പ്രതീകാത്മക ചിത്രം | Photo: AFP
തിരുവനന്തപുരം: സ്ത്രീകളുടെ വിവാഹത്തിനുള്ള കുറഞ്ഞ പ്രായപരിധി 21 ആക്കാനായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയമ ഭേദഗതിയെ എതിര്‍ത്ത് കേരളത്തിന്റെ കത്ത്. സംസ്ഥാന വനിതാ-ശിശുവികസന വകുപ്പാണ് സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതിനെതിരെ കത്തയച്ചത്. 1875ലെ നിയമപ്രകാരം പ്രായപൂര്‍ത്തി വോട്ടവകാശം 18 വയസാണെന്നതും സമ്മതപ്രകാരമുള്ള ശാരീരിക ബന്ധത്തിന് 18 വയസായിരിക്കണമെന്ന പോക്സോ നിയമത്തിലെ വ്യവസ്ഥയുമൊക്കെ ചൂണ്ടിക്കാട്ടിയാണ് കേരളം വിവാഹപ്രായമുയര്‍ത്തുന്നതിനെതിരെ നിലപാടെടുത്തത്.
യൂണൈറ്റഡ് നേഷന്‍സ് ഹ്യൂമന്‍ റൈറ്റ്സ് കൗണ്‍സില്‍, യുണിസെഫ് എന്നിവരുടെ പ്രമേയങ്ങള്‍ പ്രകാരം 18 വയസിന് താഴെയുള്ള വിവാഹങ്ങള്‍ ശൈശവ വിവാഹത്തിന്റെ പരിധിയില്‍ വരും. വിവാഹപ്രായം ഉയര്‍ത്തുന്നത് അന്താരാഷ്ട്ര ധാരണകളെ ലംഘിക്കുന്നതാണെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
നിയമപ്രകാരം വിവാഹം കഴിക്കാനുള്ള പ്രായപരിധി 21 വയസാവുകയും എന്നാല്‍ നിയമപ്രകാരം പ്രായപൂര്‍ത്തിയാകുന്നത് 18 വയസായിരിക്കുന്നതും നിയമപ്രശ്നങ്ങള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കും കാരണമാകും. 2017ലെ സുപ്രീംകോടതി വിധിക്കെതിരായിരിക്കും ഈ നീക്കം. മാത്രമല്ല വിവാഹപ്രായം ഉയര്‍ത്തുന്നത് അപ്രതീക്ഷിത ഗര്‍ഭധാരണത്തിന് വഴിതെളിക്കുകയും അങ്ങനെ ജനിക്കുന്ന കുട്ടികള്‍ക്ക് അഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം നഷ്ടപ്പെടുമെന്നും കത്തില്‍ പറയുന്നു. ഇങ്ങനെയുണ്ടാകുന്നത് പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കും കാരണമാകും. നിര്‍ബന്ധിത ഗര്‍ഭം അലസിപ്പിക്കലിന് കാരണമാകും. അതുകൊണ്ട് വിവാഹപ്രായമുയര്‍ത്തുന്നത് പ്രായോഗിക തലത്തില്‍ സാധ്യമാകില്ല.
18 വയസായ ഒരു പെണ്‍കുട്ടിക്ക് തന്റെ നേതാവിനെ തിരഞ്ഞെടുക്കാന്‍ അവകാശം ലഭിക്കുന്നു. എന്നാല്‍ തന്റെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാന്‍ അവകാശം നല്‍കാതിരിക്കുന്നത് സ്വാതന്ത്ര്യ നിഷേധമാണ്. 18 വയസാകുന്നതോടെ നിയമപരമായി അവള്‍ പ്രായപൂര്‍ത്തിയായി കഴിഞ്ഞു. എല്ലാ വ്യവസ്ഥാപിത മാര്‍ഗങ്ങളും അവളെ പ്രായപൂര്‍ത്തിയായതായി കണക്കാക്കും. എന്നാല്‍ വിവാഹത്തിന്റെ കാര്യത്തില്‍ മാത്രം പ്രായപൂര്‍ത്തിയാകാത്തതായി കണക്കാക്കുന്നത് വൈരുദ്ധ്യമാണ്.
അതുകൊണ്ട് സ്ത്രീകളുടെ വിവാഹപ്രായമുയര്‍ത്തല്‍ ജീവിതത്തില്‍ ആരോടൊപ്പമുണ്ടാകണമെന്ന അവരുടെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ നിഷേധിക്കലാണ്. വിവാഹപ്രായം 18 ആണെങ്കില്‍ കൂടി 2017ലെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെല്ലായിടത്തും സ്ത്രീകളുടെ ശരാശരി വിവാഹ പ്രായം 22.1 വയസാണ്. അതിനാല്‍ ഇത്തരമൊരു നിയമത്തിന്റെ ആവശ്യകത തന്നെയില്ല.
ദാരിദ്ര്യം, വിദ്യാഭ്യാസത്തിനുള്ള അവസരം ലഭിക്കാതിരിക്കല്‍, സ്ത്രീധനം, സ്ത്രീ സുരക്ഷയുടെ പ്രശ്നങ്ങള്‍, കുറ്റകൃത്യങ്ങളിലെ വര്‍ധന ഇതൊക്കെ കൊണ്ടാണ് ഗ്രാമീണ മേഖലകളിലൊക്കെ പെണ്‍കുട്ടികളെ വളരെ ചെറുപ്പത്തില്‍ തന്നെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതമാക്കുന്നത്. വിവാഹപ്രായം 18 ആയിരിക്കുമ്പോള്‍ തന്നെയാണ് ഇതൊക്കെ നടക്കുന്നത്. അതിനാല്‍ വിവാഹപ്രായം 21 ആക്കുന്നതുകൊണ്ട് ഇക്കാര്യങ്ങളില്‍ മാറ്റമുണ്ടാകുന്നില്ല. ഇതുകൊണ്ട് ദരിദ്രരായ നിരവധി കുടുംബങ്ങളാണ് കുറ്റവാളികളാകാന്‍ പോകുന്നതെന്ന് മാത്രം. പെണ്‍കുട്ടികളുടെ വിവാഹപ്രായമുയര്‍ത്തുന്നതിനെ എതിര്‍ക്കുന്നതിന് വനിതാ-ശിശുവികസന വകുപ്പ് നിരത്തുന്ന വാദങ്ങള്‍ ഇവയൊക്കെയാണ്.
ദേശീയതലത്തില്‍ കോണ്‍ഗ്രസ്, സിപിഎം, സിപിഐ, മുസ്ലിം ലീഗ് തുടങ്ങിയ കക്ഷികള്‍ നിയമ ഭേദഗതിയെ എതിര്‍ക്കുന്നുണ്ട്. 2021 ഡിസംബറില്‍ ലോക്സഭയില്‍ സ്മൃതി ഇറാനി അവതരിപ്പിച്ച ബില്‍ പാര്‍ലമെന്ററി സ്ഥിരം സമിതിയുടെ പരിശോധനയ്ക്കു വിടുകയായിരുന്നു. ഇത് തിരികെയെത്തി ലോക്സഭയും രാജ്യസഭയും പാസാക്കിയാലേ നിയമമാകുകയുള്ളൂ.
Content Highlights: kerala opposes womens minimum marriage age amendment
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..