തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ എഫ് ഐ ആര്‍ പുറത്തുവിടാതെ കേരളപോലീസ്. ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫ ഫിറോസിനെതിരേ കേസെടുത്തത്‌ ശ്രീറാമിനെതിരേയുള്ള കേസ് ദുര്‍ബലമാക്കാനാണ് പോലീസ് നീക്കമെന്നുമാണ് ആക്ഷേപമുയരുന്നത്. 

കേസ് രജിസ്റ്റര്‍ ചെയ്താല്‍ എഫ് ഐ ആര്‍ കേരള പോലീസിന്റെ ഔദ്യാഗിക വെബ്‌സൈറ്റ് വഴി പ്രസിദ്ധീകരിക്കുക പതിവാണ്‌. എന്നാല്‍ ശനിയാഴ്ച രാവിലെ തന്നെ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് വ്യക്തമാക്കുമ്പോഴും ഒരു ദിവസം പിന്നിട്ടിട്ടും എഫ് ഐ ആര്‍ പുറത്തുവിടാത്തത് കേസിന്റെ വിവരങ്ങള്‍ മറച്ചുവെയ്ക്കാനാണെന്നും ആക്ഷേപം ഉയരുന്നു.  

അതേ സമയം കേസിൽ ദൃക്‌സാക്ഷിമൊഴികള്‍ മാറ്റി നിര്‍ത്തിയാല്‍ മദ്യലഹരിയില്‍ വാഹനം ഓടിച്ച ശ്രീറാമാണ് അപകടമുണ്ടാക്കിയതെന്ന് മജിസ്‌ട്രേറ്റിന്റെ അടുത്ത് രഹസ്യം മൊഴി നല്‍കിയത് വഫ ഫിറോസാണ്. അതിനാല്‍ തന്നെ ഇവരെ സാക്ഷിപട്ടികയില്‍ ഉള്‍പ്പെടുത്താതെ രണ്ട് വകുപ്പുകള്‍ ചുമത്തി പ്രതിയായി ചേര്‍ത്തു. കേസ് കോടതിയിലെത്തുമ്പോള്‍ ഈ മൊഴി പ്രസക്തമല്ലാതാകുകയും വഫ ഫിറോസിന്റെ മൊഴി കൂട്ടുപ്രതിയുടെ മൊഴിയായി മാത്രമേ കണക്കാക്കാന്‍ കഴിയൂ. 

ഇത്‌ കേസ് ദുര്‍ബലപ്പെടുമെന്നാണ് നിയമവിദഗ്ധര്‍ വ്യക്തമാക്കുന്നത്. ഗുരുതരമായ പരിക്കുകളില്ലെങ്കിൽ പോലും സ്വകാര്യ ആശുപത്രിയിൽ തുടരുന്നത് ജയില്‍വാസം ഒഴിവാക്കാനാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. 

Content Highlights: Kerala police didn't publish FIR against Sriram Venkitaraman