തിരുവനന്തപുരം: കേരളാ പോലീസ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നു. ഏറെ നാളത്തെ ആലോചനയ്ക്ക് ശേഷമാണ് തീരുമാനം. ആദ്യം ഹെലികോപ്റ്റർ സ്വന്തമായി വാങ്ങാൻ തീരുമാനിച്ചിരുന്നെങ്കിലും സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.
അടുത്തിടെ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാൻ തത്വത്തിൽ ധാരണയായത്. ഡൽഹി ആസ്ഥനമായി പ്രവർത്തിക്കുന്ന പവൻഹൻസ് എന്ന കമ്പനിയിൽ നിന്നാണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നത്. പ്രതിമാസം 20 മണിക്കൂർ ഉപയോഗിക്കാം. ഇതിന് പ്രതിമാസം ഒരു കോടി 44 ലക്ഷം രൂപയാണ്. കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന ഫണ്ട് ഇതിനായി ഉപയോഗിക്കും.
നക്‌സൽ വിരുദ്ധ പ്രവർത്തനങ്ങൾക്കും പ്രകൃതിക്ഷോഭ സമയത്തെ ആവശ്യങ്ങൾക്കും ഹെലികോപ്റ്റർ പ്രയോജനപ്പെടുത്താനാണ് തീരുമാനം. അടിയന്തിര ഘട്ടങ്ങളിൽ മുഖ്യമന്ത്രിയുടെ യാത്രയ്ക്കായും നൽകും.
Content Highlight: One crore and 40 lakh; Kerala police to hire helicopter