തിരുവനന്തപുരം:  സംസ്ഥാനത്താകെ ജൂണ്‍ ഒന്നിന് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് തുടക്കംകുറിച്ചപ്പോള്‍ സൈബര്‍ ലോകം എങ്ങനെ സുരക്ഷിതമാക്കാം എന്ന പാഠവുമായി കേരള പോലീസും. വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും സൈബര്‍ സുരക്ഷ ഓണ്‍ലൈനായി പഠിപ്പിക്കാനുള്ള പുതിയ പദ്ധതിക്കാണ് Kidglove.in എന്ന വെബ്‌സൈറ്റിലൂടെ കേരള പോലീസ് തുടക്കം കുറിച്ചിരിക്കുന്നത്. വൈബ്‌സൈറ്റിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. 

സുരക്ഷിതമായ സൈബര്‍ ഇടം എന്ന ലക്ഷ്യത്തിനായി കേരള പോലീസ് തുടങ്ങിയ സൈബര്‍ ഡോമിന്  അന്താരാഷ്ട്ര നിലവാരം കൈവരിക്കാന്‍ കഴിഞ്ഞത് നൂതന ആശയങ്ങളിലൂടെയാണ്. ആ നിരയിലേക്ക് ആണ് Kidglove എന്ന പുതിയ വെബ്‌സൈറ്റ് കൂടി എത്തുന്നത്. 

ഡിജിറ്റല്‍ ലോകത്ത് ജീവിക്കുന്ന പുതുതലമുറക്ക് കാണാമറയത്തെ ചതിക്കുഴികള്‍ തുറന്ന് കാണിക്കുക, ചെറുപ്രായത്തിലേ മക്കള്‍ക്ക് മൊബൈലും ലാപ്‌ടോപ്പും സമ്മാനിക്കുന്ന രക്ഷിതാക്കള്‍ക്കുള്ള മുന്നറിയിപ്പ്, കുഞ്ഞുങ്ങളുടെ മനസറിയാതെ അവരെ ശിക്ഷിക്കുന്ന അധ്യാപകര്‍ക്ക് ഓര്‍ത്തു വെക്കാന്‍ ചില പാഠങ്ങള്‍ ഇങ്ങനെ ഓരോ വിഭാഗക്കാരും അറിഞ്ഞിരിക്കേണ്ട സുപ്രധാന വിവരങ്ങളാണ് ഓണ്‍ലൈന്‍ പാഠങ്ങളായി അവതരിപ്പിക്കുക.

ഓസ്‌ട്രേലിയന്‍ സര്‍ക്കാരുമായി സഹകരിച്ചാണ് കേരള പോലീസും ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി റിസര്‍ച്ച് അസ്സോസിയേഷനും ചേര്‍ന്ന് പദ്ധതി നടപ്പാക്കുന്നത്. പഠനം പൂര്‍ത്തിയാക്കി പരീക്ഷ പാസ്സാകുന്നവര്‍ക്ക് കേരളാ പോലീസ് സര്‍ട്ടിഫിക്കറ്റും നല്‍കും. 

Content Highlights: kerala police online class about cyber security through kidglove website