ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയക്കെടുതി വിലയിരുത്താന്‍ കേന്ദ്ര സംഘം ഉടന്‍ എത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഹ്രസ്വകാല വായ്പയായി 2000 കോടി രൂപ അടിയന്തര സഹായമായി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

കേന്ദ്രമന്ത്രി നരേന്ദ്രസിങ് തോമറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് ഹ്രസ്വകാല വായ്പ ഇനത്തില്‍ 2000 കോടി രൂപ 3 ശതമാനം പലിശ നിരക്കില്‍ അടിയന്തര സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സഹകരണ മേഖലയിലെ പ്രതിസന്ധി വകുപ്പിന്റെ ചുമതലുള്ള മന്ത്രിയെ അറിയിച്ചിട്ടുള്ളതായും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. 

2018 ല്‍ കാര്‍ഷിക കടങ്ങള്‍ക്കുള്ള മൊറട്ടോറിയത്തിന്റെ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയിരുന്നു. ഈ വര്‍ഷവും പ്രളയമുണ്ടായ സാഹചര്യത്തില്‍ കാര്‍ഷിക വായ്പകള്‍ക്കുള്ള മൊറട്ടോറിയത്തിന്റെ കാലാവധി വീണ്ടും ഒരു വര്‍ഷത്തേക്ക് കൂടി നീട്ടണമെന്ന നരേന്ദ്രസിങ് തോമറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സഹകരണ ബാങ്കുകളില്‍ നിന്നും സഹകരണ സംഘങ്ങളില്‍ നിന്നുമെടുത്തിട്ടുള്ള മറ്റ് കടങ്ങളും പുനഃക്രമീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

Content Highlights: Kerala to seek extension of moratorium to one year says Kadakampally Surendran