തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴ തുടരുന്നു. നിലവിൽ ജില്ലയിൽ ഓറഞ്ച് അലർട്ടാണ്. ആശങ്കപ്പെടേണ്ട സാഹചര്യം നിലനിൽക്കുന്നില്ലെന്നും മലയോര മേഖലകളിൽ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസയാണ് ഇക്കാര്യം ഫെയ്സ്ബുക്കിൽ കൂടി വ്യക്തമാക്കിയത്.

നിലവിൽ സംസ്ഥാനത്ത് 11 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തെക്കൻ കേരളത്തിൽ ശക്തമായ മഴ വരും മണിക്കൂറുകളിൽ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ജാഗ്രത വേണം. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. ബംഗാൾ ഉൾക്കടലിൽ നിലവിൽ ചക്രവാതച്ചുഴിയുടെ സ്വാധീനമുണ്ട്. ഇപ്പോൾ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നത് ശ്രീലങ്കൻ തീരത്താണ്. ഇതിന്റെ സ്വാധീനത്താലാണ് കേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന മഴ.

തിങ്കളാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട് എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

Content highlights: kerala rains holiday for educational institutions in thiruvananthapuram