സഭ ബഹിഷ്കരിച്ച പ്രതിപക്ഷ എംഎൽഎമാർ സഭയ്ക്ക് പുറത്ത് പ്രതിഷേധിക്കുന്നു
തിരുവനന്തപുരം: കെ.കെ. രമയ്‌ക്കെതിരായ എം.എം. മണിയുടെ 'വിധവ' പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ പ്രക്ഷുബ്ധമായി നിയമസഭ. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എം.എം. മണി, പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. ചോദ്യോത്തരവേളയില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ പ്ലക്കാര്‍ഡുകളുമായി സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു.
'വിധിയല്ല, അത് പാര്‍ട്ടി കോടതി വിധിച്ചതാണ്', 'ടിപിയെ കൊന്നുതള്ളിയിട്ടും സിപിഎമ്മിന് പക അടങ്ങുന്നില്ല', 'കൊല്ലാം തോല്‍പ്പിക്കാനാകില്ല' തുടങ്ങിയ പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.
ചന്ദ്രശേഖരന്‍ കൊലചെയ്യപ്പെട്ടത് പാര്‍ട്ടി കോടതിയുടെ വിധിയാണെന്ന് വി.ഡി സതീശന്‍ പറഞ്ഞു. അത് വിധിച്ച ജഡ്ജ് ആരാണെന്ന് എന്നെക്കൊണ്ട് പറയിപ്പിക്കരുത്. ടിപി ചന്ദ്രശേഖരന്റെ വിധവയെ സഭയില്‍ അവഹേളിച്ച എംഎം മണി പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണം. സ്ത്രീവിരുദ്ധ പരാമര്‍ശമാണ് അദ്ദേഹം നടത്തിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അതേസമയം, സിപിഎമ്മിനും ഇടതുപക്ഷത്തിനും വധത്തില്‍ ഉത്തരവാദിത്വമില്ലെന്നാണ് എംഎം മണി പറഞ്ഞതെന്ന് പി. രാജീവ് ന്യായീകരിച്ചു.
ചോദ്യോത്തരവേളയുമായി മുന്നോട്ടുപോകാന്‍ സഹകരിക്കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം സമ്മതിച്ചില്ല. പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറഞ്ഞതിന് ശേഷമേ തുടങ്ങാവൂ എന്നും പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. എന്നാല്‍ പ്രത്യക്ഷത്തില്‍ അണ്‍പാര്‍ലമെന്ററി ആയ പ്രസ്താവന ഇല്ലാത്തതിനാല്‍ വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. ഇതോടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് പുറത്തുപോയി. ചോദ്യോത്തരവേള റദ്ദാക്കിയതായി സ്പീക്കര്‍ അറിയിച്ചു. തുടർന്ന് സഭ പിരിഞ്ഞു.
വ്യാഴാഴ്ച നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കിടെയാണ് കെ.കെ. രമയ്‌ക്കെതിരേ എം.എം. മണിയുടെ പരാമര്‍ശം ഉണ്ടായത്. ''ഒരു മഹതി ഇപ്പോള്‍ പ്രസംഗിച്ചു; മുഖ്യമന്ത്രിക്ക് എതിരേ, എല്‍.ഡി.എഫ്. സര്‍ക്കാരിന് എതിരേ, ഞാന്‍ പറയാം ആ മഹതി വിധവയായിപ്പോയി, അത് അവരുടേതായ വിധി, അതിനു ഞങ്ങളാരും ഉത്തരവാദികളല്ല'' -എം.എം. മണിയുടെ ഈ പരാമര്‍ശത്തോടെ സഭയില്‍ ബഹളമാരംഭിച്ചു. താന്‍ ആരെയും അപമാനിച്ചിട്ടില്ലെന്നും തന്റെ വീക്ഷണത്തില്‍ തോന്നിയകാര്യമാണ് പരാമര്‍ശിച്ചതെന്നും മണി പിന്നീട് വിശദീകരിച്ചു.
Content Highlights: Kerala Niyamasabha; opposition's protest over MM Mani's controversial remarks
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..