തിരുവനന്തപുരം: ചലച്ചിത്ര മേഖലയോട് താല്‍പ്പര്യവും സാമൂഹ്യബോധവും മാനത്യയുമുണ്ടങ്കില്‍ കമല്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെക്കണമെന്ന് ബി.ജെ.പി. വക്താവ് ബി. ഗോപാലകൃഷ്ണന്‍. കലയെ സ്‌നേഹിക്കുകയും വളര്‍ത്തുകയുമാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെ കടമയെന്നും അദ്ദേഹം പറഞ്ഞു. 

രാഷ്ട്രീയം പ്രസംഗിക്കുകയൊ ഇടതുപക്ഷ സഹായാത്രികരെ സംരക്ഷിക്കുകയൊ ചെയ്യുന്നതിനല്ല ജനങ്ങളുടെ നികുതിപ്പണം മേടിച്ച് കമല്‍ അക്കാദമിയില്‍ ഇരിക്കുന്നത്. ഇത് അക്കാദമിയുടെ അന്തസിനും ഭരണഘടനക്കും ചേര്‍ന്നതല്ലന്ന് മാത്രമല്ല വിരുദ്ധവുമാണ്. ഇടത് പക്ഷ സ്വാധീനം ഉണ്ടാക്കലല്ല ചെയര്‍മാന്റെ ജോലിയെന്നും അദ്ദേഹം പറഞ്ഞു. 

പി.എസ്.സി നിയമനം കിട്ടാതെ അലയുന്ന യുവാക്കളെ പോലും വഞ്ചിച്ച് കൊണ്ട് ഇടത് പക്ഷ രാഷ്ട്രീയത്തിന്റെ സ്വാധീനം ഉറപ്പിക്കുന്ന ബ്രോക്കര്‍ പണിയാണ് കമല്‍ നടത്തിയത്. വാസ്തവത്തില്‍ ട്രഷറിയിലെ നികുതി പണം ഉപയോഗിച്ച് ഇതുവരെ ഈ കരാര്‍കാരെ കമല്‍ ഉപയോഗിച്ചിരുന്നത് രാഷ്ട്രീയ പ്രേരിതമായിട്ടായിരുന്നൊ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 

ഇനി ഒരു നിമിഷം അക്കാദമി ചെയര്‍മാനായിരിക്കുവാനുള്ള യോഗ്യത കമലിനില്ലെന്നും രാജിവെച്ചില്ലങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Content Highlights: Kerala State Chalachitra Academy, Director Kamal, BJP, B. Gopalakrishnan