പാലായിൽ നഗരസഭയുടെ ജനകീയ ഹോട്ടലിനു മുൻവശം റോഡിലുണ്ടായ വൻകുഴി അടയ്ക്കാനുള്ള ശ്രമം
കോട്ടയം: ബി.എം.ബി.സി. ദേശീയനിലവാരത്തില്‍ മിനുക്കിയിട്ടിരുന്ന പാതയില്‍ കിണര്വലുപ്പത്തിലൊരു കുഴി. എല്ലാം ഗംഭീരമെന്ന് പറയുന്ന സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് മുഖത്തടിയേറ്റ പോലെ നാണക്കേടുണ്ടാക്കിയത് പാലാ നഗരഹൃദയത്തില്‍.ജനറലാശുപത്രിക്കും വലിയപാലത്തിനും അമ്പതുമീറ്റര്‍ അകലെ കിഴതടിയൂര്‍ ബാങ്ക് റോഡിന് എതിര്‍വശത്ത് നഗരസഭയുടെ ജനകീയഭക്ഷണശാലയോട് ചേര്‍ന്നാണ് വലിയ കുഴിയുണ്ടായത്.
ജനകീയ ഭക്ഷണശാല പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനും കുഴി ഭീഷണിയാണ്. 15 അടി ആഴവും 10 അടിയോളം വീതിയുമുള്ളതാണ് കുഴി. രാവിലെ നടക്കാന്‍ വന്ന നാട്ടുകാരാണ് കുഴി കണ്ട് വിവരം അധികാരികളെ അറിയിച്ചത്.ചെറിയ കുഴിയാണെന്ന നിഗമനത്തില്‍ മണ്ണ് നീക്കംചെയ്തു തുടങ്ങിയപ്പോഴാണ് പണി പാളുന്നത് അറിഞ്ഞത്. മണ്ണുമാന്തി യന്ത്രത്തിന്റെ തൊട്ടി താഴേക്ക് താണുപോയി. ഇളകിയ മണ്ണ് നീക്കിയപ്പോള്‍ ചെറിയ കിണര്‍വലുപ്പത്തിലായി. ഈ ഭാഗത്ത് റോഡിന് കുറുകെ ഓടയുണ്ടായിരുന്നുവെന്നും അത് ഇടിഞ്ഞു താഴ്ന്നതാണെന്നുമുള്ള നിഗമനത്തിലാണ് പൊതുമരാമത്തുവകുപ്പ്.
കിഴതടിയൂര്‍ ബാങ്ക് ഭാഗത്തുള്ള ഓടയുടെ തുടര്‍ച്ചയായി പ്രധാന റോഡിന് കുറുകെ ഓടയുണ്ടെന്നാണ് അധികൃതര്‍ കരുതുന്നത്. എന്നാല്‍ കുഴിയിലെ മണ്ണ് നീക്കംചെയ്തപ്പോള്‍ ഓട കണ്ടെത്താനായില്ല. തുടര്‍ന്ന് പ്രവൃത്തി നിര്‍ത്തിവയ്ക്കുകയായിരുന്നു. റോഡിലെ കുഴിയുടെ ചുറ്റും ബാരിക്കേഡുകള്‍ തീര്‍ത്ത് ഗതാഗതം നിയന്ത്രിച്ചു.
പൊല്ലാപ്പുകള്‍
കുഴി രൂപപ്പെട്ടതിന് എതിര്‍വശത്ത് ഓടയിലെ ഒഴുക്ക് തടസ്സപ്പെട്ട് കെട്ടിടങ്ങള്‍ക്കുള്ളിലേക്ക് വെള്ളംകയറിയിരുന്നു. റോഡിനെ കുറുകെയുള്ള ഓട ഇടിഞ്ഞ് ഒഴുക്ക് നിലച്ചതിനാലാണ് കെട്ടിടങ്ങളില്‍ വെള്ളംകയറിയതെന്ന് പൊതുമരാമത്ത് അധികൃതര്‍ കണക്കാക്കുന്നു.
ജനകീയ ഭക്ഷണശാലയുടെ പിറകുവശം താഴ്ചയുള്ളതാണ്. ഈ കെട്ടിടത്തിനും ബലക്ഷയമുണ്ടായിട്ടുണ്ട്. ഇടിഞ്ഞഭാഗത്ത് ഓടയുണ്ടെങ്കില്‍ കെട്ടി പുനഃസ്ഥാപിച്ച ശേഷമേ കുഴി നികത്തുവാന്‍ സാധിക്കൂ. പഴയ ഓട ജനകീയഭക്ഷണശാല പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെയും അടിഭാഗത്തുകൂടിയാണ് കടന്നു പോകുന്നതെന്ന് കരുതുന്നു.
പഴയ ബസ് കാത്തിരിപ്പുകേന്ദ്രത്തിന് മേല്‍ക്കൂരയും ഭിത്തിക്ക് പകരം ചില്ലും സ്ഥാപിച്ചാണ് ജനകീയ ഭക്ഷണശാല സജ്ജമാക്കിയിട്ടുള്ളത്. ഈ ഭാഗത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍കൂടി പരിഗണിച്ചശേഷമായിരിക്കും തുടര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പറഞ്ഞു.
കാഞ്ഞിരപ്പള്ളി
കാഞ്ഞിരപ്പള്ളി കോവില്‍ക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡിലാണ് കുഴിയുണ്ടായത്. ഈരാട്ടുപേട്ട റോഡില്‍നിന്ന് കോവില്‍ക്കടവ്- ബിഷപ്ഹൗസ് റോഡിലേക്ക് പ്രവേശിക്കുന്നിടത്തെ പാലത്തിന് സമീപത്താണിത്. റോഡിലൂടെയുള്ള വാഹന ഗതാഗതം താത്കാലികമായി നിരോധിച്ചു.
ഇരുചക്രവാഹനങ്ങള്‍ മാത്രമാണ് പാലത്തിലൂടെ കടന്നു പോകുന്നത്. ഒന്നരയടിയോളം വട്ടത്തില്‍ രണ്ടരയടിയോളം താഴ്ചയിലാണ് കുഴി. വെള്ളം നിറഞ്ഞ് റോഡിനടിയിലെ മണ്ണൊലിച്ച് പോയതാണ് കുഴി രൂപപ്പെടാന്‍ കാരണം.
അടിയന്തരമായി കുഴി നികത്തുന്നതിന് നിര്‍ദേശം നല്‍കിയതായി പ്രസിഡന്റ് കെ.ആര്. തങ്കപ്പന് അറിയിച്ചു. പഞ്ചായത്തിലെ ആറ്, എട്ട് വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ എട്ടാം വാര്‍ഡിലുള്‍പ്പെട്ട ഭാഗത്താണ് കുഴി. നാട്ടുകാര്‍ ചേര്‍ന്ന് കമ്പെടുത്ത് വെച്ചിരിക്കുന്നതാണ് ഏക അപായ സൂചിക.
പ്രശ്നങ്ങള്‍
പ്രദേശത്തെ നൂറോളം കുടുംബങ്ങള്‍ ഉപയോഗിക്കുന്ന പാലമാണിത്. കഴിഞ്ഞ പ്രളയത്തില്‍ പാലത്തിന്റെ മുകളിലൂടെ വെള്ളം ഒഴുകി കൈവരികളും തകര്‍ന്നിരുന്നു. ഇത് ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. ഇതിനിടയിലാണ് അപ്രോച്ച് റോഡും അപകടസ്ഥിതിയിലായിരിക്കുന്നത്. ചിറ്റാറില്‍ ജലനിരപ്പുയര്‍ന്നാല്‍ അപ്രോച്ച് റോഡ് ഇടിഞ്ഞുതാഴാനും ഇതോടെ സാധ്യതയുണ്ട്. പാലത്തിന്റെ ഭാഗത്തെ കോണ്‍ക്രീറ്റിന്റെ കമ്പിയും തെളിഞ്ഞനിലയിലാണ്. കനത്ത മഴയില്‍ ടാറിങ് തകര്‍ന്ന ഭാഗത്താണ് ഇപ്പോള്‍ കുഴിയായിരിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..