തിരുവനന്തപുരം: അത്യാവശ്യഘട്ടങ്ങളിൽ യാത്ര ചെയ്യുന്നതിനുള്ള പോലീസിന്റെ ഇ-പാസിനായി ഇതുവരെ ലഭിച്ചത് 1,75,125 അപേക്ഷകൾ. ഞായറാഴ്ച വൈകിട്ട് ഏഴുമണി വരെയുള്ള കണക്കാണിത്. ഇതിൽ 15,761 പേർക്ക് പോലീസ് യാത്രാനുമതി നൽകി. 81,797 പേർക്ക് അനുമതി നിഷേധിച്ചു. 77,567 അപേക്ഷകൾ പരിഗണനയിലാണ്. 24 മണിക്കൂറും സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെ നിയോഗിച്ചാണ് അപേക്ഷകൾ തീർപ്പാക്കുന്നത്.

അതേസമയം, വളരെ അത്യാവശ്യഘട്ടങ്ങളിൽ യാത്ര ചെയ്യുന്നതിന് മാത്രമേ പോലീസിന്റെ ഓൺലൈൻ ഇ-പാസിന് അപേക്ഷിക്കാവൂവെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അഭ്യർത്ഥിച്ചു. ലോക്ക്ഡൗൺ നിയന്ത്രണങ്ങളും പരിശോധനകളും തിങ്കളാഴ്ച മുതൽ കൂടുതൽ ശക്തിപ്പെടുത്താനും പോലീസ് മേധാവി നിർദേശിച്ചിട്ടുണ്ട്.

അവശ്യവിഭാഗത്തിൽപ്പെട്ടവർക്ക് സാധുതയുള്ള തിരിച്ചറിയൽ കാർഡ് കൈവശമുണ്ടെങ്കിൽ വേറെ പാസിന്റെ ആവശ്യമില്ല. വീട്ടുജോലിക്കാർ, ഹോം നേഴ്സ് എന്നിവർ ഉൾപ്പെടെയുള്ള തൊഴിലാളികൾക്ക് വേണ്ടി തൊഴിലുടമയ്ക്ക് പാസിന് അപേക്ഷിക്കാം. മരുന്ന്, ഭക്ഷ്യവസ്തുക്കൾ വാങ്ങൽ മുതലായ വളരെ അത്യാവശ്യ കാര്യങ്ങൾക്ക് സത്യവാങ്മൂലം മതിയാകും. എന്നാൽ ഈ സൗകര്യം ദുരുപയോഗം ചെയ്താൽ കർശന നടപടി സ്വീകരിക്കും. അവശ്യവിഭാഗത്തിൽപ്പെട്ട സർക്കാർ ജീവനക്കാർ യാത്ര ചെയ്യുമ്പോൾ തിരിച്ചറിയൽ കാർഡ് കരുതണം.

Content Highlights:kerala lockdown 1.75 lakh applications for getting police e pass