കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റി ( ഇ.ഡി) നെതിരേ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍. ഗൂഢാലോചന കുറ്റമടക്കം ചുമത്തിയാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരേ കേരള പോലീസ് കേസെടുത്തത്. മുഖ്യമന്ത്രിക്കെതിരേ കള്ള മൊഴി കൊടുക്കാന്‍ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. 

ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍, വ്യാജ മൊഴി നല്‍കാന്‍ നിര്‍ബന്ധിക്കല്‍ തുടങ്ങിയ ജാമ്യമില്ലാ കുറ്റങ്ങള്‍ ചുമത്തിയ എഫ്‌ഐആറാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. 

നേരത്തെ കേസില്‍ ക്രൈംബ്രാഞ്ച് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ സ്വപ്ന സുരേഷ് അടക്കം 18 പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വഷണം നടത്താമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് സെക്രട്ടറി നിയമോപദേശം ലഭിച്ചതിന് പിന്നാലെയാണ് കേന്ദ്ര ഏജന്‍സിക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 

ഇതുസംബന്ധിച്ച തുടരന്വേഷണത്തിന് പ്രത്യേക ക്രൈംബ്രാഞ്ച് സംഘത്തെ ചുമതലപ്പെടുത്താനും തീരുമാനിച്ചു. സംസ്ഥാനത്തെ മറ്റുഭാഗത്തുള്ള പോലീസ് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തിയുള്ള പ്രത്യേക സംഘത്തെ നിയോഗിക്കാനാണ് തീരുമാനം. 

സ്വപ്ന സുരേഷിനെ ഇഡി ചോദ്യംചെയ്യുന്ന ഘട്ടത്തില്‍ മുഖ്യമന്ത്രി അടക്കമുള്ള ഉന്നതരുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചുവെന്ന് വനിതാ പോലീസുകാര്‍  ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇഡിക്കെതിരേ കേരള പോലീസിന്റെ നടപടി. 

പാലാരിവട്ടം പോലീസ് സ്റ്റേഷനിലെ സിജി വിജയൻ, കടവന്ത്ര സ്റ്റേഷനിലെ എസ്. റെജിമോൾ എന്നീ സിവിൽ പോലീസ് ഓഫീസർമാരാണ് ഇ.ഡി.ക്കെതിരേ മൊഴി നൽകിയത്. മുഖ്യമന്ത്രിയുടെ പേര് പറയാൻ സ്വപ്നയെ ഇ.ഡി. ഉദ്യോഗസ്ഥർ നിർബന്ധിച്ചു എന്നാണ് സ്വപ്നയുടെ ഫോൺ ശബ്ദരേഖാ വിവാദം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് ഇവർ മൊഴി നൽകിയത്.

content highlights: kerala police registered FIR against ED