ഫയൽചിത്രം/മാതൃഭൂമി
തിരുവനന്തപുരം: സംസ്ഥാനത്ത് സി.ബി.ഐക്ക് അന്വേഷണം നടത്താനുള്ള പൊതുസമ്മതപത്രം പിന്‍വലിക്കാന്‍ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. ഇനി വരുന്ന കേസുകളെയാണ് നിയന്ത്രണം ബാധിക്കുക.
സി.ബി.ഐക്ക് നേരത്തെ അനുമതിയില്ലാതെ കേസെടുക്കാനുള്ള പൊതുസമ്മതം നല്‍കിയിരുന്നു സംസ്ഥാനസര്‍ക്കാര്‍. ആ അനുമതി പത്രമാണ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്.
ഇനി കേസ് രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമായി വരും. കോടതിയുടെ നിര്‍ദേശപ്രകാരം കേസുകള്‍ എടുക്കണമെങ്കിലോ ക്രിമിനല്‍ കേസുകള്‍ വരുമ്പോഴോ ഇത് ബാധകമാവില്ല. ഇത് എക്‌സിക്യൂട്ടീവ് ഓര്‍ഡറായി നിലവില്‍ വരും.
കേരളത്തില്‍ സി.ബി.ഐയെ വിലക്കണമെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോയും നേരത്തെ നിര്‍ദേശിച്ചിരുന്നു. സി.ബി.ഐ. അന്വേഷണത്തിനുള്ള പൊതു സമ്മതം എടുത്തു മാറ്റാനാണ് പി.ബി. നിര്‍ദേശിച്ചത്. അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്.
വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കോടതിയുടെ നിര്‍ദേശപ്രകാരമോ സര്‍ക്കാരിന്റെ ആവശ്യപ്രകാരമോ അല്ലാതെ സിബിഐ അനില്‍ അക്കര എം.എല്‍.എയുടെ പരാതിയില്‍ അന്വേഷണം ആരംഭിക്കുകയും ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. ഇത് സര്‍ക്കാരിനെ പ്രകോപിപ്പിച്ചിരുന്നു. തുടര്‍ന്നാണ് സി.ബി.ഐക്കുള്ള പൊതുസമ്മതം പുനഃപരിശോധിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിയമോപദേശം തേടിയത്.
പൊതുസമ്മതം പിന്‍വലിക്കാനുള്ള തീരുമാനം എക്‌സിക്യൂട്ടീവ് ഓര്‍ഡറായി പുറത്തിറക്കും. 2017-ലാണ് സി.ബി.ഐക്ക് സംസ്ഥാനത്ത് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ പൊതുസമ്മതം നല്‍കിയത്. അതേസമയം, സി.ബി.ഐയുടെ നിലവിലെ അന്വേഷണങ്ങളെ ഈ തീരുമാനം ബാധിക്കില്ല. ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് തുടര്‍ന്നും അന്വേഷണം തുടരാം.
Content Highlights: Kerala State cabinet decided to regulate functioning of CBI in Kerala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..