പ്രഭാവർമ,ജോർജ് ഓണക്കൂർ | Photo: Mathrubhumi
തിരുവനന്തപുരം: നിയമസഭാ രാജ്യാന്തര പുസ്തകോത്സവവേദിയിൽ എഴുത്തുകാരെ പ്രസംഗിക്കാൻ അനുവദിക്കാതെ അവഹേളിച്ചെന്ന് മുഖ്യമന്ത്രിക്കുമുന്നിൽ പരാതി. കവിയും മുഖ്യമന്ത്രിയുടെ മാധ്യമ സെക്രട്ടറിയുമായ പ്രഭാവർമ, എഴുത്തുകാരൻ ജോർജ് ഓണക്കൂർ എന്നിവരെ അവഹേളിച്ചെന്നാണ് പരാതി. ജില്ലാ ലൈബ്രറി കൗൺസിൽ അംഗവും സാംസ്കാരിക പ്രവർത്തകനുമായ എം. മഹേഷ് കുമാറാണ് പരാതിനൽകിയത്.
വെള്ളിയാഴ്ച നർത്തകി ചിത്രാ മോഹന്റെ ആത്മകഥാ പ്രകാശനച്ചടങ്ങിലായിരുന്നു സംഭവം. നിയമസഭാ സെക്രട്ടറിയുടെ നിർദേശപ്രകാരം പുസ്തകം പ്രകാശിപ്പിച്ച് ഫോട്ടോയെടുത്ത് വേദിവിടണം എന്ന് സംഘാടകർ മൈക്കിലൂടെ അനൗൺസ് ചെയ്തു. ഇതോടെ രണ്ട് എഴുത്തുകാരും പ്രതിഷേധവുമായെത്തി. പ്രഭാവർമയോട് സംഘാടകർ കയർത്തുസംസാരിച്ചതായും പരാതിയുയർന്നു. തുടർന്ന് ഇരുവരും വേദിവിട്ടിറങ്ങി. ഇത് തീർത്തും അവഹേളനമാണെന്ന് പ്രഭാവർമ പറഞ്ഞു.
സദസ്സിലുണ്ടായിരുന്നവരും പുസ്തകോത്സവത്തിനുള്ളവരും ഉദ്യോഗസ്ഥരുമായി വാക്കേറ്റവുമുണ്ടായി. ഇക്കാര്യം പരിശോധിക്കുമെന്ന സ്പീക്കറുടെ സെക്രട്ടറിയുടെ ഉറപ്പിലാണ് പ്രതിഷേധം അവസാനിച്ചത്.
പരിപാടികൾ വൈകുന്നതിനാലാണ് പ്രസംഗം വെട്ടിച്ചുരുക്കി പ്രകാശനം മാത്രമാക്കാൻ നിർദേശിച്ചതെന്ന് സംഘാടകർ അറിയിച്ചു. പുസ്തകോത്സവവേദിയിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നതെന്ന് ജോർജ് ഓണക്കൂർ പറഞ്ഞു. സ്പീക്കർ എ.എൻ. ഷംസീർ, ചീഫ് സെക്രട്ടറി, നിയമസഭാ സെക്രട്ടറി എന്നിവർക്കും പരാതിനൽകിയിട്ടുണ്ട്.
Content Highlights: kerala legislature international book festival george onakkoor prabha varma insulted
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..