തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ ഉണ്ടായത് സ്വാഭാവികമായ തീപ്പിടിത്തമല്ലെന്നും ആസൂത്രിതമാണെന്നും ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ആര്‍ക്കും വിശ്വസിക്കാന്‍ പറ്റാത്തതാണ് സര്‍ക്കാരിന്റെ ഭാഷ്യമെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടേറിയറ്റില്‍ അഗ്നിബാധ തടയുന്നതിന് താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു എന്നൊരു സര്‍ക്കുലര്‍ ജൂലൈ 13ന് പൊതുഭരണ വകുപ്പ് പുറത്തിറക്കിയിരുന്നു. ഇത് വായിക്കുമ്പോള്‍ മനസ്സിലാകും ഈ തീവെപ്പിന്റെ തിരക്കഥ എന്നുമുതലാണ് തുടങ്ങിയതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സി.സി.ടി.വി. ദൃശ്യങ്ങളുടെ കാര്യത്തിലും ഫയലുകളുടെ കാര്യത്തിലും സര്‍ക്കാര്‍ ഒളിച്ചുകളി നടത്തുകയാണ്. ഫയലുകളുടെ സുരക്ഷ സംബന്ധിച്ച ആശങ്ക ഒരാഴ്ച മുമ്പുതന്നെ പ്രകടിപ്പിച്ചിരുന്നെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

സെക്രട്ടേറിയേറ്റില്‍ ഞായറാഴ്ച ആന്റിജന്‍ പരിശോധന നടന്നു. ആ പരിശോധനയില്‍ പ്രോട്ടോക്കോള്‍വിഭാഗത്തിലെ ചില ഉദ്യോഗസ്ഥന്മാര്‍ക്ക് കോവിഡ് പോസിറ്റീവ് ആയി. ഇതേ തുടര്‍ന്ന് പ്രോട്ടോക്കോള്‍ ഓഫീസ് അടച്ചു എന്നാണ് സര്‍ക്കാരിന്റെ ഭാഷ്യം. ആന്റിജന്‍ പരിശോധന സെക്രട്ടേറിയേറ്റിലെ എത്ര ജീവനക്കാര്‍ക്ക് നടത്തി? എത്ര പേര്‍ക്ക് പോസിറ്റീവ് ആയി. വിവാദ ഉദ്യോഗസ്ഥന്‍ ഷൈന്‍ ഹക്കിനു മാത്രമാണോ കോവിഡ് പോസിറ്റീവ് ആയത്? അദ്ദേഹം ആശുപത്രിയിലാണോ അതോ വീട്ടിലാണോ? പ്രോട്ടോക്കോള്‍ ഓഫീസ് അടയ്ക്കുന്ന കാര്യം മാധ്യമങ്ങള്‍ക്ക് വാര്‍ത്തയായി നല്‍കിയിരുന്നോ? പ്രോട്ടോക്കോള്‍ ഓഫീസ് അടച്ചാല്‍ തന്നെ, സി.പി.എം. അനുഭാവികളായ രണ്ട് ഉദ്യോഗസ്ഥര്‍ മാത്രം അവിടെ എങ്ങനെ എത്തി- സുരേന്ദ്രന്‍ ചോദിച്ചു.

എങ്ങനെയാണ് സെക്രട്ടേറിയറ്റില്‍ തീപ്പിടിച്ചത്? എന്തിനാണ് അവിടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമപ്രവര്‍ത്തകരെ ഓടിച്ചതെന്നും സുരേന്ദ്രന്‍ ആരാഞ്ഞു.

പ്രോട്ടോക്കോള്‍ ഓഫീസ് അടയ്ക്കണം അവിടെ തീപ്പിടിത്തം ഉണ്ടാവണം എന്നത് സര്‍ക്കാര്‍ നേരത്തെ ആസൂത്രണം ചെയ്തതാണ്. കത്തിയത് ഏതു ഫയലാണെന്ന് എങ്ങനെയാണ് പറയാന്‍ സാധിക്കുന്നത്. പ്രോട്ടോക്കോള്‍ ഓഫീസിന്റെ ചുമതലയുള്ള അഡീഷണല്‍ സെക്രട്ടറി പറയുന്നു, കത്തിയത് ഗസ്റ്റ് ഹൗസിന്റെ വിവരങ്ങളുള്ള  ഫയല്‍ ആണെന്ന്. അതെങ്ങനെ പറയാന്‍ സാധിക്കും. മറ്റ് പ്രധാന ഫയലുകള്‍ ഒന്നും കത്തിയിട്ടില്ലെന്ന് അദ്ദേഹത്തിന് എങ്ങനെ പറയാന്‍ സാധിക്കുമെന്നും സുരേന്ദ്രന്‍ ചോദിച്ചു.

content highlights: kerala secratariat fire: deliberate incident says k surendran