തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന പൊതുമരാമത്ത് റോഡുകളുടെ പുനര്‍നിര്‍മാണത്തിന് ജെര്‍മന്‍ ഡെവലപ്മെന്റ് ബാങ്കിന്റെ സഹായം. ഇതിനുള്ള കരാറില്‍ സംസ്ഥാന സര്‍ക്കാരും ജര്‍മന്‍ ഡെവലപ്മെന്റ് ബാങ്കും ഒപ്പുവെച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി.

1800 കോടി രൂപയുടെ പദ്ധതിയില്‍ 1400 കോടി രൂപയുടെ സഹായമാണ് ജര്‍മന്‍ ഡെവലപ്മെന്റ് ബാങ്ക് നല്‍കുക. ഇതിനു പുറമെ 25 കോടി രൂപ സ്ഥാപന ശാക്തീകരണത്തിനും ശേഷി വര്‍ദ്ധനയ്ക്കുമായി ഗ്രാന്റായും നല്‍കും.

സാമ്പത്തിക സഹായം സംബന്ധിച്ച് കേരളവും കേന്ദ്രസര്‍ക്കാരും ജര്‍മനിയുമായി നേരത്തെ തന്നെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. പുനര്‍നിര്‍മാണം സംബന്ധിച്ച പദ്ധതി റിപ്പോര്‍ട്ട് കേരളം കഴിഞ്ഞ ഫെബ്രുവരിയില്‍ കേന്ദ്രസാമ്പത്തികകാര്യ വകുപ്പിന് കൈമാറിയിരുന്നു. ഒക്ടോബര്‍ 30ന് ജര്‍മന്‍ ബാങ്കും കേന്ദ്ര സര്‍ക്കാരും ലോണ്‍ എഗ്രിമെന്റ് ഒപ്പുവച്ചു. തുടര്‍ന്നാണ് ചൊവ്വാഴ്ച സംസ്ഥാനവുമായി കരാര്‍ ഒപ്പുവെച്ചത്.

അഞ്ച് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കും. സംസ്ഥാനത്തെ 31 റോഡുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മിക്കുന്നത്. മൊത്തം 800 കിലോമീറ്റര്‍ ദൂരം ഇതില്‍ ഉള്‍പ്പെടുന്നു. കെ. എസ്. ടി. പിയാണ് പണി നടത്തുക. മേയ് 2020 ഓടെ പണി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

Content Highlights: Kerala to get German aid of Rs 1400 cr for post-flood rebuilding- Signed Agreement