യു. ഷറഫലി, പി.വി. ശ്രീനിജൻ | Photo: Mathrubhumi
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് എറണാകുളം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് പനമ്പള്ളി നഗര്‍ സ്‌പോര്‍ട്‌സ് അക്കാദമി ഗ്രൗണ്ടിന്റെ വാടകയിനത്തില്‍ എട്ടുലക്ഷത്തിലേറെ രൂപ നല്‍കാനുണ്ടെന്ന എം.എല്‍.എ. പി.വി. ശ്രീനിജന്റെ വാദത്തെ തള്ളി സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി. കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന് ബ്ലാസ്‌റ്റേഴ്‌സ് യാതൊരു വാടകകുടിശ്ശികയും വരുത്തിയിട്ടില്ലെന്ന് യു. ഷറഫലി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ ഏപ്രില്‍ വരേയുള്ള വാടക ബ്ലാസ്റ്റേഴ്‌സ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
'ബ്ലാസ്‌റ്റേഴ്‌സും സ്‌റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലും തമ്മില്‍ കരാറുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് ഗ്രൗണ്ട് ഉപയോഗിക്കാനുള്ള അവകാശമുണ്ട്. അവര്‍ക്ക് ടീമിന്റെ പരിശീലനത്തിനും സെലക്ഷന്‍ ട്രയല്‍സിനുമായി ഗ്രൗണ്ട് ഉപയോഗിക്കാം. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളല്ല ഗ്രൗണ്ടിന്റെ അവകാശികള്‍. കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴിലാണ് എല്ലാ സ്‌റ്റേഡിയങ്ങളും. എം.എല്‍.എയുടെ നടപടി വളരെ പ്രയാസമുണ്ടാക്കുന്നതാണ്. ട്രയല്‍സിന് എത്തിയ കുട്ടികളെ ഒരുകാരണവശാലും ബുദ്ധിമുട്ടിക്കാന്‍ പാടില്ലായിരുന്നു.', യു. ഷറഫലി പറഞ്ഞു.
അതേസമയം, എം.എല്‍.എയ്‌ക്കെതിരെ എറണാകുളം എം.പി. ഹൈബി ഈഡന്‍ രംഗത്തെത്തി. പി.വി. ശ്രീനിജനെതിരെ പോലീസ് ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം സ്ഥാനം ഒഴിഞ്ഞ് മേഖലയുമായി ബന്ധമുള്ള ആര്‍ക്കെങ്കിലും വഴിമാറണമെന്നും ഹൈബി ഈഡന്‍ എം.പി. ആവശ്യപ്പെട്ടു.
'ജനപ്രതിനിധി വ്യക്തിപരമായ താത്പര്യങ്ങളും ധാര്‍ഷ്ഠ്യവും പ്രകടിപ്പിക്കുന്ന രംഗമാണ് പനമ്പള്ളി നഗറിലെ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ അരങ്ങേറിയത്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എന്നതിലുപരി എം.എല്‍.എ. എന്ന പദവിയില്‍ ഇരിക്കുന്നൊരാള്‍ ഒരുകാരണവശാലും ചെയ്യാന്‍ പാടില്ലാത്ത രീതിയിലാണ് അദ്ദേഹത്തിന്റെ പെരുമാറ്റം. സ്‌കൂളിന്റെ ഗേറ്റ് എങ്ങനെയാണ് ഒരു എം.എല്‍.എയ്ക്ക് അടയ്ക്കാന്‍ സാധിക്കുന്നത്? തദ്ദേശസ്ഥാപനങ്ങള്‍ക്ക് കീഴിലാണ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. തദ്ദേശസ്ഥാപന ജനപ്രതിനിധികള്‍ അറിയാതെ എങ്ങനെയാണ് അദ്ദേഹത്തിന് സ്‌കൂളിന്റെ ഗേറ്റ് അടച്ചിടാന്‍ കഴിയുക? അദ്ദേഹത്തിനെതിരെ ക്രിമിനല്‍ നടപടിക്ക് പോലീസ് കേസ് എടുക്കണം. ഒരുകാരണവശാലും ന്യായീകരിക്കാനും അംഗീകരിക്കാനും കഴിയാത്ത നടപടിയാണ് എം.എല്‍.എയുടേത്. ബ്രഹ്മപുരമടക്കമുള്ള വിഷയങ്ങളുള്ളപ്പോള്‍ അദ്ദേഹമെന്തിനാണ് ആവശ്യമില്ലാത്ത വിഷയങ്ങളില്‍ ഇടപെടുന്നത്?', ഹൈബി ചോദിച്ചു.
ബ്ലാസ്റ്റേഴ്‌സിന്റെ അണ്ടര്‍ 17 ടീം സെലക്ഷന്‍ നടക്കേണ്ട ഗ്രൗണ്ടിന്റെ ഗേറ്റ് എം.എല്‍.എ. ശ്രീനിജന്‍ പൂട്ടിയത് വിവാദമായിരുന്നു. എട്ടുമാസത്തെ വാടക ബ്ലാസ്റ്റേഴ്‌സ് ടീം നല്‍കിയില്ലെന്ന് ആരോപിച്ചായിരുന്നു ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കൂടിയായ എം.എല്‍.എയുടെ നടപടി. എം.എല്‍.എ. ഗേറ്റ് പൂട്ടിയതിനെത്തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ കുട്ടികള്‍ പെരുവഴിയിലായിരുന്നു. പുലര്‍ച്ചെ മുതല്‍ ട്രയല്‍സിനായെത്തിയ കുട്ടികളാണ് എം.എല്‍.എയുടെ നടപടിയെത്തുടര്‍ന്ന് ബുദ്ധിമുട്ടിലായത്.
സംഭവം വിവാദമായതോടെ പിന്നീട് ഗേറ്റ് തുറന്നുകൊടുത്തു. കുട്ടികളെ പെരുവഴിയിലാക്കി കേരള ബ്ലാസ്റ്റേസ് അധികൃതരും ട്രയല്‍സിന്റെ സംഘാടകരും ഇതിനിടെ മുങ്ങിയിരുന്നു. ഗേറ്റ് തുറന്നുകൊടുത്തതോടെ സെലക്ഷന്‍ നടപടികള്‍ പുനഃരാരംഭിച്ചു.
Content Highlights: kerala state sports council against pv sreenijin mla on blasters selection trails controversy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..