100% സാക്ഷരത കൈവരിച്ച കേരളം വിദ്യാഭ്യാസത്തില്‍ 100 ശതമാനമെന്ന് പറയാനാകില്ല -സുപ്രീം കോടതി


ബി. ബാലഗോപാല്‍ / മാതൃഭൂമി ന്യൂസ്

കേരളം നൂറ് ശതമാനം സാക്ഷരത കൈവരിച്ചതില്‍ ദിന പത്രങ്ങളുടെ പങ്ക് വലുതാണെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. മാതൃഭൂമി ദിനപത്രത്തിന്റെ പേര് എടുത്ത് പറഞ്ഞാണ് ജസ്റ്റിസ്മാരായ അബ്ദുല്‍ നസീര്‍, എ എസ് ബൊപ്പണ്ണ, വി രാമസുബ്രമണ്യം എന്നിവര്‍ അടങ്ങിയ മൂന്ന് അംഗ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്.

സുപ്രീംകോടതി | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

ന്യൂഡല്‍ഹി: സാക്ഷരതയില്‍ നൂറ് ശതമാനം കൈവരിച്ച കേരളം വിദ്യാഭ്യാസത്തില്‍ ആ പുരോഗതി കൈവരിച്ചതായി പറയാനാകില്ലെന്ന് സുപ്രീം കോടതി. അധ്യാപകരുടെ നിയമനത്തിനുള്ള യോഗ്യതാ നിര്‍ണയ പരീക്ഷ (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) പാസാകുന്നതിന് പൊതു വിഭാഗത്തില്‍ പെട്ടവര്‍ക്കും, സംവരണ വിഭാഗത്തില്‍ പെട്ടവര്‍ക്കും വ്യത്യസ്ത മാര്‍ക്ക് നിശ്ചയിച്ചതിന് എതിരായി എന്‍എസ്എസ് നല്‍കിയ ഹര്‍ജി തള്ളി കൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. 2015 ല്‍ നല്‍കിയ ഹര്‍ജിയില്‍ ഇനി കോടതിയുടെ ഇടപെടല്‍ ആവശ്യമില്ലെന്ന് വ്യക്തമാക്കിയാണ് ഹര്‍ജി തള്ളിയത്.

ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെയും വിഎച്ച്എസ്ഇയിലെ നോണ്‍വൊക്കേഷനല്‍ അധ്യാപകരുടെയും ഗുണ നിലവാരം ഉയര്‍ത്തുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ യോഗ്യതാ നിര്‍ണയ പരീക്ഷ ഏര്‍പ്പെടുത്തിയത്. യോഗ്യത പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് മാത്രമാണ് അധ്യാപക നിയമനം ലഭിക്കുക. യോഗ്യത പരീക്ഷ വിജയിക്കണമെങ്കില്‍ പൊതു വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഓരോ പേപ്പറിനും 40%, രണ്ടു പേപ്പറിനും ചേര്‍ത്ത് മൊത്തം 50% മിനിമം മാര്‍ക്ക് വേണം.

എന്നാല്‍ മറ്റ് പിന്നാക്ക വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഓരോ പേപ്പറിനും 35%, രണ്ടു പേപ്പറിനും ചേര്‍ത്ത് മൊത്തം 45% ശതമാനം മാര്‍ക്കും ലഭിച്ചാല്‍ പരീക്ഷ വിജയിക്കാം. പട്ടിക, ഭിന്നശേഷി വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഓരോ പേപ്പറിനും 35 ശതമാനവും, രണ്ടു പേപ്പറിനും ചേര്‍ത്ത് മൊത്തം 40 ശതമാനവും മാര്‍ക്ക് ലഭിച്ചാല്‍ പരീക്ഷ വിജയിക്കാം. പരീക്ഷ വിജയിക്കുന്നതിന് പൊതു വിഭാഗത്തില്‍പ്പെട്ടവര്‍ക്കും, സംവരണ വിഭാഗത്തില്‍ പെട്ടവര്‍ക്കും വ്യത്യസ്ത മാര്‍ക്ക് നിശ്ചയിച്ചത് ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യതയുടെ ലംഘനം എന്ന് ആരോപിച്ചാണ് എന്‍എസ്എസ് ഹര്‍ജി നല്‍കിയിരുന്നത്.

എന്നാല്‍ 2013 ലെ വിജ്ഞാപനം ചോദ്യം ചെയ്ത് 2014 ല്‍ എന്‍എസ്എസ് ഹൈകോടതിയില്‍ നല്‍കിയ ഹര്‍ജിയും ആയി ബന്ധപ്പെട്ട അപ്പീല്‍ ആണ് തങ്ങള്‍ പരിഗണിക്കുന്നത് എന്ന് ജസ്റ്റിസ് അബ്ദുല്‍ നസീര്‍ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. അതിനാല്‍ തന്നെ ഹര്‍ജി അപ്രസക്തമായെന്ന് വ്യക്തമാക്കിയാണ് തള്ളിയത്.

യോഗ്യത പരീക്ഷ വിജയിക്കുന്നതിന് പൊതു വിഭാഗത്തില്‍പ്പെട്ടവര്‍ക്കും സംവരണ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും വ്യത്യസ്ത മാര്‍ക്ക് ഏര്‍പ്പെടുത്തുന്നതില്‍ പരാതി ഉണ്ടെങ്കില്‍ എന്‍എസ്എസ്സിന് ഉചിതമായ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പരാതി നിയമപരമായി നല്‍കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

കേസില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത, സ്റ്റാന്റിംഗ് കോണ്‍സല്‍ സി.കെ ശശി, അഭിഭാഷക മീന കെ പൗലോസ് എന്നിവര്‍ ഹാജരായി. എന്‍എസ്എസ്സിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ പി.എസ്. പട്വാലിയ, അഭിഭാഷകന്‍ ഗിരീഷ് കുമാര്‍ എന്നിവര്‍ ഹാജരായി

കേരളത്തിന്റെ സാക്ഷരതയില്‍ മാതൃഭൂമിയുടെ പങ്ക് പരാമര്‍ശിച്ച് സുപ്രീം കോടതി

കേരളം നൂറ് ശതമാനം സാക്ഷരത കൈവരിച്ചതില്‍ ദിന പത്രങ്ങളുടെ പങ്ക് വലുതാണെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. മാതൃഭൂമി ദിനപത്രത്തിന്റെ പേര് എടുത്ത് പറഞ്ഞാണ് ജസ്റ്റിസ്മാരായ അബ്ദുല്‍ നസീര്‍, എ എസ് ബൊപ്പണ്ണ, വി രാമസുബ്രമണ്യം എന്നിവര്‍ അടങ്ങിയ മൂന്ന് അംഗ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്.കേരളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ദിനപത്രങ്ങളും, വാരികകളും പ്രസിദ്ധീകരിക്കുന്നത് എന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത ചൂണ്ടിക്കാട്ടിയപ്പോഴാണ് മാതൃഭൂമി ദിനപത്രത്തിന്റെ പേര് കോടതി പരാമര്‍ശിച്ചത്.

ബീഡി ഫാക്ടറികളില്‍ ബീഡി തെറിക്കുന്നതിന്നതിന് ഒപ്പം തൊഴിലാളികള്‍ പത്രം വായിക്കുന്ന സംസ്ഥാനം ആണ് കേരളം. കേരളം സാക്ഷരതയില്‍ കൈവരിച്ച നേട്ടത്തിന്റെ ഒരു കാരണം ദിനപത്രങ്ങള്‍ വായിക്കുന്ന സ്വഭാവം ആണ്. കേരളത്തില്‍ ആണ് ഏറ്റവും കൂടുതല്‍ ടിവി ചാനലുകള്‍ പ്രവര്‍ത്തിക്കുന്നത് എന്നും ജയ്ദീപ് ഗുപ്ത ചൂണ്ടിക്കാട്ടി. എന്നാല്‍ ടിവി ചാനലുകള്‍ സാക്ഷരതയില്‍ കൈവരിച്ച നേട്ടം കൊല്ലുകയാണെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു.

സാക്ഷരതയില്‍ കൈവരിച്ച നേട്ടം വിദ്യാഭ്യാസത്തില്‍ കൈവരിക്കാന്‍ കേരളത്തിന് കഴിഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഉയര്‍ന്ന സാക്ഷരത നിരക്ക് ഉള്ളത് കൊണ്ട് ജോലിക്കായി ലഭിക്കുന്ന അപേക്ഷിക്കുന്നവരുടെ എണ്ണം ഏറ്റവും കൂടുതലുള്ള സംസ്ഥാനം കേരളമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

Content Highlights: supreme court of india, kerala, literacy, 100%, education


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented