രമേശ് ചെന്നിത്തല |ഫോട്ടോ:ശ്രീജിത്ത് പി.രാജ്. മാതൃഭൂമി
ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വമ്പിച്ച വിജയ പ്രതീക്ഷയാണ് ഉളളതെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കണ്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാരിന്റെ അന്ത്യം കുറിക്കുന്ന തിരഞ്ഞെടുപ്പായിരിക്കും ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളമൊട്ടാകെ ഈ അഴിമതി സർക്കാരിന് എതിരായി വിധി എഴുതാൻ പോകുന്ന സന്ദർഭമാണ്. മാത്രമല്ല ബിജെപിക്ക് കേരളത്തിൽ ഒരിഞ്ച് സ്ഥലം പോലും കേരള ജനത കൊടുക്കില്ല എന്നുകൂടി തെളിയിക്കപ്പെട്ട തിരഞ്ഞെടുപ്പായിരിക്കും ഇത്. ഈ രണ്ടുസർക്കാരിനും എതിരായി ജനങ്ങൾ അതിശക്തമായ വികാരം പ്രകടിപ്പിക്കാൻ പോകുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. യു.ഡിഎഫിലാണ് ജനങ്ങളുടെ പ്രതീക്ഷയുളളത്. അത് ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. യുഡിഎഫ് വൻവിജയം നേടുമെന്ന കാര്യത്തിൽ സംശയമില്ല. കേരളത്തിൽ അഴിമതി ചുരുളുകൾ ഓരോന്നായി അഴിയുകയാണ്.
സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട ഉന്നതൻ ആരാണെന്ന് വെളിപ്പെടുത്താൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഭരണഘടനാ സ്ഥാപനത്തിന് നേതൃത്വം കൊടുക്കുന്ന ഒരു വ്യക്തിയണെന്നാണ് പറഞ്ഞത്. അതാരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സ്വപ്നയും ശിവശങ്കറുമായും സ്വർണ കളളക്കടത്തുകേസുമായും ബന്ധപ്പെട്ട് പ്രവർത്തിച്ച ഉന്നത രാഷ്ട്രീയ നേതാവ് ആരാണെന്ന് വെളിപ്പെടുത്താൻ മുഖ്യമന്ത്രി തയ്യാറാകണം.
സർക്കാരിന്റെ അന്ത്യം കുറിക്കുന്ന തിരഞ്ഞെടുപ്പായിരിക്കുമെന്നതിൽ സംശയമില്ല. കേരളത്തിൽ ഭരണമാറ്റത്തിന്റെ തുടക്കമാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പ്. സർക്കാരിനെ കുറിച്ചുളള വിലയിരുത്തലാണ് ഈ തിരഞ്ഞെടുപ്പ്. അതുകൊണ്ടാണ് പ്രചാരണരംഗത്ത് നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഒളിച്ചോടിയത്. മുഖ്യമന്ത്രിയുടെ മുഖം കണ്ടാൽ ജനങ്ങൾ വോട്ട് ചെയ്യില്ല എന്നു കരുതിയാണ് അദ്ദേഹത്തെ പ്രചരണ രംഗത്ത് ഇറക്കാതിരുന്നത്. ഈ തദ്ദേശ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയാണ് എൽഡിഎഫിനെ നയിക്കേണ്ടത്. പക്ഷേ മുഖ്യമന്ത്രിയെ എവിടേയും കണ്ടില്ല. പരാജയം ഉറപ്പായതുകൊണ്ടാണ് മുഖ്യമന്ത്രി പ്രചാരണരംഗത്ത് നിന്ന് പിന്മാറിയതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights:Kerala Local Body Election 2020 Ramesh Chennithala expresses hope of success
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..