തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നുണ്ട്. ആശുപത്രികളില്‍ ചികിത്സയ്ക്ക് എത്തുന്നവരുടെ എണ്ണവും കുറയുന്നു. സിറോ സര്‍വേയില്‍ 82 ശതമാനത്തിന് പ്രതിരോധ ശേഷി കണ്ടെത്തി. കുട്ടികളില്‍ ഇത് 40 ശതമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിറോ സര്‍വേ ഫലത്തിന് ശേഷം രോഗം ബാധിച്ചവരുടെ എണ്ണവും വാക്‌സിന്‍ കണക്കും വിലയിരുത്തിയാല്‍ 85-90 ശതമാനം ആളുകള്‍ക്ക് രോഗപ്രതിരോധ ശേഷി ഉണ്ടായതായി അനുമാനിക്കാം. വീടുകള്‍ക്കകത്ത് രോഗവ്യാപനമുണ്ടാകാത തടയുന്നതില്‍ സംസ്ഥാനം വിജയിച്ചു.

കോവിഡ് വാക്‌സിനേഷന്റെ കാര്യത്തിലും സംസ്ഥാനത്തിന് മികച്ച പുരോഗതിയുണ്ട്. സംസ്ഥാനത്ത് 2.51 കോടി ആളുകള്‍ക്ക് ഒന്നാം ഡോസ് വാക്‌സിന്‍ കുത്തിവെപ്പ് നടത്തി. ആകെ വാക്‌സിനെടുക്കേണ്ടതില്‍ 94.08ശതമാനവും ഒന്നാം ഡോസ് സ്വീകരിച്ചു. ബാക്കിയുള്ളവര്‍ വൈകാതെ ആദ്യ ഡോസ് സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

46.05 ശതമാനം ആളുകളാണ് രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചത്. കോവിഷീല്‍ഡ് വാക്സിനെടുത്തവര്‍ 84 ദിവസത്തെ ഇടവേളയിലും കൊവാക്സിന്‍ സ്വീകരിച്ചവര്‍ 28 ദിവസത്തെ ഇടവേളയിലും രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിക്കണം. സംസ്ഥാനത്ത് ആകെ 3,75,45,497 കുത്തിവെപ്പുകളാണ് രണ്ട് ഡോസുകളും ചേര്‍ത്ത്  നടത്തിയിരിക്കുന്നത്.

സംസ്ഥാനത്ത് മഴക്കാലവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളില്‍ കോവിഡ് വ്യാപനമുണ്ടാകാതിരിക്കാന്‍ പരമാവധി ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Kerala`s covid situation under control says CM Pinarayi