തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി വിഷ്ണു സോമസുന്ദരത്തിന്റെ വീട്ടില്‍ നിന്ന് കേരള സര്‍വ്വകലാശാലയുടെ മാര്‍ക്ക് ലിസ്റ്റുകള്‍ പിടിച്ചു. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ) നടത്തിയ റെയ്ഡിലാണ് സീലോടുകൂടിയ പൂരിപ്പിക്കാത്ത മാര്‍ക്ക്‌ലിസ്റ്റുകള്‍ പിടിച്ചെടുത്തത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം നടത്താന്‍ ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്ത് നല്‍കാന്‍ ഒരുങ്ങുകയാണ് ഡിആര്‍ഐ. 

720 കിലോ സ്വര്‍ണ്ണമാണ് വിഷ്ണു സോമസുന്ദരവും പ്രകാശ് തമ്പിയുമടക്കമുള്ളവര്‍ തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിത്തിയതെന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് കണ്ടെത്തിയത്. ജൂണ്‍ 14നാണ് ഡി ആര്‍ ഐ വിഷ്ണു സോമസുന്ദരത്തിന്റെ തിരുമലയിലെ വീട് റെയ്ഡ് ചെയ്യുന്നത്. വിഷ്ണുവിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കേരള സര്‍വ്വകലാശാലയുടെ പൂരിപ്പിക്കാത്ത മാര്‍ക്ക് ലിസ്റ്റുകള്‍ കണ്ടെത്തിയെന്ന് ഡിആര്‍ഐയുടെ 100 പേജുള്ള അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.  ഒപ്പും സീലോടും കൂടിയ പൂരിപ്പിക്കാത്ത ഏഴ് മാര്‍ക്ക്‌ലിസ്റ്റുകളാണ് റെയ്ഡില്‍ കണ്ടെടുത്തത്.

മാര്‍ക്ക് ലിസ്റ്റുകള്‍ എങ്ങനെ ലഭിച്ചു എന്നതില്‍ വിഷ്ണുവില്‍ നിന്ന് വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. അതിനാല്‍ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഉന്നത പ്രിന്‍സിപ്പൽ സെക്രട്ടറിക്ക് കത്ത് നല്‍കാന്‍ ഒരുങ്ങുകയാണ് ഡിആര്‍ഐ .നിലവില്‍ വിഷ്ണു സോമസുന്ദരത്തിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത മാര്‍ക്ക് ലിസ്റ്റുകള്‍ ഡിആര്‍ഐ ഉദ്യോഗസ്ഥരുടെ പക്കലാണ്.

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് സിബിഐയും അന്വേഷണം നടത്തുന്നുണ്ട്. വിഷ്ണു സോമസുന്ദരം ഒളിവിലായതിനാല്‍ സിബിഐക്കും ചോദ്യം ചെയ്യാന്‍ സാധിച്ചിട്ടില്ല.

content highlights: Kerala University marklists found from gold smuggling case accused's house