തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5,04,755 പേര്‍ക്ക് വാക്സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 3,41,753 പേര്‍ക്ക് ഒന്നാം ഡോസും 1,63,002 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. ഏറ്റവും അധികം പേര്‍ക്ക് പ്രതിദിനം വാക്സിന്‍ നല്‍കിയ ദിവസമാണ് ഇന്ന്. ഈ മാസം 24ന് 4.91 ലക്ഷം പേര്‍ക്ക് വാക്സിന്‍ നല്‍കിയിരുന്നു. സംസ്ഥാനത്ത് കൂടുതല്‍ വാക്സിന്‍ ലഭ്യമായാല്‍ ഇതുപോലെ ഉയര്‍ന്ന തോതില്‍ വാക്സിനേഷന്‍ നല്‍കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തിന് 2.45 ലക്ഷം ഡോസ് വാക്സിന്‍ കൂടി ലഭിച്ചെന്നും മന്ത്രി വ്യക്തമാക്കി. എറണാകുളത്ത് രണ്ട് ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്സിനും തിരുവനന്തപുരത്ത് 45,000 ഡോസ് കോവാക്സിനുമാണ് ലഭിച്ചത്. സുഗമമായ വാക്സിനേഷന് എത്രയും വേഗം കൂടുതല്‍ വാക്സിന്‍ ലഭിക്കേണ്ടത് ആവശ്യമാണ്.

ഇന്ന് 1,753 വാക്സിനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്. സര്‍ക്കാര്‍ തലത്തില്‍ 1,498 കേന്ദ്രങ്ങളും സ്വകാര്യതലത്തില്‍ 255 കേന്ദ്രങ്ങളുമാണുണ്ടായിരുന്നത്. 99,802 പേര്‍ക്ക് വാക്സിന്‍ നല്‍കിയ തിരുവനന്തപുരം ജില്ലയാണ് മുമ്പില്‍. തൃശൂര്‍ ജില്ലയില്‍ 52,123 പേര്‍ക്ക് വാക്സിന്‍ നല്‍കി. എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ 40,000ലധികം പേര്‍ക്ക് വാക്സിന്‍ നല്‍കി.

സംസ്ഥാനത്ത് 1,38,07,878 പേര്‍ക്ക് ഒന്നാം ഡോസും 59,68,549 പേര്‍ക്ക് രണ്ടാം ഡോസും ഉള്‍പ്പെടെ ആകെ 1,97,76,427 പേര്‍ക്കാണ് ഇതുവരെ വാക്സിന്‍ നല്‍കിയത്. കേരളത്തിലെ 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യയനുസരിച്ച് 39.3 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 17 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. ഇത് ദേശീയ ശരാശരിയേക്കാളും വളരെ കൂടുതലാണ്. മാത്രമല്ല രണ്ടാം ഡോസ് ലഭിച്ചവരുടെ ശതമാനം ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണെന്നും മന്ത്രി വ്യക്തമാക്കി.

Content Highlights: Kerala marked record vaccination on monday