പ്രതീകാത്മകചിത്രം| Photo: Pics 4 news
തിരുവനന്തപുരം: വാക്സിന് തീര്‍ന്നതിനാല്‍ മൂന്നുദിവസമായി അവതാളത്തിലായ സംസ്ഥാനത്തെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ഇന്ന് ഭാഗികമായി പുനഃരാരംഭിക്കും. ഇന്നലെ മേഖലാ കേന്ദ്രങ്ങളിലെത്തിച്ച വാക്സിന് വൈകാതെ തന്നെ ജില്ലകളിലേക്ക് വിതരണം ചെയ്തു തുടങ്ങിയിരുന്നു.
ഇന്ന് പ്രധാനകേന്ദ്രങ്ങളിലെല്ലാം കുത്തിവെപ്പുണ്ടാകും. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, തൃശ്ശൂര്‍ തുടങ്ങി വിവിധ ജില്ലകളിലെ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാക്സിനേഷന് പൂര്‍ണമായി സ്തംഭിച്ചിരുന്നു. മറ്റിടങ്ങളില്‍ ചെറിയ തോതില്‍ കൊവാക്സിന് കുത്തിവെപ്പ് മാത്രമാണ് നടന്നത്. ഇന്നലെ കൂടുതല്‍ വാക്സിന് എത്തിയതോടെ പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമായി.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മേഖലകളിലായി ആകെ 9,72,590 ഡോസ് വാക്സിനാണ് ലഭിച്ചത്. 8,97,870 ഡോസ് കോവിഷീല്‍ഡും 74,720 ഡോസ് കോവാക്സിനുമാണ് ലഭിച്ചത്. ഇവ നാലുദിവസത്തേക്ക് മാത്രമേ തികയൂ എന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.
കുത്തിവെപ്പ് പുനഃരാരംഭിക്കുമ്പോള്‍ വാക്സിനേഷന് കേന്ദ്രങ്ങളിലുണ്ടാകുന്ന തിരക്ക് ഒഴിവാക്കാന്‍ പോലീസിന് ഡി.ജി.പി. അനില്‍കാന്ത് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആള്‍ക്കൂട്ടം ഒഴിവാക്കാനും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാനുമാണ് നിര്‍ദേശം.
സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,90,02,710 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. അതില്‍ 1,32,86,462 പേര്‍ക്ക് ഒന്നാം ഡോസും 57,16,248 പേര്‍ക്ക് രണ്ടാം ഡോസും നല്കി. ജനസംഖ്യയിലെ 37.85 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 16.28 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.
content highlights: kerala to resume covid vaccination today
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..