിന്നാലെ, ഗവര്‍ണര്‍ക്കെതിരേ കടുത്ത വാക്കുകളുമായി സി.പി.എമ്മും രംഗത്തെത്തി. രാജ്ഭവനെ കേവലം ആര്‍.എസ്.എസ്. ശാഖയുടെ നിലവാരത്തിലേക്ക് ഗവര്‍ണര്‍ അധഃപതിപ്പിക്കുകയാണെന്ന് സംസ്ഥാനസെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. നേരത്തേ ഗവര്‍ണര്‍ സര്‍ക്കാരുമായി ഇടഞ്ഞുനിന്നപ്പോള്‍ ഒത്തുതീര്‍പ്പിന്റെ പാതയിലായിരുന്നു പാര്‍ട്ടി. ആ പാതയ്ക്ക് ഇനി അര്‍ഥമില്ലെന്ന് വ്യക്തമാക്കിയ സി.പി.എം., ഗവര്‍ണറുമായുള്ള ഏറ്റുമുട്ടലിന് നേരിട്ടിറങ്ങുകയാണെന്ന സന്ദേശവും നല്‍കി.

ഗവര്‍ണര്‍ ഒപ്പിടാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് റദ്ദായ 11 ഓര്‍ഡിനന്‍സുകള്‍ ഉള്‍പ്പെടെ ബില്ലായി അവതരിപ്പിക്കാന്‍ തിങ്കളാഴ്ച നിയമസഭാസമ്മേളനം ചേരാനിരിക്കേയാണ് ഗവര്‍ണറും വി.സി.യും തമ്മിലുള്ള ഏറ്റുമുട്ടലില്‍ സി.പി.എം. പരസ്യമായി കക്ഷിചേര്‍ന്നത്.

രാജ്ഭവന്‍ ഉപജാപങ്ങളുടെ കേന്ദ്രം-സി.പി.എം.

അറിയപ്പെടുന്ന ആര്‍.എസ്.എസുകാരെ ജീവനക്കാരായി നിശ്ചയിച്ച് സര്‍ക്കാരിനെതിരേയുള്ള ഉപജാപങ്ങളുടെ കേന്ദ്രമാക്കി രാജ്ഭവനെ മാറ്റിയ ആളാണ് ഗവര്‍ണറെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ്.

അറിയപ്പെടുന്ന ചരിത്രകാരനായ കണ്ണൂര്‍ വി.സി.യെ ക്രിമിനല്‍ എന്നുവിളിച്ച ഗവര്‍ണറുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.

എന്തു ക്രിമിനല്‍ക്കുറ്റമാണ് വി.സി. ചെയ്തതെന്ന് ഗവര്‍ണര്‍ വ്യക്തമാക്കണം. സ്ഥാനത്തിന് യോജിക്കാത്ത തരത്തില്‍ പ്രതികരിക്കുന്നത് ഗവര്‍ണര്‍ പദവിക്ക് യോജിച്ചതാണോയെന്ന് അദ്ദേഹം പരിശോധിക്കണം. സര്‍വസീമകളും ലംഘിച്ചു ഗവര്‍ണര്‍ നടത്തുന്ന രാഷ്ട്രീയ ഇടപെടലുകള്‍ ആരെ പ്രീതിപ്പെടുത്താനാണെന്ന് ഗവര്‍ണര്‍ വ്യക്തമാക്കണമെന്നും സി.പി.എം. ആവശ്യപ്പെട്ടു.

രാജ്ഭവനെ ആര്‍.എസ്.എസ്. സംഘപരിവാര്‍ സംഘം ഗൂഢാലോചനാ കേന്ദ്രമാക്കി മാറ്റിയെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍ കുറ്റപ്പെടുത്തി. സാധാരണ ആര്‍.എസ്.എസ്. സേവകനെപ്പോലെ ഗവര്‍ണര്‍ തരംതാഴാന്‍ പാടില്ല. കേന്ദ്രത്തെയും ആര്‍.എസ്.എസ്. സംഘപരിവാര്‍ ദേശീയ നേതൃത്വത്തെയും തൃപ്തിപ്പെടുത്താനായി ഗവര്‍ണര്‍ നടത്തുന്ന പദപ്രയോഗങ്ങള്‍ കേരളത്തിന് നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു.

ഗവര്‍ണറുടെ അധികാരം കുറയ്ക്കുന്ന ബില്‍ തത്കാലമില്ല

തിരുവനന്തപുരം: ഗവര്‍ണറുമായുള്ള തര്‍ക്കം രാഷ്ട്രീയമായി നേരിടാന്‍ സി.പി.എമ്മും ഇടതുമുന്നണിയും തീരുമാനിച്ചെങ്കിലും ഭരണപരമായ പ്രതിസന്ധി ഒഴിവാക്കാന്‍ പഴുതുതേടി സര്‍ക്കാര്‍. ഇതിനായി സര്‍വകലാശാലകളില്‍ ചാന്‍സലറെന്നനിലയില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്‍ സര്‍ക്കാര്‍ മാറ്റിവെച്ചേക്കും.

ലോകായുക്തഭേദഗതി ഉള്‍പ്പെടെയുള്ള മറ്റു ബില്ലുകള്‍ നിയമമാക്കാനാണ് സര്‍ക്കാരിന്റെ മുന്‍ഗണന. ഇതിന് ഗവര്‍ണറുടെ ഉടക്ക് ഒഴിവാക്കാനുള്ള ലക്ഷ്യമാണ് അദ്ദേഹത്തെ പ്രകോപിപ്പിക്കുന്ന സര്‍വകലാശാല ബില്‍ മാറ്റിവെക്കാനുള്ള ആലോചനയ്ക്കുപിന്നില്‍. ആ ബില്ലിന്റെപേരില്‍ മറ്റു നിയമങ്ങള്‍ തടസ്സപ്പെടുന്ന സ്ഥിതി ഒഴിവാക്കാനാണ് തത്കാലം അത് മാറ്റിവെക്കാനുള്ള ആലോചന. ഗവര്‍ണര്‍ ഒപ്പിടാത്തതിനാല്‍ 11 ഓര്‍ഡിനന്‍സുകളാണ് അസാധുവായത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ലോകായുക്തഭേദഗതി.

ഉന്നതവിദ്യാഭ്യാസരംഗത്തെ പരിഷ്‌കാരങ്ങള്‍ക്കുള്ള കമ്മിഷന്‍ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലുള്ള നിയമനിര്‍മാണങ്ങളെല്ലാം ഒക്ടോബറില്‍ നടക്കുന്ന നിയമസഭാസമ്മേളനത്തില്‍ ഒന്നിച്ചു നടപ്പാക്കാനാണ് നീക്കം. ചാന്‍സലറെന്നനിലയില്‍ ഗവര്‍ണറുടെ അധികാരം പരിമിതപ്പെടുത്താനുള്ള ബില്ലും അപ്പോള്‍ പരിഗണിക്കാനായി മാറ്റിയാല്‍ ഇപ്പോഴത്തെ പ്രതിസന്ധിക്ക് തത്കാലം അയവുവരുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. എന്നാല്‍, ഇക്കാര്യങ്ങളിലൊക്കെ വരുംദിവസങ്ങളിലേ അന്തിമതീരുമാനമെടുക്കൂ.

കഴിഞ്ഞ സമ്മേളനത്തില്‍ പാസാക്കിയ സഹകരണ നിയമഭേദഗതിബില്ലില്‍ ഇനിയും ഗവര്‍ണര്‍ ഒപ്പുവെച്ചിട്ടില്ല. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ പാസാക്കിയ സര്‍വകലാശാലകളെ സംബന്ധിച്ച രണ്ടുനിയമങ്ങളിലും ഒപ്പിട്ടിട്ടില്ല.


Content Highlights: Kerala University vice chancellor Governor Arif Muhammed Khan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented