ന്യൂഡല്‍ഹി: ഗതാഗത നിയമങ്ങള്‍ ലംഘിച്ച് വാഹനം ഓടിച്ചതുമായി ബന്ധപ്പെട്ട് 2015ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് കേരളത്തില്‍. അമിത വേഗതയിലും അശ്രദ്ധമായും വാഹനമോടിച്ചതുമായി ബന്ധപ്പെട്ട കേസുകളിലാണ് കേരളം മുമ്പന്തിയിലുള്ളതെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
പത്തു ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തില്‍ തിരുവനന്തപുരം- 12,440, കൊച്ചി- 10,502, തൃശ്ശൂര്‍- 8,068 എന്നിവയാണ് രാജ്യത്ത് മുമ്പന്തിയില്‍ നില്ക്കുന്ന നഗരങ്ങള്‍. ഇക്കൂട്ടത്തില്‍ ഡല്‍ഹി (7,411) യുടെ സ്ഥാനം നാലാമതാണ്.
അമിത വേഗതയില്‍ വാഹനമോടിച്ചതിന് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 1,538 കേസുകളിലെ പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. കേരളത്തിലാണ് ഈ വിഭാഗത്തിലും ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്- 500 കേസുകള്‍.
3.5 കോടി ജനസംഖ്യയുള്ള കേരളത്തില്‍ ഒരു കോടിയോളം വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളതെന്ന് മുന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ് പറഞ്ഞു. എന്നാല്‍ മറ്റ് പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച് കുറഞ്ഞ റോഡ് സൗകര്യങ്ങള്‍ മാത്രമാണ് കേരളത്തിലുള്ളത്. 2.75 ലക്ഷം കിലോമീറ്ററാണ് കേരളത്തിലെ റോഡുകളുടെ ആകെ ദൈര്‍ഘ്യം. ഇതില്‍ 2.5 ലക്ഷം കിലോമീറ്ററും അഞ്ച് മീറ്ററില്‍ കുറവ് വീതിയുള്ള റോഡുകകളാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ മൊത്തം വാഹനങ്ങളുടെ എണ്ണത്തില്‍ 10 ശതമാനം മാത്രമാണ് കേരളത്തിലുള്ളത്. എന്നാല്‍ ഗതാഗത നിയമലംഘനങ്ങളുടെ എണ്ണത്തില്‍ കേരളം ഏറെ മുന്പന്തിയിലാവുന്നതിന് കാരണം റോഡുകളുടെ അപാകതയാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..