കേരള സ്റ്റേറ്റ് ബാംബൂ കോർപറേഷൻ
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ബാംബൂ കോര്‍പറേഷന്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. ഈറ്റ, പനമ്പ് മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി രൂപവത്കരിച്ച കേരള സ്റ്റേറ്റ് ബാംബൂ കോര്‍പറേഷന്‍ അധികാരികളുടെ അനാസ്ഥയെ തുടര്‍ന്നാണ് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നത്. പട്ടികജാതി, പട്ടികവര്‍ഗ മറ്റു പിന്നാക്ക വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവിതമാണ് ഇതോടെ പ്രതിസന്ധിയിലാകുന്നത്.
ബാംബൂ കോര്‍പറേഷന്‍ യഥാസമയം ഈറ്റ വിതരണം നടത്തുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. കിട്ടുന്ന ഈറ്റകൊണ്ട് നെയ്യുന്ന പനമ്പിന് വില നല്‍കാതെ തൊഴിലാളികളെ ദ്രോഹിക്കുന്നു. ഇതുമൂലം തൊഴിലാളികളില്‍ ഭൂരിഭാഗവും ദുരിതം അനുഭവിക്കുകയാണ്. അന്നന്നു ജോലിചെയ്ത് അതില്‍നിന്ന് ലഭിക്കുന്ന കൂലിയില്‍നിന്നാണ് ഉപജീവനം നടത്തിവരുന്നത്. പി.എഫ്., ഗ്രാറ്റുവിറ്റി, മറ്റ് ആനുകൂല്യങ്ങള്‍ നല്‍കുന്നില്ല. പ്രൊവിഡന്റ് ഫണ്ട് വിഹിതം യഥാസമയം അടയ്ക്കുന്നില്ല. ജി.എസ്.ടി അടയ്ക്കാത്തത് നിമിത്തം ഈറ്റ, പനമ്പ്, ബാംബൂപ്ലൈ, ബാംബൂ ടൈല്‍സ് എന്നിവ വില്‍ക്കാന്‍ കഴിയുന്നില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
2022 നവംബര്‍ മുതല്‍ ബാംബൂ കോര്‍പറേഷന്‍ ഡിപ്പോ തൊഴിലാളികള്‍, ബാംബൂ ബോര്‍ഡ് ഫാക്ടറി തൊഴിലാളികള്‍, ജീവനക്കാര്‍, ഇതര തൊഴിലാളികള്‍ എന്നിവര്‍ക്ക് ശമ്പളം ലഭിക്കുന്നില്ല. നെയ്ത്തു തൊഴിലാളികളുടെ പനമ്പിന്റെ വില, മറ്റ് ആനുകൂല്യങ്ങള്‍, വിവിധ തൊഴിലാളികളുടെ ശമ്പളം ഇവ വിതരണം ചെയ്യുന്നതിനുള്ള ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല.
മുഴുവന്‍ സമയം മാനേജിങ് ഡയറക്ടര്‍ ഇല്ലാത്തതാണ് കോര്‍പറേഷന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചത്. വ്യവസായ വകുപ്പ് എറണാകുളം ജില്ലാ ജനറല്‍ മാനേജര്‍ ആണ് ഇപ്പോള്‍ കോര്‍പറേഷന്‍ എം.ഡി. ചാര്‍ജ് വഹിക്കുന്നത്. അദ്ദേഹത്തിന് ബാംബൂ കോര്‍പറേഷന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണമായി ശ്രദ്ധിക്കാന്‍ സാധിക്കുന്നില്ല. ബാംബൂ കോര്‍പറേഷന്റെ എല്ലാ മേഖലയിലുള്ളവരും വളരെ പ്രയാസം അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും ഇവർ പറയുന്നു.
Content Highlights: kerala state bamboo corporation under threat of closure
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..