തൃശ്ശൂര്‍:  സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം രാഷ്ട്രീയപ്രേരിതമായ നീക്കമല്ലെന്ന് മന്ത്രി എ.കെ. ബാലന്‍. വാര്‍ഡ് വിഭജനത്തില്‍ നിലവില്‍ വിവാദങ്ങളുടെ ആവശ്യമില്ലെന്നും ഇത് എല്‍ഡിഎഫിന് അനുകൂലമായ വിഭജനമാണെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും അദ്ദേഹം തൃശ്ശൂരില്‍ പറഞ്ഞു. 

ഇത് തികച്ചും ജനസംഖ്യാ ആനുപാതികമായ വിഭജനമാണ്. എല്‍ഡിഎഫിന് വേണ്ടിയുള്ള വിഭജനമല്ല. യുഡിഎഫിന്റെ കാലത്താണ് രാഷ്ട്രീയനേട്ടത്തിനായി വാര്‍ഡ് വിഭജനം നടത്തിയത്. അന്ന് വീട്ടിലെ കിടപ്പുമുറി പോലും വിഭജിച്ചു. വീട്ടിലെ കക്കൂസ് ഒരുഭാഗത്തും വീട് ഒരുഭാഗത്തുമായി- മന്ത്രി പറഞ്ഞു. 

യുഡിഎഫിന്റെ കാലത്ത് അവര്‍ക്ക് അനുകൂലമായി വാര്‍ഡുകള്‍ വിഭജിച്ചിട്ടും തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനായിരുന്നു വിജയമെന്നും മന്ത്രി ഓര്‍മിപ്പിച്ചു. അതേസമയം, ഗവര്‍ണറുമായുള്ള തര്‍ക്കത്തില്‍ നേരത്തെ രണ്ടുതവണ പ്രതികരിച്ചതാണെന്നും കൂടുതലായി ഒന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

Content Highlights: kerala local body ward delimitation; minister ak balan's response