കൊച്ചി: 'വിറ്റത് നാന്‍ താന്‍. ആനാല്‍, അത് യാരെന്ന് തെരിയാത്.' തനിക്കുനേരെ തിരിഞ്ഞ ക്യാമറകളെ പകപ്പോടെ നോക്കി അളഗര്‍സ്വാമി പറഞ്ഞു. ഇത്തവണത്തെ ഓണം ബമ്പര്‍ ഒന്നാം സമ്മാനം നേടിയ TB173964 എന്ന ടിക്കറ്റ് വിറ്റത് അളഗര്‍സ്വാമിയാണ്. എന്നാല്‍, ആരാണ് ടിക്കറ്റെടുത്തതെന്ന് ഈ അറുപത്തെട്ടുകാരന് ഓര്‍മയില്ല.

കൊച്ചി കടവന്ത്രയില്‍ തട്ടടിച്ചാണ് അളഗര്‍സ്വാമി ലോട്ടറി വില്‍പന നടത്തുന്നത്. യാത്രക്കാരാണ് കൂടുതലും ടിക്കറ്റ് എടുക്കുന്നത് എന്നതിനാല്‍ ആളെ ഓര്‍ക്കുക എളുപ്പമല്ലെന്ന് സമീപത്ത് കച്ചവടം നടത്തുന്ന മറ്റുള്ളവരും പറയുന്നു. അളഗര്‍സ്വാമി കൈമലര്‍ത്തിയതോടെ ഓണം ബമ്പര്‍ ഭാഗ്യവാനെ തേടിയുള്ള അന്വേഷണം തുടരുകയാണ്.

പത്തുവര്‍ഷത്തിലേറെയായി അളഗര്‍സ്വാമി ലോട്ടറി വില്‍പന നടത്തുന്നു. ചെറുസംഖ്യകളല്ലാതെ ഇത്രയും വലിയ തുക ഇദ്ദേഹം വിറ്റ ടിക്കറ്റിന് ലഭിക്കുന്നത് ആദ്യമായാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പേ തമിഴ്‌നാട് ഡിണ്ടിഗലില്‍ നിന്ന് ജോലി തേടി കേരളത്തില്‍ എത്തിയതാണ് ഇദ്ദേഹം. പറമ്പിലും മറ്റും പണിയെടുത്തായിരുന്നു ഉപജീവനം. ഒടുവില്‍ കായികാധ്വാനത്തിന് വയ്യാതായപ്പോള്‍ ലോട്ടറി വില്‍പനയിലേക്ക് തിരിയുകയായിരുന്നു.

വിഘ്‌നേശ്വരയില്‍ മൂന്നു സമ്മാനങ്ങള്‍

എറണാകുളം കച്ചേരിപ്പടിയിലുള്ള വിഘ്‌നേശ്വര ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് അളഗര്‍സ്വാമി ടിക്കറ്റെടുക്കുന്നത്. ഒന്നാം സമ്മാനവും നാലാം സമ്മാനമായ അഞ്ചുലക്ഷം രൂപയുടെ രണ്ടു ടിക്കറ്റുകളും ഈ ഏജന്‍സിയില്‍ നിന്നാണ് വിറ്റുപോയത്. അളഗര്‍സ്വാമി വര്‍ഷങ്ങളായി ഇവിടെ നിന്നാണ് ടിക്കറ്റെടുക്കുന്നതെന്നും അദ്ദേഹത്തിന്റെ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും ഏജന്‍സി ഉടമ അജേഷ് കുമാര്‍ പറഞ്ഞു.

'മുമ്പ് ഓണം ബമ്പര്‍ രണ്ടാം സമ്മാനം ഇവിടെ ലഭിച്ചിട്ടുണ്ട്. ഒന്നാം സമ്മാനം ലഭിക്കുന്നത് ആദ്യമായാണ്. ഒരാള്‍ക്ക് ഭാഗ്യം കൊണ്ടുവരുന്നതിന് നിമിത്തമായതില്‍ ഏറെ സന്തോഷമുണ്ട്. അളഗര്‍സ്വാമി വിറ്റ ടിക്കറ്റിനാണ് സമ്മാനമെന്നത് സന്തോഷം ഇരട്ടിയാക്കുന്നു. സമ്മാനത്തിലൂടെ ലഭിക്കുന്ന കമ്മിഷന്‍ തുക അദ്ദേഹത്തിനും വലിയ ആശ്വാസമാകും' -അജേഷ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

Content Highlights; Kerala Onam Bumper: first prize awarded for the ticket sold by Algarswami