തിരുവനന്തപുരം: ജനങ്ങള്‍ക്ക് മാതൃകയാകേണ്ട ജനപ്രതിനിധികളെ ജാഗ്രതയുടെ കാര്യം ഓര്‍മിപ്പിച്ച് സ്പീക്കര്‍ എം.ബി. രാജേഷ്. മാസ്‌ക് ധരിക്കാതെ സഭയില്‍ സംസാരിച്ച എംഎല്‍എമാരെ സ്പീക്കര്‍ ഉപദേശിച്ചു. പൊതുജനത്തിന് മാതൃകയാകേണ്ടവര്‍ പ്രോട്ടോക്കോള്‍ ലംഘിക്കരുതെന്ന് സ്പീക്കര്‍ പറഞ്ഞു. നിരവധി എംഎല്‍എമാരാണ് മാസ്‌ക് ശരിയായി ധരിക്കാതെ സഭാസമ്മേളത്തില്‍ പങ്കെടുത്തത്. 

പതിനഞ്ചാം കേരള നിയമസഭാ സമ്മേളനം പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണെന്നാണ് വെപ്പ്. പക്ഷേ, നിയമസഭയില്‍ മാസ്‌ക് അഴിക്കുന്നതില്‍ ഭരണ- പ്രതിപക്ഷ ഐക്യം പ്രകടമായിരുന്നു. നേരത്തെ, പ്രസംഗിക്കുന്നതിനിടയില്‍ മാസ്‌ക് ശരിയായി ധരിക്കാന്‍ പി.കെ. ബഷീറിനോട് ഭരണപക്ഷത്തുനിന്ന് ഓര്‍മിപ്പിച്ചപ്പോള്‍, മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തുമ്പോള്‍ തന്നെ മാസ്‌ക് താഴ്ത്തിയാ വയ്ക്കുന്നേ.. അപ്പോഴാ.. എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഇന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോട് സ്പീക്കര്‍ മാസ്‌കിന്റെ പ്രധാന്യം ഓര്‍മിപ്പിച്ചു. ശ്വസിക്കാന്‍ പ്രശ്‌നമുള്ളതിനാലാണ് മാസ്‌ക് മാറ്റിവെച്ചതെന്നും രണ്ട് പ്രാവശ്യം കോവിഡ് വന്നയാളാണെന്നും അദ്ദേഹം മറുപടി നല്‍കി. തുടര്‍ന്ന് മാസ്‌ക് ധരിച്ചാണ് അദ്ദേഹം പ്രസംഗം തുടര്‍ന്നത്. തൊട്ട് പിന്നാലെ ശ്രദ്ധ ക്ഷണിക്കല്‍ അവതരിപ്പിച്ച സി.എച്ച്. കുഞ്ഞമ്പുവിനും മാസ്‌കിന്റെ കാര്യത്തില്‍ ശ്രദ്ധയുണ്ടായിരുന്നില്ല. 

അവസാനം എല്ലാ അംഗങ്ങളേയു മാസ്‌കിന്റെ പ്രധാന്യം സ്പീക്കര്‍ ഓര്‍മിപ്പിച്ചു. അംഗങ്ങള്‍ പലരും സഭയില്‍ മാസ്‌ക് താഴ്തിവെച്ച് ചര്‍ച്ചചെയ്തത് ഒരുപാട് പേര്‍ ശ്രദ്ധയില്‍പ്പെടുത്തുകയുണ്ടായെന്നും സഭാ നടപടിക്രമങ്ങള്‍ ആളുകള്‍ വീക്ഷിക്കുന്നുണ്ടെന്നും സ്പീക്കര്‍ എം.ബി. രാജേഷ് സഭാംഗങ്ങളെ ഓര്‍മിപ്പിച്ചു. 

Content Highlights: Kerala niyamasabha, face mask, m b rajesh