കൊച്ചി: കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച് കശാപ്പ് നിയന്ത്രണ വിജ്ഞാപനം ഹൈക്കോടതി സ്‌റ്റേ ചെയ്തില്ല.
ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കണമെന്നും ഗൗരവമുള്ള വിഷയമായതിനാല്‍ അടിയന്തിരമായി പരിഗണിക്കുമെന്നും ഹര്‍ജിയില്‍ അടുത്ത മാസം 26ന് വാദം കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി.
കശാപ്പ് നിയന്ത്രണം ഇല്ലെന്നും ചന്തയിലെ വില്‍പനയ്ക്ക് ചില നിയന്ത്രണങ്ങള്‍ മാത്രമാണ് ഏര്‍പ്പെടുത്തിയതെന്നും ഉള്ള കേന്ദ്ര സര്‍ക്കാറിന്റെ വാദം പരിഗണിച്ച് വിജ്ഞാപനത്തില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാകില്ലെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി
കന്നുകാലി കശാപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടിയില്‍ കേന്ദ്രസര്‍ക്കാരിനോട് കേരള ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. സംസ്ഥാന പരിധിയില്‍ വരുന്ന വിഷയത്തിലാണ് കേന്ദ്രം ഇടപെട്ടതെന്ന് കേരള സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.
മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിന്റെ ഭാഗമായാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉത്തരവ് പുറത്തിറക്കിയതെന്നും ഭക്ഷണ സ്വാതന്ത്രത്തെ ഒരു തരത്തിലും ബാധിക്കുന്നില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.