മലപ്പുറം : ആറുവരി ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലും വിള്ളലും റോഡ് നിര്‍മാണത്തിന്റെ ശാസ്ത്രീയതയെക്കുറിച്ച് സംശയങ്ങളുണ്ടാക്കുന്നതായി വിദഗ്ധര്‍. വളരെ ഉയരത്തില്‍ മണ്ണിട്ടുനികത്തിയും ആഴത്തില്‍ മണ്ണെടുത്തുനീക്കിയുമാണ് പലയിടത്തും ഹൈവേ ഒരുക്കിയിട്ടുള്ളത്. ഇത്തരം നിര്‍മാണങ്ങള്‍ അതിവേഗം തീര്‍ക്കാനാകുന്നതല്ലെന്ന് എന്‍ജിനിയറിങ് വിദഗ്ധനായ വിശ്വപ്രഭ പറഞ്ഞു. അണക്കെട്ടുകളോ ഉയരംകൂടിയ കെട്ടിടങ്ങളോ ഒക്കെ നിര്‍മിക്കുന്നതിനു സമാനമായ രീതികള്‍ പലയിടത്തും വേണ്ടിവരും.

To advertise here,

ഉയരത്തില്‍ മതില്‍പോലെ അരികുകെട്ടി ഉയര്‍ത്തി മണ്ണിട്ടുനികത്തുന്ന എംബാങ്ക്മെന്റ്, ഉയര്‍ന്ന ഇടങ്ങള്‍ അരിഞ്ഞിറക്കി മണ്ണുനീക്കി ആഴമുണ്ടാക്കിയുള്ള റോഡ് നിര്‍മാണം, മണ്ണിട്ടുനികത്തല്‍, ജിയോ ടെക്‌നിക്കല്‍ സര്‍വേ തുടങ്ങിയ കാര്യങ്ങളില്‍ ശാസ്ത്രീയരീതികള്‍ പിന്തുടരുന്നില്ലെന്ന് ഗള്‍ഫില്‍ ഇരുപതുവര്‍ഷത്തോളമായി ഇന്‍ഫ്രാസ്ട്രക്ചര്‍ നിര്‍മാണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സി.പി. അലി അക്ബര്‍ പറഞ്ഞു.

പരിഗണിച്ചില്ല പുഴയും പാടവും

കേരളത്തില്‍ മിക്കയിടങ്ങളിലും പുഴകളും നീര്‍ച്ചാലുകളും വയലുകളും ഉള്ള ഇടങ്ങളിലൂടെയാണ് ഹൈവേ പോകുന്നത്. നീര്‍ച്ചാലുകളുടെയും പുഴകളുടെയും വയലുകളുടെയും സമീപത്ത് മണ്ണിന് കാര്യമായ ഉറപ്പുണ്ടാകില്ല. ഇത്തരം സ്ഥലങ്ങളില്‍ അടിത്തറ ഭദ്രമായി ഉറപ്പിക്കാതെ മണ്ണിട്ടുനികത്തിയാല്‍ വെള്ളം ഇറങ്ങി വിള്ളലുകളുണ്ടാകുക സ്വാഭാവികമാണ്.

വേങ്ങര ഭാഗത്ത് അന്‍പതോളം അടി ഉയരത്തിലാണ് മണ്ണിട്ടുനികത്തി ഹൈവേ പണിതത്. കടലുണ്ടിപ്പുഴയും കൂരിയാട് പാടശേഖരവും ഇതിനു തൊട്ടടുത്തുതന്നെയാണ്. ഈ പ്രദേശത്ത് മണ്ണിന് ഉറപ്പുണ്ടാകില്ല. അണക്കെട്ടുകളും മറ്റും ഉണ്ടാക്കുന്നതുപോലെ ഉറപ്പോടെയോ പൈലുകള്‍ താഴ്ത്തി ബലപ്പെടുത്തുന്നതുപോലെയോ അടിത്തറ ഉറപ്പിച്ചിട്ടു വേണമായിരുന്നു നിര്‍മാണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. താഴ്ന്ന ഇടങ്ങള്‍ മണ്ണിട്ടുനികത്തിയും കുന്നുകള്‍ അരിഞ്ഞിറക്കിയും ഹൈവേ നിര്‍മിച്ചിട്ടുള്ള ഇടങ്ങളിലെല്ലാം ഇത്തരം അപകടസാധ്യതകള്‍ മുന്‍കൂട്ടിക്കണ്ട് ബലപ്പെടുത്തണമെന്ന് വിദഗ്ധര്‍ പറയുന്നു.

ജിയോ ടെക്‌നിക്കല്‍ സര്‍വേയുടെ ആവശ്യകത

മേഖലയില്‍ ജിയോ ടെക്‌നിക്കല്‍ സര്‍വേ നടത്തിയശേഷമേ ഏതുതരത്തിലുള്ള നിര്‍മാണമാണ് യോജിക്കുകയെന്ന് നിശ്ചയിക്കാനാവൂ. മണ്ണിന്റെയും പാറയുടെയും ഭൂഗര്‍ഭ ഉറവകളുടെയും ഘടന മനസ്സിലാക്കുന്നത് ഈ സര്‍വേയിലൂടെയാണ്. മണ്ണിന്റെയും പാറയുടെയും ഘടന, തരവും ഗുണനിലവാരവും, സാന്ദ്രത, ശക്തിയും സ്ഥിരതയും, ബെയറിങ് കപ്പാസിറ്റി (അടിത്തറയെ താങ്ങാനുള്ള കഴിവ്), ഭൂഗര്‍ഭജലത്തിന്റെ സ്ഥിതി, ആഴം, മണ്ണിലൂടെ ഒഴുകാനുള്ള സാധ്യത, ഹൈഡ്രോസ്റ്റാറ്റിക് പ്രഷര്‍ തുടങ്ങി വിശദമായ വിവരശേഖരണവും അപഗ്രഥനവുമാണ് ഇതിലുള്ളത്. കൂരിയാട്ട് അതെത്രത്തോളം നടത്തിയിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും അലി അക്ബര്‍ പറയുന്നു. വെള്ളക്കെട്ടുണ്ടാവുന്ന ഇടങ്ങളിലെ നിര്‍മാണങ്ങള്‍ക്ക് ഹൈഡ്രോളജിസ്റ്റുകളുടെ സാങ്കേതികാനുമതിയും ആവശ്യമുണ്ട്.

ഉയരത്തില്‍ മണ്ണിട്ടുനികത്തുമ്പോള്‍ പാലിക്കേണ്ട ശാസ്ത്രീയ മാനദണ്ഡങ്ങള്‍ പലയിടത്തും പാലിച്ചിട്ടുണ്ടോയെന്നും സംശയമാണ്. നിലവിലുള്ള മണ്ണിന്റെയും നികത്താനായി കൊണ്ടുവന്നിടുന്ന മണ്ണിന്റെയും ഘടന ശാസ്ത്രീയമായി പരിശോധിക്കണം. നിലവിലുള്ള മണ്ണിന് അനുസൃതമായവിധത്തില്‍ മണ്ണിന് ശാസ്ത്രീയപരിചരണം നല്‍കണം. മണ്ണിന്റെ പ്ലാസ്റ്റിസിറ്റി, ജലാംശം ഉള്‍ക്കൊള്ളാനുള്ള കഴിവ്, പശിമ തുടങ്ങിയ ഘടകങ്ങള്‍ ക്രമപ്പെടുത്തിയശേഷം ചെറിയ ചെറിയ പാളികളായി മണ്ണുനിരത്തി ഉറപ്പിച്ച് ക്രമത്തില്‍ വേണം ഉയര്‍ത്തിയെടുക്കാന്‍. ചെറിയപാളികളായി മണ്ണിട്ടുറപ്പിച്ച് ക്രമേണ ഉയര്‍ത്തിക്കൊണ്ടുവരുന്ന രീതിക്കു (പാളിതിരിച്ചുള്ള കോംപാക്ഷന്‍) പകരം വന്‍തോതില്‍ മണ്ണടിച്ചുനികത്തുകയാണ് (ബള്‍ക്ക് ഡമ്പിങ്) ഹൈവേ നിര്‍മാണത്തില്‍ ചെയ്തിട്ടുള്ളത്. മൂന്നോ നാലോ അടി ഉയരത്തില്‍ മണ്ണടിച്ചശേഷം നിരത്തി റോളര്‍കൊണ്ട് ഉറപ്പിച്ചാലും വെള്ളമിറങ്ങുമ്പോള്‍ മണ്ണിന് ഇളക്കമുണ്ടാകും. വിള്ളലുകള്‍ രൂപപ്പെടുമെന്നും അലി അക്ബര്‍ ചൂണ്ടിക്കാട്ടുന്നു.

റോഡില്‍ബ്രേക്കില്ലാതെ ആശങ്കകള്‍

തിരൂരങ്ങാടി: കഴിഞ്ഞ ദിവസംവരെ വാഹനങ്ങള്‍ ചീറിപ്പാഞ്ഞിരുന്ന പുതിയ ആറുവരി ദേശീയപാതയില്‍ ചൊവ്വാഴ്ച ഗതാഗതത്തിന് വേഗം കുറഞ്ഞു. കൂരിയാട്ട് പാത ഇടിഞ്ഞുണ്ടായ അപകടവും ശക്തമായ മഴ തുടര്‍ന്നതുമാണ് ഡ്രൈവര്‍മാരിലും യാത്രക്കാരിലും ആശങ്കയുണ്ടാക്കിയത്. ചൊവ്വാഴ്ച രാവിലെത്തന്നെ തലപ്പാറയിലും വിള്ളലുണ്ടായെന്ന വാര്‍ത്ത പരന്നതോടെ അപകടഭയത്തിലായിരുന്നു പുതിയ പാത കടന്നുപോയത്.

മഴയ്ക്കിടെ പലയിടങ്ങളിലും വെള്ളക്കെട്ടുണ്ടാകുന്നതും റോഡിലേക്കുള്ള കാഴ്ച മങ്ങുന്നതും വാഹനങ്ങളുടെ വേഗം കുറച്ചിട്ടുണ്ട്. മണ്ണിട്ട് ഉയരത്തില്‍ പൊക്കിയുണ്ടാക്കിയ ഭാഗത്തും കുഴിയെടുത്ത് താഴ്ത്തിയുണ്ടാക്കിയ ഭാഗത്തും മണ്ണിടിച്ചില്‍ ഭീഷണിയുണ്ടെന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നത്. തെരുവുവിളക്കുകള്‍ പ്രവര്‍ത്തനം തുടങ്ങാത്തയിടങ്ങളില്‍ ശക്തമായ മഴയ്ക്കിടെ രാത്രിയിലെ ഡ്രൈവിങ്ങും ഏറെ ദുഷ്‌കരമായിട്ടുണ്ട്. ജില്ലയിലേക്കു പ്രവേശിക്കുന്ന ഇടിമുഴിക്കലിനു ശേഷം തലപ്പാറവരെയുള്ള ഭാഗങ്ങളില്‍ പുതിയപാതയുടെ ഘടനയിലും റോഡിന്റെ നിലത്തിനും വലിയ ആശങ്കയില്ലെന്ന വിലയിരുത്തലുണ്ട്. തലപ്പാറ മുതലുള്ള സ്ഥലങ്ങളിലാണ് വയല്‍പ്രദേശങ്ങള്‍ മണ്ണിട്ടുയര്‍ത്തി ആറുവരിപ്പാത നിര്‍മിച്ചിട്ടുള്ളത്. ഇവിടങ്ങളില്‍ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടതും മണ്ണിന് ഉറപ്പില്ലാത്തതും പ്രദേശവാസികള്‍ക്കെല്ലാം അറിയാവുന്ന കാര്യങ്ങളാണ്.

ഇത്തരം സ്ഥലങ്ങളില്‍ ശാസ്ത്രീയമായ നിര്‍മാണങ്ങള്‍ നടന്നില്ലെന്നും മഴ ശക്തമാകുന്നതോടെ ഇനിയും മണ്ണിടിച്ചിലുണ്ടാകുമെന്ന ആശങ്കയുമാണ് നാട്ടുകാര്‍ പങ്കുവെക്കുന്നത്. ആറുവരിപ്പാതയില്‍ മണ്ണിടിച്ചില്‍ ഉണ്ടാകുന്നതോടെ താഴെ രണ്ടുഭാഗത്തുമുള്ള സര്‍വീസ് റോഡിലും അപകടഭീഷണിയുണ്ട്. കൂരിയാട്ടെ അപകടത്തിലും സര്‍വീസ് റോഡ് തകര്‍ന്നിട്ടുണ്ട്. തലപ്പാറയില്‍ ചൊവ്വാഴ്ച വിള്ളലുണ്ടായ ഭാഗത്ത് ഗതാഗതം സര്‍വീസ് റോഡിലേക്കു തിരിച്ചുവിട്ടത് സുരക്ഷിതമല്ലെന്ന അഭിപ്രായവുമുയര്‍ന്നിട്ടുണ്ട്.

ആറുവരിപ്പാതയിലെ വെള്ളം വന്‍തോതില്‍ സര്‍വീസ് റോഡിലേക്ക് ഉയരത്തില്‍നിന്നും പൈപ്പുകളിലൂടെ താഴേക്കുചാടുന്ന സ്ഥിതിയാണുള്ളത്. സര്‍വീസ് റോഡിലെ വാഹനങ്ങള്‍ക്ക് വലിയ ഭീഷണിയാകുന്നതാണിത്. പിന്നീട് ഈ വെള്ളം റോഡരികിലെ പറമ്പിലും വീട്ടുവളപ്പിലും നിറഞ്ഞ് വലിയ വെള്ളക്കെട്ടാണുണ്ടാകുന്നത്. പുതിയപാതയിലെ വെള്ളം ഒഴുക്കിവിടാന്‍ ദേശീയപാത അതോറിറ്റി ശാസ്ത്രീയമായ നിര്‍മാണങ്ങളൊന്നും നടത്താതെ ജനങ്ങളെ ബുദ്ധിമുട്ടിച്ചെന്ന് തദ്ദേശസ്ഥാപന മേധാവികളും നാട്ടുകാരും പരാതി ഉയര്‍ത്തിയിട്ടുണ്ട്.

വട്ടപ്പാറയില്‍ അപകടസാധ്യതഇല്ലെന്ന് ദേശീയപാതാവിഭാഗം

വളാഞ്ചേരി: ദേശീയപാത 66-ല്‍ ആഴത്തില്‍ പാറവെട്ടി പാത നിര്‍മിച്ച വട്ടപ്പാറ മേഖലയില്‍ അപകടസാധ്യത ഉണ്ടാകാനിടയില്ലെന്ന് വിലയിരുത്തല്‍. കഞ്ഞിപ്പുര ഭാഗത്തുനിന്നുവരുന്ന പാത എസ്എന്‍ഡിപി യൂണിയന്‍ ഓഫീസിനു സമീപത്തുനിന്നാണ് സംസ്ഥാനത്തെതന്നെ ഏറ്റവും വലിയ വയഡക്ടിനു മുകളിലേക്കു പ്രവേശിക്കുന്നത്. പഴയ സിഐ ഓഫീസ് പരിസരവും സാമൂഹിക വനവത്കരണത്തിന്റെ ഭാഗമായി അക്കേഷ്യാമരങ്ങള്‍ നട്ടുവളര്‍ത്തിയ വട്ടപ്പാറ കുന്നിന്റെ ഏതാനും ഭാഗവുമാണ് ഇവിടെ റോഡ് നിര്‍മാണത്തിന് ഉപയോഗപ്പെടുത്തിയത്.

ഇവിടെ 45 മീറ്ററിനേക്കാള്‍ കൂടുതല്‍ ഭൂമി ഉപയോഗപ്പെടുത്താന്‍ ദേശീയപാത അതോറിറ്റിക്ക് സാധിച്ചു. അതോടൊപ്പം റോഡിന്റെ ഇരുഭാഗത്തും രണ്ടുതട്ടുകളായി അരിക് കെട്ടാന്‍കഴിഞ്ഞതും ഗുണകരമാണെന്ന് എന്‍എച്ച് വിഭാഗം ലെയ്‌സണ്‍ ഓഫീസര്‍ പി.പി.എം. അഷറഫ് പറഞ്ഞു. 

തലപ്പാറയിലും വിള്ളല്‍

തിരൂരങ്ങാടി: നിര്‍മാണം നടക്കുന്ന ആറുവരി ദേശീയപാതയിലെ തലപ്പാറയ്ക്കു സമീപം ചൊവ്വാഴ്ച രാവിലെ വിള്ളല്‍ കണ്ടെത്തിയത് ആശങ്കയുണര്‍ത്തി. ശക്തമായ മഴ തുടരുന്നതിനിടെയാണ് പ്രദേശവാസികള്‍ ചിത്രീകരിച്ച റോഡിലെ വിള്ളലിന്റെ വീഡിയോ പരന്നത്.

ഇതു സ്ഥിരീകരിക്കാന്‍ സമയമെടുത്തെങ്കിലും പിന്നീട് വിവരമറിഞ്ഞ് തിരൂരങ്ങാടി പോലീസും സ്ഥലത്തെത്തി. വിള്ളല്‍ സ്ഥിരീകരിച്ചതോടെ ഇതുവഴിയുള്ള ഗതാഗതം തിരിച്ചുവിട്ടു. തിങ്കളാഴ്ച പാത തകര്‍ന്ന കൂരിയാട്ടുനിന്ന് നാലുകിലോമീറ്റര്‍ അകലത്തില്‍ കോഴിക്കോട് റോഡില്‍ തലപ്പാറയിലാണ് വിള്ളല്‍ കണ്ടത്.

വലതുവശത്ത് തൃശ്ശൂര്‍ ഭാഗത്തേക്കുള്ള മൂന്നുവരിപ്പാതയിലാണ് വിള്ളല്‍ കണ്ടെത്തിയത്. തിരൂരങ്ങാടി പോലീസ് ഇന്‍സ്പെക്ടര്‍ ബി. പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി ഇതുവഴിയുള്ള ഗതാഗതം നിരോധിച്ച് സര്‍വീസ് റോഡിലൂടെ തിരിച്ചുവിട്ടു. ബുധനാഴ്ചയെത്തുന്ന വിദഗ്ധസംഘത്തിന്റെ പരിശോധനയ്ക്കുശേഷം തുടര്‍നടപടികളെടുക്കുമെന്നാണ് വിവരം.

തിരൂരങ്ങാടിയില്‍ തിരിച്ചിലോടു തിരിച്ചില്‍

തിരൂരങ്ങാടി: ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന തിരൂരങ്ങാടിക്കും ചെമ്മാട് ടൗണിനും ദുരിതം ഇരട്ടിപ്പിച്ചാണ് ദേശീയപാതയിലെ കൂരിയാട്ട് അപകടമുണ്ടായത്. ദേശീയപാത അടച്ചതോടെ വാഹനങ്ങളെല്ലാം കക്കാട്, തിരൂരങ്ങാടി, പനമ്പുഴ, മമ്പുറം, വികെ. പടി, ചെമ്മാട് തുടങ്ങിയ വഴികളിലൂടെയാണ് തിരിച്ചുവിട്ടിരിക്കുന്നത്. കണ്ടെയ്നര്‍ ലോറികളും ദീര്‍ഘദൂര ബസുകളടക്കമുള്ളവയും ഇതുവഴി വന്നതോടെ ഏറെനേരം വലിയ ഗതാഗതക്കുരുക്കാണ് ഈ ഭാഗങ്ങളിലുണ്ടാകുന്നത്.

വീതികുറഞ്ഞ ജങ്ഷനുകളില്‍ വലിയ വാഹനങ്ങള്‍ തിരിഞ്ഞുപോകുന്നതും വലിയ പ്രയാസങ്ങളുണ്ടാക്കുന്നുണ്ട്. റോഡില്‍ ദിശാബോര്‍ഡുകള്‍ കാണാതാകുന്നതോടെ വഴിതെറ്റുന്നവരും റോഡില്‍ കുടുങ്ങുന്നവരുമുണ്ട്. പോലീസും സന്നദ്ധപ്രവര്‍ത്തകരും ജങ്ഷനുകളില്‍ ഗതാഗതം നിയന്ത്രിക്കാനെത്തുന്നുണ്ടെങ്കിലും വാഹനത്തിരക്കിലാണ് തിരൂരങ്ങാടി. റോഡില്‍ പോലീസിന്റെ സാന്നിധ്യം കുറവുള്ളതായി ആക്ഷേപങ്ങളുയര്‍ന്നിട്ടുണ്ട്. ദേശീയപാതയിലെ ഗതാഗതനിയന്ത്രണത്തിനും സ്റ്റേഷനിലെ മറ്റുകാര്യങ്ങള്‍ക്കുമായി പോലീസുകാര്‍ ഡ്യൂട്ടിയിലാകുന്നതോടെ ഗതാഗത നിയന്ത്രണത്തിന് കൂടുതല്‍ പോലീസുകാരെ നിയമിക്കാനാകാതെ പോലീസും പ്രതിസന്ധിയിലായി. ബുധനാഴ്ച വിദഗ്ധസംഘം പരിശോധന നടത്തിയതിനുശേഷം കൂരിയാട്ടെ റോഡിന്റെ പുനര്‍നിര്‍മാണം നിശ്ചയിക്കുന്നതിന് അനുസരിച്ചായിരിക്കും വാഹനങ്ങള്‍ തിരൂരങ്ങാടിവഴി തിരിച്ചുവിട്ടതില്‍ അന്തിമതീരുമാനം ഉണ്ടാകുകയെന്നാണ് കരുതുന്നത്.