കോഴിക്കോട്: പോലീസുകാരെയും ഏറെ വലിച്ചിരിക്കുകയാണ് കോവിഡിന്റെ രണ്ടാം വരവ്. പോലീസ് സേനയില്‍ രോഗം പടരുന്നവരുടെ എണ്ണം കൂടിയതോടെ അമിത ജോലിഭാരത്തിനൊപ്പം മറ്റ് കോവിഡ് പ്രതിരോധ നടപടികള്‍ കൂടി പോലീസിന് നല്‍കാന്‍ ഒരുങ്ങുന്ന തീരുമാനത്തിനെതിരേ സേനയ്ക്കുള്ളില്‍ തന്നെ വലിയ എതിര്‍പ്പുയര്‍ന്നിരിക്കുകയാണ്.

കോവിഡ് കാലത്ത് മരുന്ന് വിതരണത്തിന് പോലീസിനെ വിളിച്ചാല്‍ മതിയെന്ന് കേരള പോലീസിന്റെ സോഷ്യല്‍മീഡിയ ഇടങ്ങളിലും മറ്റും കഴിഞ്ഞ ദിവസങ്ങളില്‍ ഡിജിപിയുടെ അറിയിപ്പ് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സേനയ്ക്കുള്ളില്‍ നിന്ന് തന്നെ വലിയ  എതിര്‍പ്പുയര്‍ന്നിരിക്കുന്നത്. ഇലക്ഷന് മുന്നെ തന്നെ വാരാന്ത്യ അവധിയും ലീവും അനുവദിക്കാതെ സേനാംഗങ്ങളെല്ലാം ഫീല്‍ഡില്‍ ഇറങ്ങിയിരിക്കയാണ്. ഇലക്ഷന്‍ കഴിഞ്ഞതോടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ഭൂരിഭാഗം പോലീസുകാരേയും ഇറക്കി. ഇതോടെ പോലീസുകാര്‍ക്കിടയിലും വലിയ രീതിയില്‍ കോവിഡ് പടരുന്ന സാഹചര്യമുണ്ടായി.

കോവിഡ് നിയന്ത്രണങ്ങള്‍ നടപ്പിലാക്കുമ്പോഴും ഇളവുകള്‍ അനുവദിച്ചതോടെ ആളുകളെ നിയന്ത്രിക്കാന്‍ ആവുന്നില്ലെന്ന് പോലീസുകാര്‍ പറയുന്നു. പലരും പല വഴികള്‍ പറഞ്ഞ് നഗരങ്ങളിലേക്കും പുറത്തേക്കും അനാവാശ്യമായി ഇറങ്ങുന്നതും തടയാനാവുന്നില്ല. നാളെ മുതല്‍ ലോക്ക്ഡൗണിലേക്ക് പോവുന്നുണ്ടെങ്കിലും ഇളവുകള്‍ അനുവദിച്ചതിനെതിരേയും വലിയ എതിര്‍പ്പുകള്‍  ഉയരുന്നുണ്ട്. ഇതിനിടെയാണ് മരുന്ന് വിതരണത്തിനായി പോലീസുകാരെ നിയോഗിക്കാനും തീരുമാനിച്ചിരിക്കുന്നത്.

വീടുകളില്‍ കിടപ്പിലായ രോഗികള്‍ക്ക് ജീവന്‍രക്ഷാ ഔഷധങ്ങള്‍ ആവശ്യമുള്ളപ്പോള്‍ പോലീസിനെ ബന്ധപ്പെടാമെന്നായിരുന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഇതാനായി 112 എന്ന ടോള്‍ഫ്രീ നമ്പറും ഇറക്കിയിരുന്നു.ഉ ത്തരവിറങ്ങിയെങ്കിലും എതിര്‍പ്പുകള്‍ വന്നതാടെ ഇതിന്റെ പ്രവര്‍ത്തനം പലയിടത്തും തുടങ്ങിയിട്ടില്ല. ഇത്രയും ജോലിക്കിടെ ഇനി മരുന്ന് വിതരണം കൂടി പോലീസിനെ ഏല്‍പിക്കുന്ന  നടപടി ഒഴിവാക്കണമെന്നാണ് പ്രധാന ആവശ്യം. കഴിഞ്ഞ തവണയും  മരുന്ന് വിതരണത്തിന്റെ പ്രവര്‍ത്തനം പോലീസുകാര്‍ ഏറ്റെടുത്തിരുന്നുവെങ്കിലും അന്ന് സേനയ്ക്കുള്ളില്‍ രോഗ വ്യാപനം ഇത്ര രൂക്ഷമായിരുന്നില്ലെന്ന് സേനാംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അമിത ഭാരം പോലീസിനെ ഏല്‍പ്പിക്കുന്നത് സേനാംഗങ്ങളുടെ മാനസിക സമ്മര്‍ദ്ധം വര്‍ധിപ്പിക്കുമെന്നും ബന്ധപ്പെട്ടവര്‍ പറയുന്നുണ്ട്.