കുടുംബാംഗങ്ങൾക്കൊപ്പം അനന്ദു (ഇടത്തുനിന്ന് നാലാമത്)
കട്ടപ്പന: ഒരു കുന്നിന്റെ മുകളിലാണ് അനന്ദുവിന്റെ വീട്. നല്ലൊരു വഴിയില്ല. വേനലായാല്‍ കുടിവെള്ളമില്ല. പക്ഷേ, ഇവിടത്തെ ഒറ്റയടിപ്പാത താണ്ടി ഭാഗ്യം എത്തി. കട്ടപ്പന വലിയതോവാള പൂവത്തോലില്‍ അനന്ദു വിജയന്റെ(24) വീട്ടിലേക്കാണ് തിരുവോണം ബമ്പറിന്റെ 12 കോടിയുടെ ഭാഗ്യമെത്തിയത്.
എറണാകുളം എളംകുളത്ത് ക്ഷേത്രത്തിലെ അക്കൗണ്ടന്റാണ് അനന്ദു.അച്ഛന് വിജയന് പെയിന്റിങ് തൊഴിലാളി. അമ്മ സുമ കട്ടപ്പനയിലെ വസ്ത്രവ്യാപാരസ്ഥാപനത്തിലും സഹോദരി ആതിര കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലും ജോലി ചെയ്യുകയായിരുന്നു. എന്നാല്‍ കോവിഡ് പ്രതിസന്ധി കാരണം മൂവര്‍ക്കും ഇപ്പോള്‍ ജോലിയില്ല. ലോക്ക്ഡൗണ്‍ സമയത്ത് അനന്ദുവിന് ജോലിസ്ഥലത്തേക്ക് പോകാനും കഴിഞ്ഞില്ല. ഇതോടെ കുടുംബം കടക്കെണിയിലായിരുന്നു. എറണാകുളത്തെ വിഘ്നേശ്വര ലോട്ടറി ഏജന്‍സിയില്‍നിന്നെടുത്ത ടിക്കറ്റാണ് ഇപ്പോള്‍ ഭാഗ്യം കൊണ്ടുവന്നിരിക്കുന്നത്.
സ്ഥിരമായി ലോട്ടറി എടുക്കുന്ന സ്വഭാവമൊന്നും അനന്ദുവിനില്ല. എങ്കിലും ഭാഗ്യം പരീക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സമ്മാനാര്‍ഹമായ ടിക്കറ്റ് ബാങ്കില്‍ ഏല്‍പ്പിച്ചു. കഴിഞ്ഞദിവസം എറണാകുളത്തെത്തിയ കട്ടപ്പനയിലെ സുഹൃത്തുക്കള്‍ക്കൊപ്പമാണ് അനന്ദു നാട്ടിലേക്ക് വന്നത്. അച്ഛന് വിജയനും കട്ടപ്പനയിലെ ലോട്ടറി ഏജന്‍സിയില്‍നിന്ന് ടിക്കറ്റ് എടുത്തിരുന്നു.
വീടുവെക്കണം, പഠനം തുടരണം
അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട് അനന്ദുവിന്റെ വീടിന്. നല്ലൊരു മഴ പെയ്താല്‍ തകര്‍ന്നുവീഴുമോയെന്ന ഭയമുണ്ട്. വിജയന് പലതവണ വീട് പുതുക്കിപ്പണിയാന്‍ ശ്രമിച്ചിരുന്നെങ്കിലും സാമ്പത്തിക പരാധീനതകള്‍ കാരണം നടന്നില്ല. ലൈഫ് മിഷന് പദ്ധതിക്കായി ശ്രമിച്ചെങ്കിലും ഭൂമിസംബന്ധമായ പ്രശ്നം വില്ലനായി.
'ഇനി വീട് പുതുക്കിപ്പണിയണം. കുടിവെള്ളപ്രശ്നം പരിഹരിക്കണം'- അമ്മ സുമ പറയുന്നു.
സാമ്പത്തികപ്രയാസംമൂലം നിന്നുപോയ അനന്ദുവിന്റെ പഠനം തുടരണം. പാര്‍ട്ട് ടൈം ജോലി ചെയ്ത് പഠിക്കുന്ന അനുജന് അരവിന്ദിന്റെ ഉന്നതപഠനവും ലക്ഷ്യമാണ്.
Content Highlight: kerala onam bumper winner Ananthu Vijayan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..