തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കര്‍ഷക നിയമങ്ങള്‍ക്കെതിരായ പ്രമേയം നിയമസഭ പാസാക്കി. പ്രത്യേക സമ്മേളനം ചേര്‍ന്നാണ് പ്രമേയം ശബ്ദ വോട്ടോടെ സഭ പാസാക്കിയത്. ബിജെപി അംഗം ഒ രാജഗോപാല്‍ മാത്രമാണ് പ്രമേയത്തിലെ ചില പരാമര്‍ശങ്ങളെ എതിര്‍ത്ത്‌ സംസാരിച്ചത്‌. പക്ഷേ അദ്ദേഹം വോട്ടെടുപ്പില്‍ എതിര്‍ത്തില്ല. അതിനാല്‍ ഐകകണ്‌ഠ്യേനയാണ്‌ പ്രമേയം പാസാക്കിയത്‌.

ഡല്‍ഹിയില്‍ കര്‍ഷക സമരം ശക്തമായ പശ്ചാത്തലത്തില്‍  കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ നല്‍കാനാണ് സമ്മേളനം ചേര്‍ന്നത്. 

പ്രമേയാവതരണ ചര്‍ച്ചയ്ക്ക് മറുപടി പറയവേ ഗവര്‍ണറുടെ അധികാരം ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ ഉപദേശത്തിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥനാണ് ഗവര്‍ണര്‍. ഗവര്‍ണറെന്ന നിലയ്ക്കുള്ള ഉത്തരവാദിത്വം നിര്‍വഹിക്കുന്നതിന് എല്ലാ പിന്തുണയും നല്‍കാന്‍ സര്‍ക്കാരും ബാധ്യസ്ഥമാണ്. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ മാത്രമാണ് ഗവര്‍ണര്‍ക്ക് വിവേചനാധികാരമുള്ളത്. ഭൂരിപക്ഷമുള്ള സര്‍ക്കാരിന്റെ ശുപാര്‍ശയില്‍ ഗവര്‍ണര്‍ക്ക് വിവേചനാധികാരമില്ല. സര്‍ക്കാരിന്റെ നിലപാട് ഗവര്‍ണറെ അറിയിച്ചിരുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചപ്പോള്‍ പ്രതിഷേധിച്ചില്ലെന്ന കെ.സി. ജോസഫിന്റെ വിമര്‍ശനത്തിനും മുഖ്യമന്ത്രി മറുപടി നല്‍കി. ഗവര്‍ണറെ രാജ്ഭവനില്‍ പോയി കാണുന്നതിന് ഒരു അസാംഗത്യവുമില്ല. ഗവര്‍ണര്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കുന്നത് ഭരണഘടനാപരമായ കടമയാണ്. അതിനെ കാലുപിടിത്തമായി ചിത്രീകരിക്കേണ്ടതില്ല.  പ്രതിപക്ഷം ഉന്നയിച്ച ഒരു ഭേദഗതി മുഖ്യമന്ത്രി അംഗീകരിച്ചു. മറ്റു ഭേദഗതികള്‍ തള്ളിയാണ്‌ പ്രമേയം പാസ്സാക്കിയത്.

കര്‍ഷക പ്രക്ഷോഭം ഇനിയും തുടര്‍ന്നാല്‍ കേരളത്തെ സാരമായി ബാധിക്കുമെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു. കാര്‍ഷിക നിയമഭേദഗതി റദ്ദാക്കണം എന്ന് പ്രമേയത്തിലൂടെ കേരളം കേന്ദ്രത്തോട് ആവശ്യപ്പെടുന്നു. 

ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലേക്ക് ഭക്ഷ്യവസ്തുക്കളുടെ വരവ് നിലച്ചാല്‍ കേരളം പട്ടിണിയിലാകും. തിരക്കിട്ടും കൂടിയാലോചനകള്‍ ഇല്ലാതെയും കര്‍ഷകരുടെ അഭിപ്രായം തേടാതെയുമാണ് കേന്ദ്ര സര്‍ക്കാര്‍ നിയമം പാസാക്കിയത്. നിയമ ഭേദഗതി കോര്‍പ്പറേറ്റ് അനുകൂലവും കര്‍ഷ വിരുദ്ധവുമാണ്. 

സംഭരണത്തില്‍ നിന്നും വിതരണത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറിയില്‍ വിപണിയില്‍ പൂഴ്ത്തിവയ്പും കരിഞ്ചന്തയും ഉണ്ടാകുമെന്നും അവശ്യസാധന നിയമത്തിലെ വ്യവസ്ഥയില്‍ നിന്ന് ഭക്ഷ്യധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍ എന്നിവ അടക്കമുള്ള ഒഴിവാക്കിയത് സ്ഥിതി കൂടുതല്‍ വഷളാക്കുമെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഭക്ഷ്യ സുരക്ഷ അപകടത്തിലാക്കുന്ന നിയമം റദ്ദാക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.

നിയമത്തിനെതിരായ സംസ്ഥാനത്തിന്റെ നിലപാട് വ്യക്തമാക്കാനും പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുമാണ് പ്രമേയം. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും കൂടും. കര്‍ഷകര്‍ക്കെതിരായ മൂന്ന് വിവാദ നിയമങ്ങളും റദ്ദാക്കണം. താങ്ങുവില വളരെ പ്രാധാന്യമുള്ളതാണ്.  പുതിയ കാര്‍ഷിക നിയമം കേരളത്തെ സാരമായി ബാധിക്കുന്ന ഒന്നാണ്. ഭക്ഷ്യസുരക്ഷ അപകടത്തിലാക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റേത്. മുഖ്യമന്ത്രി വ്യക്തമാക്കി. 

 മുഖ്യമന്ത്രിയുടെ പ്രമേയത്തെ അനുകൂലിച്ച് പ്രതിപക്ഷത്ത് നിന്ന്  കെ.സി ജോസഫ് സംസാരിച്ചു. 

കര്‍ഷക പ്രക്ഷോഭം ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള പ്രശ്‌നമാക്കി തീര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രമേയത്തെ പിന്തുണച്ച് സംസാരിക്കവേ മാണി സി കാപ്പന്‍  ആരോപിച്ചു. 

കേന്ദ്ര നിയമം കര്‍ഷക താത്പര്യത്തിന് യോജിച്ചതാണെന്നും സിപിഎം പ്രമേയത്തിലൂടെ ആവശ്യപ്പെട്ട നിയമമാണിതെന്നും  പ്രമേയത്തെ എതിര്‍ത്ത് സംസാരിക്കവേ ഒ. രാജഗോപാല്‍ പറഞ്ഞു.

പാര്‍ലമെന്ററി സംവിധാനങ്ങളെ നോക്കുകുത്തിയാക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റെതെന്ന് പ്രമേയത്തെ അനുകൂലിച്ച് സംസാരിക്കവേ അനൂപ് ജേക്കബ്  കുറ്റപ്പെടുത്തി.

Content Highlight: Kerala Niyamasabha special session against Farm Law