Photo: FB| Antony Raju
തിരുവനന്തപുരം: മകള്‍ക്ക് ബിരുദ ദാനം നടത്താനുള്ള അവസരം ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ച് ഗതാഗത മന്ത്രി ആന്റണി രാജു. തിരുവനന്തപുരം കാരക്കോണത്തെ ഡോ. സോമര്‍വെല്‍ മെമ്മോറിയല്‍ സി.എസ്.ഐ. മെഡിക്കല്‍ കോളേജിലെ 2014 ബാച്ചിന്റെ ബിരുദ ദാന ചടങ്ങിന്റെ ഉദ്ഘാടകനായിരുന്നു ആന്റണി രാജു. ചടങ്ങില്‍ മകള്‍ റോഷ്നി രാജു ഉള്‍പ്പെടെയുള്ളവര്‍ക്ക് മന്ത്രി ബിരുദ ദാനം നിർവഹിച്ചു. ഈ സന്തോഷം ഫെയ്സ്ബുക്കിലൂടെ മന്ത്രി പങ്കുവെയ്ക്കുകയും ചെയ്തു.
ഒരു രക്ഷാകര്‍ത്താവെന്ന നിലയില്‍ നിരവധി തവണ കോളേജില്‍ പോയിട്ടുണ്ടെങ്കിലും മുഖ്യാതിഥിയായി എത്തുന്നത് ആദ്യമായിട്ടാണെന്നും ആന്റണി രാജു ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരുന്നു ബിരുദ ദാന ചടങ്ങ്. ഇതിന്റെ ചിത്രവും മന്ത്രി എഫ്ബി പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
മകള്‍ക്ക് ബിരുദ ദാനം നല്‍കാനുള്ള അസുലഭ അവസരം ലഭിച്ചു. ഡോ. സോമര്‍വെല്‍ മെമ്മോറിയല്‍ സി.എസ്.ഐ. മെഡിക്കല്‍ കോളേജിലെ 2014 ബാച്ചിന്റെ ബിരുദ ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് മകള്‍ ഡോ. റോഷ്നി രാജു ഉള്‍പ്പെടെയുള്ളവര്‍ക്ക് ബിരുദ ദാനം നടത്താന്‍ ഭാഗ്യം ലഭിച്ചതില്‍ അതിയായ സന്തോഷം. മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അഭിനന്ദനങ്ങള്‍.
ഒരു രക്ഷകര്‍ത്താവെന്ന നിലയില്‍ നിരവധി തവണ കോളേജില്‍ എത്തിയിട്ടുണ്ടെങ്കിലും ഇത്തവണ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കോളേജ് സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ അവസരം ലഭിച്ചു. ഒരു വര്‍ഷം മുമ്പ് നടക്കേണ്ട കോണ്വൊക്കേഷന് ചടങ്ങ് കൊവിഡ് മൂലമാണ് നീണ്ടു പോയത്.
സിഎസ്ഐ ദക്ഷിണേന്ത്യ മോഡറേറ്റര്‍ റവ. ധര്‍മ്മരാജ് റസാലം, ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ, എസ്എംസിഎസ്ഐ ഡയറക്ടര്‍ ഡോ. ജെ. ബനറ്റ് എബ്രഹാം, ഡോ. ഷെല്‍ഡം ജെയിംസ് ഗൗഡിനോ, ഡോ. പുനിതന്‍ ടെട്രോ ഒലി, എസ്എംസിഎസ്ഐ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജെ. അനൂഷ മെര്ലിന്, ഐഎംഎ നാഷണല്‍ പ്രസിഡന്റ് ഡോ. ജെ. എ. ജയപാല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു...
Content Highlights: Kerala Transport Minister Antony Raju FB Post on Graduation Ceremony of daughter
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..