ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നു
ചെറുതോണി/കുമളി: ജലനിരപ്പ് കുറയാത്തതിനെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിടാനാരംഭിച്ചു. നേരത്തെ തുറന്ന മൂന്ന് ഷട്ടറുകളും 80 സെന്റി മീറ്റര്‍ ഉയര്‍ത്തി. സെക്കന്‍ഡില്‍ ഒന്നരലക്ഷം ലിറ്റര്‍ വെള്ളമാണ് തുറന്നുവിടുന്നത്. ഇടുക്കി അണക്കെട്ടില്‍ നിലവില്‍ 2385.18 അടിയാണ് ജലനിരപ്പ്.
കനത്ത മഴയെത്തുടര്‍ന്ന് മുന്‍കരുതലായി ഇടുക്കി അണക്കെട്ടിന്റെ ചെറുതോണിയിലെ മൂന്ന് ഷട്ടറുകള്‍ കഴിഞ്ഞദിവസം തുറന്നിരുന്നു. എന്നാല്‍, ജലനിരപ്പില്‍ കാര്യമായ വ്യത്യാസം ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്.
ഞായറാഴ്ച 10 മണിക്കാണ് മൂന്നാമത്തെ ഷട്ടര്‍ 70 സെന്റിമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 50,000 ലിറ്റര്‍ വെള്ളം തുറന്നുവിട്ടത്. എന്നാല്‍, ജലനിരപ്പ് താഴാതിരുന്നതോടെ രണ്ടും നാലും ഷട്ടറുകള്‍ കൂടി ഉയര്‍ത്തി ഒരുലക്ഷം ലിറ്ററാക്കി. എന്നിട്ടും ജലനിരപ്പ് താഴാത്തതിനാലാണ് കൂടുതല്‍ വെള്ളം പുറത്തേക്കൊഴുക്കുന്നത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ 10 ഷട്ടറുകള്‍ തുറന്നുവിട്ട് മൂന്നുദിവസം കഴിഞ്ഞിട്ടും ജലനിരപ്പ് ഉയരുകയാണ്. 138.75 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. ഞായറാഴ്ച കൂടുതല്‍ വെള്ളം പെരിയാറിലേക്ക് ഒഴുക്കിത്തുടങ്ങി. സെക്കന്‍ഡില്‍ 340,000 ലിറ്റർ വെള്ളമാണ് മുല്ലപ്പെരിയാറിലേക്ക് എത്തുന്നത്. എന്നാല്‍ 141580 ലിറ്റർ വെള്ളം മാത്രമേ മുല്ലപ്പെരിയാറില്‍ നിന്ന് പുറത്തേക്ക് ഒഴുക്കുന്നുള്ളൂ. ഈ വെള്ളവും ഇടുക്കിയിലേക്കാണ് എത്തുന്നത്. ഇതോടെയാണ് ഇടുക്കിയിലെ ജലനിരപ്പ് കൂടിയത്.
Content Highlights: Kerala rain: more water to be flown out from Idukki dam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..