തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ ഉത്തരക്കടലാസ് പുറത്ത് പോയ സംഭവത്തില്‍ അന്വേഷണം നടത്താന്‍ സിന്‍ഡിക്കേറ്റിന്റെ തീരുമാനം. യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷത്തിലെ പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും ഉത്തരക്കടലാസ് കണ്ടെത്തിയിരുന്നു. ഇത് ഗുരുതരമായ വീഴ്ചയാണെന്ന് സിന്‍ഡിക്കേറ്റ് യോഗം വിലയിരുത്തി. സംഭവം അന്വേഷിക്കാന്‍ ഉപസമിതിയെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. പോലീസ് അന്വേഷണം ആവശ്യപ്പെടാനും ഇന്ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനമെടുത്തു. 

ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത ഉത്തരക്കടലാസ് യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് തന്നെയാണ് ചോര്‍ന്നതെന്ന് സ്ഥിരീകരിച്ചു. ക്രമനമ്പര്‍ അനുസരിച്ചാണ് സര്‍വകലാശാല ഓരോ കോളേജിനും ഉത്തരക്കടലാസുകള്‍ അനുവദിക്കുന്നത്. 5-11-2015, 1-4-2016 എന്നീ തിയതികളില്‍ യൂണിവേഴ്സിറ്റി കോളേജ് കൈപ്പറ്റിയ ഉത്തരക്കടലാസുകളില്‍ ചിലതാണ് പുറത്ത് പോയിരിക്കുന്നത്. ഇതില്‍പ്പെട്ടതാണ് ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തതെന്ന് പരീക്ഷ കണ്‍ട്രോളര്‍ റിപ്പോര്‍ട്ട് നല്‍കി.

പിടിച്ചെടുത്ത ഉത്തരക്കടലാസുകളിലുള്ള സീരിയല്‍ നമ്പറുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് തന്നെയാണ് ചോര്‍ന്നതെന്ന സ്ഥിരീകരണമുണ്ടായിരിക്കുന്നത്. പോലീസിന്റെ കൈയിലുള്ള ബാക്കി ഉത്തരക്കടലാസുകള്‍ കൂടി വിശദമായ പരിശോധനക്ക് വിധേയമാക്കാനും നിര്‍ദേശം നല്‍കി. രണ്ട് വര്‍ഷങ്ങളില്‍ ഇത്തരത്തില്‍ ഉത്തരക്കടലാസ് നഷ്ടമായിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

2016ന് ശേഷവും ഇത്തരത്തില്‍ ഉത്തരക്കടലാസ് നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്ന് സിന്‍ഡിക്കേറ്റ് യോഗം വിലയിരുത്തുന്നു. ഇത് വിശദമായി പരിശോധിക്കേണ്ടതുണ്ട്. ഉത്തരക്കടലാസ് പുറത്തുപോയ സംഭവം അന്വേഷിക്കുന്നതിനൊപ്പം 2015 മുതലുള്ള ഉത്തരക്കടലാസുകളുടെ വിനിയോഗം സംബന്ധിച്ച് പരിശോധന നടത്താനും ഉപസമിതിയോട് നിര്‍ദേശിച്ചിട്ടുണ്ട്.

ontent Highlights: kerala university answer sheet leak- investigate subcommittee