വി.ഡി. സതീശൻ, കെ.ബി. ഗണേഷ്കുമാർ | Photo: Mathrubhumi
തിരുവനന്തപുരം: ഭരിക്കാന്‍ മറന്നു പോയ സര്‍ക്കാരാണ് സംസ്ഥാനത്ത് നിലനില്ക്കുന്നതെന്ന പ്രതിപക്ഷ ആക്ഷേപം എല്‍.ഡി.എഫിലെ ഘടകകക്ഷികള്‍ക്കും ബോധ്യമായിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. വാചകമടിയും പ്രഖ്യാപനങ്ങളും മാത്രമാണ് നടക്കുന്നതെന്ന് പ്രതിപക്ഷം പലതവണ പറഞ്ഞതാണെന്നും ഇത് ഘടകകക്ഷി എം.എല്‍.എമാര്‍ തന്നെ തുറന്നു പറഞ്ഞതിലൂടെ സര്‍ക്കാരിന്റെ പരാജയത്തിന്റെ ആഴം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. എല്‍.ഡി.എഫ്. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ കെ.ബി. ഗണേഷ്കുമാര് എം.എല്‍.എ. സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം.
'തിങ്കളാഴ്ച നടന്ന എല്‍.ഡി.എഫ്. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഘടകകക്ഷി നേതാവ് കൂടിയായ എം.എല്‍.എ, വാചകമടിയും പ്രഖ്യാപനങ്ങളും മാത്രമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രവര്‍ത്തനം പോരെന്നും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും സി.പി.എമ്മിലെയും സി.പി.ഐയിലെയും എം.എല്‍.എമാര്‍ അത് കൈയ്യടിച്ച് അംഗീകരിക്കുകയും ചെയ്തു. നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണറെക്കൊണ്ട് പച്ചക്കള്ളം പറയിച്ച അതേ ദിവസമാണ് ഭരണകക്ഷി എം.എല്‍.എ. സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്.'- വി.ഡി. സതീശന് പറഞ്ഞു.
ചരിത്രത്തിലെ ഏറ്റവും വലിയ ധനപ്രതിസന്ധിയിലേക്കാണ് എല്‍.ഡി.എഫ്. സര്‍ക്കാര്‍ സംസ്ഥാനത്തെ എത്തിച്ചിരിക്കുന്നത്. ഇത്തവണത്തെ ബജറ്റ് വെറും പ്രസംഗം മാത്രമായി ചുരുങ്ങാന്‍ പോകുകയാണ്. മുന്‍ ബജറ്റുകളില്‍ പ്രഖ്യാപിച്ചിരുന്ന ഒരു പദ്ധതിയും നടപ്പാക്കാനായിട്ടില്ല. വികസനപ്രവര്‍ത്തനങ്ങളും സാമൂഹിക സുരക്ഷാ പദ്ധതികളും അവതാളത്തിലായിരിക്കുകയാണ്. കൊട്ടിഘോഷിക്കപ്പെട്ട കിഫ്ബിയും ഇപ്പോള്‍ നിലച്ചമട്ടാണ്. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ബഫര്‍സോണ്‍ വിഷയത്തിലും സര്‍ക്കാര്‍ ഗുരുതര അലംഭാവമാണ് കാട്ടിയത്. തീരദേശവാസികളെയും അവഗണിച്ചു. കാര്‍ഷിക മേഖല പൂര്‍ണമായും തകര്‍ന്നു. ഇതിനിടയിലും ജപ്തി ഭീതിയില്‍ ജീവിതം മുന്നോട്ട് കൊണ്ട് പോകാനാകാത്ത അവസ്ഥയിലാണ് കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാര്‍. എന്നിട്ടും സര്‍ക്കാര്‍ കൈയ്യുംകെട്ടി നോക്കി നില്‍ക്കുകയാണ്. നികുതി വരുമാനം ഇല്ലാതെ ട്രഷറി പൂട്ടേണ്ട അവസ്ഥയിലാണെങ്കിലും ധൂര്‍ത്തും പാഴ് ചെലവുകളുമായി സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Content Highlights: kerala opposition leader vd satheesan congress b leader kb ganesh kumar statement ldf mla meeting
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..