തിരുവനന്തപുരം : കേരള സര്‍വകലാശാല അസിസ്റ്റന്റ് നിയമന കേസ് എഴുതിത്തള്ളി ക്രൈം ബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. വി.സിയും രജിസ്ട്രാറും സിന്‍ഡിക്കേറ്റ് അംഗങ്ങളുമാണ് കേസിലെ പ്രതികള്‍. കേസ് നിലനില്‍ക്കില്ലെന്ന് നിയമോപദേശം കിട്ടിയതായും തെളിവുകളില്ലെന്നും അതിനാല്‍ എഴുതിത്തള്ളുന്നുവെന്നും കാണിച്ച് ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

2008-ല്‍ ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തുടക്കമിട്ട സംഭവമാണ് കേരള സര്‍വകലാശാലയിലെ അസിസ്റ്റന്റ് നിയമനം. ഏറെ വിവാദമായ ഈ നിയമനതട്ടിപ്പ് കേസ് പുറത്തുകൊണ്ടുവന്നത് മാതൃഭൂമിയായിരുന്നു. പരീക്ഷ എഴുതാത്തവര്‍ പോലും നിയമനം നേടിയെന്നാണ് കേസ്. പരീക്ഷയ്ക്ക് വരാത്തവര്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത് നിയമനം നേടി. പരീക്ഷ എഴുതിയവരുടെയെല്ലാം ഫലം പുറത്തുവന്നില്ല. ഉത്തരപേപ്പര്‍ മൂല്യനിര്‍ണയത്തിന് അയച്ചപ്പോള്‍ തന്നെ 46 എണ്ണം കുറവായിരുന്നു.

തിരിമറി നടത്തിയ ലാപ്‌ടോപ് മോഷണം പോയെന്ന് വിരമിച്ച് ഒരു വര്‍ഷത്തിന് ശേഷം വി.സി അറിയിച്ചു. ഇങ്ങനെ വ്യാപകമായ ക്രമക്കേടായിരുന്നു അസിസ്റ്റന്റ് നിയമനത്തില്‍ നടന്നത്. തുടര്‍ന്ന് വിജിലന്‍സ് അന്വേഷിച്ച് ക്രൈംബ്രാഞ്ചിനു കേസ് കൈമാറുകയായിരുന്നു. ക്രൈംബ്രാഞ്ച് ആദ്യം സമർപ്പിച്ച കുറ്റപത്രം റദ്ദാക്കി കോടതി പുനരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. നിയമനം ലഭിച്ചവരെ ചോദ്യംചെയ്യാനോ മൊഴിരേഖപ്പെടുത്താനോ അന്വേഷണ ഉദ്യോഗസ്ഥന്‍ ശ്രമിച്ചില്ലെന്നും ആഴത്തിലുള്ള പരിശോധന ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.

ഇതനുസരിച്ചുള്ള പുനരന്വേഷണ റിപ്പോർട്ടിലാണ് കേസ് അവസാനിപ്പിക്കുന്നു എന്ന്  ക്രൈംബ്രാഞ്ച് അറിയിച്ചത്. ഒഎംആര്‍ ഷീറ്റുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല, പുനഃരന്വേഷണത്തിന് സാധ്യതയില്ല, തെളിവുകള്‍ ലഭിച്ചില്ല എന്നെല്ലാം പറഞ്ഞാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

മുന്‍ വിസി ഡോ. എം.കെ. രാമചന്ദ്രന്‍ നായര്‍, പ്രോ വി.സി. വി. ജയപ്രകാശ്, റജിസ്ട്രാര്‍ കെ.എ. ഹാഷിം സി.പി.എം. നേതാക്കളായ എ.എ. റഷീദ്, എം.ബി. റസ്സല്‍, എ ആന്‍ഡ്രൂ, പരേതനായ ബി.എസ്. രാജീവ് എന്നിവരാണ് പ്രതികള്‍. നിയമനം ലഭിച്ചവരെക്കൂടി പ്രതി ചേര്‍ക്കണമെന്ന ഹര്‍ജി നിലവിലുണ്ട്. അതിനിടെയാണ് റിപ്പോർട്ട് സമർപ്പിച്ചത്. അന്നത്തെ സർക്കാരിനെതിരേ വലിയ ആക്ഷേപമുണ്ടാക്കിയ കേസായിരുന്നു ഇത്.

Content highlights: Kerala University assistant  case