
തിരുവനന്തപുരം: നെടുമങ്ങാട്-വെമ്പായം റോഡില്‍ ഇരിഞ്ചയത്തിന് സമീപം വിനോദയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടം ഡ്രൈവറുടെ അശ്രദ്ധമൂലമെന്ന് കണ്ടെത്തല്‍. റോഡില്‍ അപകടമുണ്ടാവാനുള്ള സാഹചര്യമുണ്ടായിരുന്നില്ല എന്നാണ് മോട്ടോര്‍വാഹന വകുപ്പിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. അലക്ഷ്യമായ ഡ്രൈവിങ്ങാണ് അപകടത്തിലേക്ക് നയിച്ചത് എന്ന് കണ്ടെത്തലിന് പിന്നാലെ ഡ്രൈവറുടെ ലൈസന്‍സും ബസിന്റെഫിറ്റ്നെസും റദ്ദാക്കി ജോയിന്റ് ആര്.ടി.ഒ. ഉത്തരവിറക്കി.
കൂടുതല്‍ അന്വേഷണത്തിന് ശേഷം വാഹനത്തിന്റെ ടൂറിസ്റ്റ് പെര്‍മിറ്റും രജിസ്ട്രേഷനും റദ്ദാക്കുന്നതടക്കമുള്ള നടപടികളിലേക്കും മോട്ടോര്‍വാഹന വകുപ്പ് കടക്കും എന്നാണ് വിവരം. വെള്ളിയാഴ്ച രാത്രി 10.20-ഓടെ നെടുമങ്ങാട്-വെമ്പായം റോഡില്‍ ഇരിഞ്ചയത്തിന് സമീപമായിരുന്നു അപകടം. ഓടിക്കൂടിയ നാട്ടുകാര്‍ അപകടത്തില്‍പ്പെട്ട ബസില്‍നിന്ന് യാത്രക്കാരെ വേഗത്തില്‍ പുറത്തെത്തിച്ചതിനാല്‍ കൂടുതല്‍ ജീവഹാനി ഒഴിവായി. 49 പേരാണ് ബസിലുണ്ടായിരുന്നത്. കാട്ടാക്കട സ്വദേശി ദാസിനി (61) ആണ് മരിച്ചത്.
കാട്ടാക്കട കീഴാറൂരില്‍നിന്ന് മൂന്നാറിലേക്ക് വിനോദയാത്ര പോയവരാണ് അപകടത്തില്‍പ്പെട്ടത്. ബന്ധുക്കളായിരുന്നു ഇവരിലേറെയും. നിരവധി കുട്ടികളും ബസിലുണ്ടായിരുന്നു.വളവില്‍ നിയന്ത്രണം നഷ്ടമായപ്പോള്‍ റോഡിന്റെ ഒരു വശത്തേക്ക് ബസ് മറിഞ്ഞുവീഴുകയായിരുന്നു. വേഗത്തിലുണ്ടായ മറിയലില്‍ ബസിലുണ്ടായിരുന്നവര്‍ തെറിച്ചുവീണാണ് പരിക്കേറ്റത്. മരിച്ച ദാസിനിക്ക് ശരീരത്തില്‍ മുറിവുകളൊന്നും ഉണ്ടായിരുന്നില്ല. തലയ്ക്കാണ് പലര്‍ക്കും പരിക്കേറ്റിട്ടുള്ളത്.
അപകടവാര്‍ത്ത അറിഞ്ഞയുടന്‍ 25 ആംബുലന്‍സുകളാണ് സ്ഥലത്തേക്ക് കുതിച്ചെത്തിയത്. ആദ്യഘട്ടത്തില്‍ നാട്ടുകാരും ആംബുലന്‍സ് ഡ്രൈവര്‍മാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തിന്റെ ശബ്ദവും യാത്രക്കാരുടെ നിലവിളിയും കേട്ടാണ് നാട്ടുകാരടക്കമുള്ളവര്‍ പ്രദേശത്തേക്ക് പാഞ്ഞെത്തിയത്. പത്തുമിനിറ്റിനകം പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി എന്നതും ആശ്വാസമായി.
Content Highlights: Kerala Tourist Bus Accident: Driver Negligence Blamed
Published: 18 Jan 2025, 08:58 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented