തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് മൂന്ന് ജില്ലകളില്‍ മാത്രമാണ് ഓറഞ്ച് ജാഗ്രതയുള്ളത്. കേന്ദ്ര കാലവസ്ഥാ നിരീക്ഷണ വകുപ്പ് നേരത്തെ പ്രഖ്യാപിച്ച 11 ജില്ലകളിലെ ഓറഞ്ച് ജാഗ്രത മൂന്ന് ജില്ലകള്‍ മാത്രമായി ചുരുക്കുകയായിരുന്നു.

കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഇന്ന് അതിശക്തമായ മഴക്ക് സാധ്യതയുള്ളത്. എട്ട് ജില്ലകളിലാണ് ഇന്ന് മഞ്ഞ ജാഗ്രത പുതുക്കി പ്രഖ്യാപിച്ചിട്ടുള്ളത്. ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഴ മുന്നറിയിപ്പില്ല. 

വ്യാഴാഴ്ച 12 ജില്ലകളില്‍ പ്രഖ്യാപിച്ച ഓറഞ്ച് ജാഗ്രതയും പിന്‍വലിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം എന്നീ ജില്ലകളില്‍ മഞ്ഞ ജാഗ്രതയാണുള്ളത്. മറ്റിടങ്ങളില്‍ മഴ മുന്നറിയിപ്പില്ല. നാളെ ഒരു ജില്ലയിലും അതിശക്തമായ മഴക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. 

 കിഴക്കന്‍ കാറ്റിന്റെ സ്വാധീനം മൂലം കേരളമുള്‍പ്പെടെയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ ഒക്ടോബര്‍ 20 മുതല്‍ രണ്ടു മൂന്ന് ദിവസത്തേക്ക് വ്യാപകമായ മഴയ്ക്കും മലയോര ജില്ലകളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതനുസരിച്ചുള്ള അലര്‍ട്ടുകളാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഇക്കാര്യം മുന്‍കൂട്ടി കണ്ടാണ് ഡാമുകളിലെ ജലം നിയന്ത്രിത അളവുകളില്‍ തുറന്നുവിട്ടത്.