തിരുവനന്തപുരം: കേരളം ഇപ്പോൾ കോവിഡ് സമൂഹ വ്യാപനഘട്ടത്തിലേക്ക് എത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി. എന്നാൽ ആ രീതിയിലേക്ക് പോവാൻ സാധ്യതയുള്ള ഒരു രോഗമാണ് കോവിഡ്. ആവശ്യമായ നിയന്ത്രണങ്ങൾ പാലിച്ചുപോയില്ലെങ്കിൽ അത് ഏത് ഘട്ടത്തിലും സമൂഹവ്യാപനത്തിലേക്ക് എത്താം. ഇപ്പോൾ നമ്മൾ സമൂഹവ്യാപനത്തിന്റെ വക്കിൽ നിൽക്കുന്നു എന്ന് വേണമെങ്കിൽ പറയാമെന്നും മുഖ്യന്ത്രി പറഞ്ഞു.

ഓരോ പ്രദേശത്ത് നിന്നും വരുന്നവരിൽ പലരും രോഗവാഹകരാവാം. അവർ കൃത്യമായി ക്വാറന്റൈൻ പാലിച്ചുപോകണം. നിർദേശങ്ങൾ അനുസരിക്കണം. റൂം ക്വാറന്റൈൻ നിർബന്ധം. അദ്ദേഹവുമായി ഇടപഴകുന്നത് ഒരാൾ മാത്രമായിരിക്കണം. അയാളും മുൻകരുതൽ സ്വീകരിക്കണം. അണുനശീകരണം നടത്തണം. മുൻകരുതൽ സ്വീകരിച്ചാൽ മാത്രമേ രോഗവ്യാപനം തടയാൻ സാധിക്കുകയുള്ളൂ.

സർക്കാരിനെ അറിയിക്കാതെ സംസ്ഥാനത്തേക്ക് വരുന്നവർ കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വരും. ഇത്തരക്കാർക്ക് 28 ദിവസം ക്വാറന്റൈൻ സ്വന്തം ചിലവിൽ നടത്തേണ്ടിവരും. വിദേശത്ത് നിന്നും വരുന്നവർക്ക് 7 ദിവസം ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ 7 ദിവസം ഹോം ക്വാറന്റൈൻ എന്നതാണ് ഇപ്പോൾ നടപ്പിലാക്കുന്നത്.

Content Highlights: Kerala nearing to covid 19 community spread, Serious scenario, says Chief Minister