മന്ത്രി വി ശിവൻകുട്ടി പ്ലസ്ടു ഫലപ്രഖ്യാപനം നടത്തുന്നു
ന്യൂഡല്‍ഹി: 10, 12 ക്ലാസുകളിലേക്ക് ഓഫ്ലൈന് പരീക്ഷ നടത്താന്‍ അനുവദിക്കണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഫെബ്രുവരി 28-ന് അകം പത്ത്, പന്ത്രണ്ട് ക്ളാസ്സുകളിലെ എല്ലാ സിലബസും പൂര്‍ത്തിയാക്കുമെന്നും സംസ്ഥാനം കോടതിയെ അറിയിക്കും.
നവംബര്‍ മുതല്‍ കേരളത്തില്‍ ഓഫ്ലൈന് ക്ളാസ്സുകള്‍ ആരംഭിച്ചിരുന്നു. അതിനാല്‍ ഫെബ്രുവരി അവസാനത്തോടെ സിലബസ് പ്രകാരമുള്ള എല്ലാ പാഠങ്ങളും പൂര്‍ത്തികരിക്കാനാകും. പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ ഏതാണ്ട് ഒരു മാസത്തെ സമയം വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിക്കും.
പത്താം ക്ളാസ് പരീക്ഷ മാര്‍ച്ച് 31-ന് ആരംഭിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഏപ്രില്‍ 29 വരെ പരീക്ഷ നീണ്ടുനില്‍ക്കും. പ്ലസ് ടു പരീക്ഷ മാര്‍ച്ച് 30-ന് ആരംഭിച്ച് ഏപ്രില്‍ 22-ന് അവസാനിക്കും. വിദ്യാര്‍ത്ഥികളുടെ സൗകര്യംകൂടി കണക്കിലെടുത്താണ് പരീക്ഷ ടൈം ടേബിള്‍ തയ്യാറാക്കിയതെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കും.
10, 12 ക്ളാസ്സുകളിലേക്ക് സിബിഎസ്ഇ, ഐസിഎസ്ഇ, സംസ്ഥാന ബോര്‍ഡുകള്‍ എന്നിവ നടത്തുന്ന ഓഫ്ലൈന് പരീക്ഷകള്‍ക്ക് എതിരായ ഹര്‍ജി കോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാര്‍ പരീക്ഷ ഓഫ്ലൈനായി നടത്താന്‍ സജ്ജമാണെന്ന് കോടതിയെ അറിയിക്കാന്‍ തീരുമാനിച്ചത്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ക്ളാസ്സുകള്‍ മുടങ്ങിയതിനാല്‍ സിലബസ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് ഹര്‍ജിക്കാരുടെ വാദം.
കഴിഞ്ഞ അധ്യനവര്ഷത്തില് ഓഫ്ലൈന് പരീക്ഷ റദ്ദാക്കി മൂല്യനിര്‍ണയത്തിന് പ്രത്യേക സ്കീം സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ വര്‍ഷവും സമാനമായ ഉത്തരവ് കോടതിയില്‍ നിന്ന് ഉണ്ടാകണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.
Content Highlights: Kerala government has decided to ask the Supreme Court to allow offline exams for classes 10 and 12
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..