ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ | Photo - Mathrubhumi archives
തിരുവനന്തപുരം: കേരള സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ നിയമനത്തിനായി രണ്ടുപ്രതിനിധികളെ ഗവര്‍ണര്‍ തീരുമാനിച്ചെങ്കിലും സര്‍ക്കാര്‍ ഏറ്റുമുട്ടലിനുതന്നെ. ഔദ്യോഗികമായി ഒരു കൂടിയാലോചനയുമില്ലാതെയുള്ള ഗവര്‍ണറുടെ തീരുമാനം ചാന്‍സലര്‍ പദവിയുടെ ദുരുപയോഗമെന്നാണ് വിലയിരുത്തല്‍.
ആയതിനാല്‍, സര്‍വകലാശാലാ നിയമപരിഷ്‌കാരങ്ങള്‍ക്കുള്ള എന്‍.കെ. ജയകുമാര്‍ കമ്മിഷന്റെ ശുപാര്‍ശയില്‍ ഓര്‍ഡിനന്‍സുമായി സര്‍ക്കാര്‍ മുന്നോട്ടു പോവും. ഗവര്‍ണറുടെ ഇപ്പോഴത്തെ നടപടിയില്‍ നിയമോപദേശം തേടിയിരിക്കുകയാണ് സര്‍ക്കാര്‍.
സര്‍വകലാശാല, യു.ജി.സി., ചാന്‍സലര്‍ എന്നിവയുടെ ഓരോ പ്രതിനിധികള്‍ ഉള്‍പ്പെടുന്നതാണ് വി.സി.യെ തിരഞ്ഞെടുക്കാനുള്ള സെര്‍ച്ച് കമ്മിറ്റി. ഇതിലേക്കുള്ള രണ്ടുപേരുകളാണ് ചാന്‍സലറെന്ന അധികാരത്തില്‍ ഗവര്‍ണര്‍ നിശ്ചയിച്ചത്. എന്നാല്‍ ഗവര്‍ണര്‍ക്കു വിവേചനാധികാരമില്ലെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ 'മാതൃഭൂമി'യോട് പറഞ്ഞു. ചാന്‍സലര്‍ പദവി ഭരണഘടനാപരമല്ല.
സര്‍വകലാശാലാ നിയമമനുസരിച്ചാണ് ഗവര്‍ണര്‍ ചാന്‍സലറാവുന്നതെന്നും ഉന്നതവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
രണ്ടു പ്രതിനിധികളെ ഗവര്‍ണര്‍ നിശ്ചയിച്ചെങ്കിലും സര്‍വകലാശാലാ പ്രതിനിധിയുണ്ടെങ്കിലേ സെര്‍ച്ച് കമ്മിറ്റി നിലവില്‍വരൂ. രണ്ടുപേരെ ചാന്‍സലര്‍ തീരുമാനിച്ചെങ്കിലും സെര്‍ച്ച് കമ്മിറ്റിയിലേക്കുള്ള സര്‍വകലാശാലാ പ്രതിനിധിയെ നിശ്ചിതസമയത്തിനുള്ളില്‍ നിര്‍ദേശിക്കണമെന്ന് നിബന്ധനയില്ല.
ഈ പഴുതുപയോഗിച്ച് സെര്‍ച്ച് കമ്മിറ്റിയുണ്ടാക്കല്‍ വൈകിപ്പിക്കാം. ഇതിനിടയില്‍, ജയകുമാര്‍ കമ്മിഷന്‍ ശുപാര്‍ശ നടപ്പാക്കാനുള്ള ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനാവും. എന്നാല്‍, സ്വന്തം അധികാരം കളയുന്ന ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ വിസമ്മതിച്ചാല്‍ മറ്റൊരു ഏറ്റുമുട്ടലിനും വഴിയൊരുങ്ങും.
വി.സി. നിയമത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയെ തീരുമാനിക്കാന്‍ കേരളസര്‍വകലാശാലയുടെ പ്രത്യേക സെനറ്റ്യോഗം വിളിക്കേണ്ടിവരും. സര്‍വകലാശാല ഇതിനുള്ള നടപടി തുടങ്ങി.
പ്രിയാവര്‍ഗീസിന്റെ നിയമനം ഗവര്‍ണര്‍ വി.സി.യോട് വിശദീകരണം തേടി
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല മലയാളം പഠനവകുപ്പില്‍ അസോസിയേറ്റ് െപ്രാഫസറായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയാവര്‍ഗീസിനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട പരാതിയില്‍ ഗവര്‍ണര്‍ വൈസ് ചാന്‍സലറോട് വിശദീകരണം തേടി. സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണിത്.
നവംബറില്‍ വി.സി. യുടെ കാലാവധി നീട്ടുന്നതിനു തൊട്ടുമുന്പ് നടന്ന ഇന്റര്‍വ്യൂവില്‍ പ്രിയാവര്‍ഗീസിന് ഒന്നാംറാങ്ക് ലഭിച്ചത് വിവാദമായിരുന്നു. മാറ്റിവെച്ചിരുന്ന റാങ്ക് പട്ടിക കഴിഞ്ഞമാസം കൂടിയ സിന്‍ഡിക്കേറ്റ് യോഗം അംഗീകരിച്ചു. ഇതിനെതിരേയാണ് യൂണിവേഴ്‌സിറ്റ് കാമ്പയിന്‍ കമ്മിറ്റി പരാതിപ്പെട്ടത്. യു.ജി.സി. ചട്ടപ്രകാരം എട്ടുവര്‍ഷത്തെ അധ്യാപന പരിചയമില്ലാത്ത പ്രിയാവര്‍ഗീസ് രാഷ്ട്രീയസ്വാധീനം ഉപയോഗിച്ചാണ് റാങ്ക്പട്ടികയില്‍ ഒന്നാംസ്ഥാനക്കാരിയായതെന്നായിരുന്നു ആരോപണം.
ഗവേഷണപഠനത്തിന് ചെലവിട്ട മൂന്നുവര്‍ഷ കാലയളവ് നേരിട്ടുള്ള നിയമനങ്ങള്‍ക്ക് അധ്യാപന പരിചയമായി കണക്കുകൂട്ടാന്‍ പാടില്ലെന്നിരിക്കെ ആ കാലയളവുകൂടി കണക്കിലെടുത്താണ് ഇന്റര്‍വ്യൂവില്‍ പങ്കെടുപ്പിച്ചതെന്നാണ് ആരോപണം.
Content Highlights: Kerala University VC Governor Arif Muhammed Khan


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..