ഇപ്പോഴത്തെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ 64 ശതമാനവും കേരളത്തില്‍ നിന്നാണ്. രോഗബാധിതരേക്കാള്‍ കൂടുതല്‍ രോഗം ബാധിക്കാത്തവരായതിനാല്‍ കോവിഡിന്റെ മൂന്നാം തരംഗമുണ്ടായാലും കേരളത്തിന് ആശ്വസിക്കാനാവില്ല. എന്തു കൊണ്ടാണ് കേരളത്തില്‍ ഇപ്പോഴും കോവിഡ് കേസുകള്‍ കൂടി നില്‍ക്കുന്നത്? രോഗപ്രതിരോധത്തില്‍ കേരളത്തിന് പാളിച്ച പറ്റിയത് എവിടെ? കോഴിക്കോട് മെഡിക്കല്‍ കോളേജ് ജനറല്‍ മെഡിസിന്‍ വിഭാഗം മുന്‍ മേധാവി ഡോ. പി.കെ.ശശിധരന്‍ സംസാരിക്കുന്നു

കോവിഡിനെ പ്രതിരോധിക്കുന്നതില്‍ കേരളത്തിന് പിഴവുസംഭവിച്ചോ?


pksപുതിയ രോഗമെന്ന നിലയില്‍ ലോകത്ത് എല്ലായിടത്തും കോവിഡ് പ്രതിരോധത്തില്‍ പിഴവ് സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ഏറ്റവും മികച്ച ആരോഗ്യസംവിധാനങ്ങള്‍ ഉള്ള സംസ്ഥാനം എന്ന നിലയില്‍ കോവിഡിനെ നമുക്ക് മികച്ച രീതിയില്‍ പ്രതിരോധിക്കാമായിരുന്നു. കോവിഡ് മാനദണ്ഡങ്ങളിലെ പിഴവ് പലതവണ ചൂണ്ടിക്കാണിച്ചിട്ടുപോലും തിരുത്തല്‍ വരുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ല. കോവിഡ് വന്നാല്‍ ഒരുപാട് പേര്‍ മരിച്ചുപോകും എന്ന ഭീതിയോടെയാണ് ഇവിടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. മരണനിരക്ക് കുറക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചതാണ് കേരളത്തിന് സംഭവിച്ച പ്രധാന പിഴവ്.

നമ്മള്‍ ശ്രദ്ധിക്കേണ്ടിയിരുന്നത് ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം കുറക്കാനും രോഗം വന്നാല്‍ അത് ഗുരുതരമാവാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനുമായിരുന്നു. വികേന്ദ്രീകൃതമായ ചികിത്സാ സംവിധാനമായിരുന്നു കേരളത്തിന് ആദ്യം മുതല്‍ വേണ്ടിയിരുന്നത്. ഏറ്റവും മികച്ച പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ ഉള്ള സംസ്ഥാനമാണ് കേരളം. ഇവിടെ രോഗികളെ ചികിത്സിക്കാനുള്ള നടപടികള്‍ തുടക്കത്തില്‍ തന്നെ സ്വീകരിക്കേണ്ടിയിരുന്നു. പകരം കോവിഡ് കെയര്‍ ആശുപത്രികള്‍ സജ്ജീകരിക്കുന്നതിലാണ് നമ്മള്‍ ശ്രദ്ധകേന്ദ്രീകരിച്ചത്. ഇത് മറ്റ് രോഗികള്‍ക്ക് ആശുപത്രികളില്‍ ചികിത്സ കിട്ടുന്നത് പരിമിതപ്പെടാന്‍ പോലും കാരണമായി. രോഗം വരാതെ സൂക്ഷിക്കാനും നമുക്ക് മറ്റ് പലകാര്യങ്ങളും ചെയ്യാന്‍ കഴിയുമായിരുന്നു. ഭക്ഷണരീതിയും ജീവിതശൈലിയും മികച്ച രീതിയില്‍ ക്രമീകരിക്കാനുള്ള നിര്‍ദ്ദേശം തുടക്കത്തിലേ കൊടുത്തിരുന്നെങ്കില്‍ കോവിഡ് ബാധിച്ചവര്‍ ഗുരുതരവസ്ഥയിലേക്ക് എത്തുന്നത് മാത്രമല്ല രോഗം പിടികൂടുന്നത് പോലും മികച്ച രീതിയില്‍ തടയാമായിരുന്നു.

ലോക്ഡൗണ്‍ നീട്ടിയത് കേരളത്തിന് തിരിച്ചടിയായോ?

ലോക്ഡൗണ്‍ നീട്ടിയത് വിനയായി എന്നുതന്നെ വേണം പറയാന്‍. എല്ലാം തുറന്നിട്ടുകൊണ്ട് രോഗത്തെ പ്രതിരോധിച്ച് മുന്നോട്ട് പോകാനുള്ള പ്ലാനാണ് കേരളത്തിന് കേരളത്തിന് വേണ്ടിയിരുന്നത്. മൂന്ന് മാസത്തിനു ശേഷവും ലോക്ഡൗണ്‍ തുടരാനുള്ള തീരുമാനത്തെ ഞാന്‍ എതിര്‍ത്തിരുന്നു. കാരണം ആര്‍ജ്ജിത പ്രതിരോധ ശേഷി കൈവരിക്കാനുള്ള അവസരമാണ് അടച്ചിടല്‍ നീട്ടിയത് കൊണ്ട് കേരളം നഷ്ടപ്പെടുത്തിയത്.

കാരണം വാക്‌സിന്‍ എടുക്കുന്നതിലൂടെ കിട്ടുന്ന രോഗപ്രതിരോധശേഷിയേക്കാള്‍ എത്രയോ മികച്ചത് സ്വയം ആര്‍ജ്ജിക്കുന്ന പ്രതിരോധ ശേഷിയാണ്. ഇതിലൂടെ മാത്രമാണ് വൈറസിന്റെ എല്ലാ കമ്പോണന്റിനെതിരെയുമുള്ള ആന്റിബോഡികള്‍ ശരീരത്തില്‍ ഉണ്ടാവുന്നത്. എന്നാല്‍ കോവിഡ് പ്രതിരോധത്തിന് വാക്‌സിന്‍ എടുക്കുന്നതിലൂടെ കിട്ടുന്ന പ്രതിരോധ ശേഷി മാത്രമേ ഗുണം ചെയ്യൂ എന്ന തെറ്റായ രീതിയിലാണ് കേരളം മുന്നോട്ട് പോയത്. 

ഞായറാഴ്ചകളിലെ ലോക്ഡൗണ്‍ തുടരാനാണ് തീരുമാനം ഇത് ആവശ്യമാണോ?

ഞായറാഴ്ച മാത്രമല്ല ഒരു ദിവസം പോലും അടച്ചിടേണ്ട ആവശ്യം നമുക്കില്ല. ഞായറാഴ്ചകളിലെ അടച്ചിടല്‍ മറ്റുദിവസങ്ങളിലെ തിരക്ക് കൂടാനെ സാധിക്കൂ. ഒരു ദിവസം മാത്രം അടച്ചിടുക എന്നത് ശാസ്ത്രീയമല്ല. എല്ലാം എല്ലാ ദിവസവും തുറന്നിടുകയാണ് വേണ്ടത്. 

നിപ്പയെ പോലെ കോവിഡിനെ പൂര്‍ണ്ണമായും പ്രതിരോധിക്കാനുള്ള ശ്രമം പാളിയോ?

പൂര്‍ണ്ണമായും തടഞ്ഞു നിര്‍ത്താന്‍ കഴിയുന്ന ഒരു രോഗമാണ് എന്ന ധാരണയോടെയാണ് നമ്മുടെ പ്രതിരോധപ്രവര്‍ത്തനം തുടങ്ങിയത്. അവിടെയാണ് നമുക്ക് തെറ്റുപറ്റിയത്. നിപ്പയെ തുടങ്ങിയ സ്ഥലത്ത് വെച്ചു തന്നെ നമുക്ക് പ്രതിരോധിക്കാം. ആ രീതിയിലാണ് കോവിഡിനേയും കൈകാര്യം ചെയ്തത്. കോവിഡിന്റേത് രോഗവ്യാപന ശേഷി കൂടുതലുള്ള വൈറസാണെന്നും എല്ലാവര്‍ക്കും വരാന്‍ സാധ്യത ഉള്ളതാണെന്നും തുടക്കത്തിലേ മനസ്സിലായ കാര്യമാണ്. എന്നാല്‍ ആ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ കേരളത്തിന്റെ ആരോഗ്യസംവിധാനം തയ്യാറായില്ല. നിപ്പയെ തടഞ്ഞത് പോലെ തന്നെ കോവിഡിനേയും പൂര്‍ണ്ണമായും തടയും ആര്‍ക്കും വരാതെ നോക്കും വന്നാല്‍ തന്നെ ആരേയും മരണത്തിന് വിട്ടുകൊടുക്കില്ല എന്ന രീതിയാണ് നമ്മള്‍ കൈക്കൊണ്ടത്. അവിടെയാണ് നമുക്ക് തെറ്റിയതും

കോവിഡിന്റെ മൂന്നാം ഘട്ടത്തെ പ്രതിരോധിക്കാന്‍ എന്തെല്ലാം ചെയ്യാം?

കേരളത്തില്‍ രോഗം വരാന്‍ സാധ്യത ഉള്ളവരാണ് ഇപ്പോഴും കൂടുതല്‍. കൂടുതല്‍ രോഗികളെ കേരളം മൂന്നാംഘട്ടത്തിലും പ്രതീക്ഷിക്കണം. ആര്‍ജ്ജിത പ്രതിരോധ ശേഷി കൈവരിക്കാത്തതിനാല്‍ തന്നെ വാക്‌സിനേഷന്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. രോഗം വന്നാല്‍ മൂര്‍ച്ഛിക്കാന്‍ സാധ്യത ഉള്ളവര്‍ക്കും രോഗം വരാന്‍ സാധ്യത കൂടുതല്‍ ഉള്ളവര്‍ക്കും ഏത്രയും പെട്ടന്ന് രണ്ട് ഡോസ് വാക്‌സിനും കൊടുത്ത് തീര്‍ക്കണം. ഒപ്പം ചികിത്സ വികേന്ദ്രീകൃതമാക്കുന്നതിനും നടപടി ഉണ്ടാകണം. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കൂടി ഉള്‍ക്കൊള്ളിച്ച് വേണം ചികിത്സ മുന്നോട്ട് പോകാന്‍. അധികാരത്തിലിരിക്കുന്നവര്‍ ഉത്തരവിടുന്നതിനനുസരിച്ച് മുന്നോട്ട് പോകുന്നതിന് പകരം ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ തീരുമാനത്തിനും നിര്‍ദ്ദേശത്തിനും അനുസരിച്ച് വേണം ഇനി എങ്കിലും കാര്യങ്ങള്‍ മുന്നോട്ട് പോകാന്‍. 

കേരളത്തില്‍ സ്‌കൂള്‍ തുറക്കാനുള്ള സമയം ആയോ?

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നേരത്തെ തന്നെ പൂര്‍ണ്ണമായും തുറക്കേണ്ടിയിരുന്നു. സ്‌കൂളുകള്‍ ഇങ്ങനെ അടച്ചിടേണ്ടി വന്നപ്പോള്‍ ഉണ്ടായ പ്രത്യാഘാതങ്ങളെ കുറിച്ച് ആലോചിച്ച് നോക്കൂ. കുട്ടികളുടെ മാനസിക വളര്‍ച്ച മുരടിച്ചു. പെരുമാറ്റത്തില്‍ വ്യത്യാസം വന്നുതുടങ്ങി. സമൂഹത്തില്‍ ഇടപഴകാനുള്ള അവസരം നഷ്ടമായി. ദേഷ്യം, ആത്മഹത്യാ പ്രവണത, കുറ്റകൃത്യങ്ങളോടുള്ള വാസന എന്നിവയെല്ലാം കൂടി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുക എന്നത് എന്നത് തലവേദന വന്നാല്‍ തലവെട്ടിക്കളയുക എന്ന് പറയുന്നത് പോലെയുള്ള രീതിയാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുക തന്നെയാണ് വേണ്ടത്.

content highlights: kerala state's decision to extend lockdown adversely effected on covid resistance