തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന് സര്‍ക്കാരിനെ സഹായിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട സന്നദ്ധപ്രവര്‍ത്തകരുടെ സേവനം ഇനി മുതല്‍ പോലീസിനും ലഭ്യമാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. 

പോലീസ് വോളന്റിയര്‍മാര്‍ എന്നായിരിക്കും ഇവര്‍ അറിയപ്പെടുകയെന്നും ഇവരെ തിരിച്ചറിയാനായി പോലീസ് വോളന്റിയേഴ്‌സ് എന്ന് മഞ്ഞ അക്ഷരത്തില്‍ ഇംഗ്ലീഷില്‍ എഴുതിയ നീല നിറത്തില്‍ മൂന്നിഞ്ച് വീതിയുള്ള തുണിയില്‍ നിര്‍മിച്ച ആം ബാന്‍ഡ് ഇവര്‍ക്ക് നല്‍കുമെന്നും ഡി.ജി.പി. അറിയിച്ചു.  

രണ്ടു പേരടങ്ങുന്ന പോലീസ് സംഘത്തില്‍ ഒരാളായി ഈ വോളന്റിയര്‍ ഉണ്ടാകും. ബൈക്ക് പട്രോള്‍ നടത്തുന്ന പോലീസുകാര്‍ക്കൊപ്പവും ഇവരെ നിയോഗിക്കും. കൂടാതെ ഇവരുടെ വിശദവിവരങ്ങള്‍ ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനില്‍ സൂക്ഷിക്കും - ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. 

പോലീസിനോടൊപ്പം ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിന് ആവശ്യമായ പ്രോത്സാഹനവും സഹായവും വോളന്റിയര്‍മാര്‍ക്ക് നല്‍കണമെന്നും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശിച്ചു. 

content highlight: kerala police to introduce police volunteers to maintain lockdown restrictions says loknath behera